ഈശോമിശിഹാ ഇസ്ലാമിക വീക്ഷണത്തിൽ
(പ്രൊഫ. സെബാസ്റ്റ്യൻ ആത്തപ്പിള്ളി, സി.എം.ഐ)
പ്രധാനപ്പെട്ട ഒരു ഏക ദൈവ വിശ്വാസമായിട്ടാണല്ലോ (monotheism) ഇസ്ലാം മതം അറിയപ്പെടുന്നതും അവകാശപ്പെടുന്നതും. അല്ലാഹു, (Allahu, Allah) അഥവാ അള്ളാഹു, (അള്ളാ) എന്നൊക്കെയുള്ള പദങ്ങൾ ദൈവത്തെപ്പറ്റി പറയുമ്പോൾ ഇസ്ലാം ഉപയോഗിക്കുന്നു. എന്നാൽ, ഈ പദം കൊണ്ടുദ്ദേശിക്കുന്നത് ദൈവം (God) എന്ന ഇംഗ്ലീഷിന്‍റെ അറബി പദമാണോ അതോ ഇസ്ലാമിന്‍റെ ദൈവത്തിന്‍റെ പേരാണോ എന്നതു ചർച്ചാ വിഷയമാണ്. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലായെന്നും മുഹമ്മദ് അവിടുത്തെ റസൂൾ (സന്ദേശ വാഹകൻ) അഥവാ പ്രവാചകൻ ആണെന്നുമുള്ള ആദ്യത്തെ “കലിമ” (വിശ്വാസ സ്തംഭം) അനുസരിച്ച് മനസ്സിലാകുന്നത്, അല്ലാഹു എന്നത് ദൈവത്തിന്‍റെ പേരാണെന്നാണ്. മറിച്ച്, ദൈവം എന്ന പദത്തിന്‍റെ അറബി വാക്കാണ് അതെങ്കിൽ ആദ്യത്തെ കലിമയുടെ അർത്ഥം “ദൈവമല്ലാതെ വേറൊരു ദൈവമില്ല” എന്നാകണം. അതിന്‍റെ യുക്തി സാമാന്യ ബുദ്ധിക്കു ചേർന്നതാണോ എന്ന ചോദ്യം നിലനില്ക്കുന്നു.
അറബി ഗോത്രത്തിലെ ഖുറേഷി (Qureshi) വർഗ്ഗക്കാരുടെ പല ദൈവങ്ങളിൽ അള്ളാഹു എന്നു പേരുള്ള ഒരു ദൈവം ഉണ്ടായിരുന്നുവെന്നും ആ ദൈവത്തെയാണു മുഹമ്മദു സ്രഷ്ടാവായും ഏക ദൈവമായും ഉയർത്തിയെടുത്തത് എന്ന വാദം അംഗീകരിക്കയാണെങ്കിൽ മേല്പറഞ്ഞ കലിമയുടെ അർത്ഥവും യുക്തിയും വ്യക്തമാണ്. താഴെ പറയും പോലെയാണ് ഈ ചിന്താഗതിയുടെ വിശദീകരണം. മെക്കായിലെ മസ്ജിദ് അൽ ഹറാം എന്ന മോസ്ക്കിൽ കറുത്തശില കൊണ്ടുള്ള ഒരു സമചതുര നിർമ്മിതിയുണ്ടു്. അതാണു കബാ (Kaaba) എന്നറിയപ്പെടുന്ന ആരാധന കേന്ദ്രം. അവിടെ മുഹമ്മദിനു മുമ്പു തന്നെ ഖുറേഷികൾ പല ദൈവങ്ങളെ ആരാധിച്ചിരുന്നു. ഇതു ചരിത്ര പണ്ഡിതന്മാർ സമ്മതിക്കുന്ന യാഥാർത്ഥ്യമാണുതാനും. അറേബ്യൻ മരുഭൂമികളിലെ നാടോടി (Bedouin) ഗോത്രമായിരുന്നു ഖുറേഷികൾ. അവർ ബഹുദൈവ വിശ്വാസികളാ യിരുന്നു. അവർ വണങ്ങിയിരുന്ന പല “ദൈവ”ങ്ങളിൽ/ ദേവതകളിൽ (ഉദാ: ഹുബാൾ, അൽ- ലാത്ത, അൽ- മനാത്ത, അൽ-ഉസ്സാ, etc.) ഒരു ദൈവം (Deity) ആയിരുന്നു അല്ലാഹു. ഈ അല്ലാഹുവിനെയാണ് പിന്നീടു് മുഹമ്മദ് ഏകദൈവമായി സ്വീകരിക്കുന്നത്. അങ്ങനെ മുഹമ്മദു കൊണ്ടുവന്ന ഇസ്ലാം മത പ്രകാരം അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലായെന്നും താൻ അവന്‍റെ പ്രവാചകൻ ആണെന്നും എല്ലാവരും അംഗീകരിക്കയുംവിശ്വസിക്കയും ചെയ്യണമെന്നതാണ് ആദ്യത്തെ കലിമയുടെ സന്ദേശം. ഒരു മുസ്ലീം ആകണമെങ്കിൽ ഇതു നിർബന്ധമാണ്. കലിമ ചൊല്ലി ഇസ്ലാം വിശ്വാസിയാകുക എന്നു പറയുന്നതിന്‍റെ പൊരുൾ ഇതാണ്.
ഒരു ലക്ഷത്തിൽ പരം പ്രവാചകന്മാരെ ഈ അല്ലാഹു അയച്ചിട്ടുണ്ടെന്നും അതിൽ ഏറ്റവും അവസാനത്തെ പ്രവാചകനാണു മുഹമ്മദ് എന്നും ഇസ്ലാം വിശ്വസിക്കുന്നു, പഠിപ്പിക്കുന്നു. ആ പ്രവാചകന്മാരിൽ ഒരാൾ മാത്രമാണ് ഈസാനബി എന്നാണു ഖുറാൻ (Qur’an) അനുസരിച്ച് മുസ്ലീമുകൾ വിശ്വസിക്കുന്നത്. മുൻപറഞ്ഞ ഒരു ലക്ഷത്തിൽ പരം പ്രവാചകന്മാരിൽ ആരൊക്കെ ഉൾപ്പെടുന്നു എന്നു ചോദിച്ചാൽ ഇസ്ലാം പറയുന്ന പേരുകൾ എല്ലാം തന്നെ ബൈബിളിലെ പേരുകളാണ്. അതിൽ പെടുന്നവരാണ്, ആദം, അബ്രാഹാം (ഇബ്രാഹിം), നോ ഹ്, ലോത്ത്, മോശ (മൂസ), അഹറോൻ (ഹാറൂൺ), ദാവീദ്, സോളമൻ (സുലൈമാൻ) എന്നിവർ. വിശുദ്ധ ബൈബിൾ പ്രകാരം പ്രവാചകന്മാർ അല്ലാതിരുന്നവരും ഇതിൽ പെട്ടിട്ടുണ്ടു് എന്നതാണിതിലെ പ്രത്യേകത. മാത്രമല്ലാ, ഈശോ മിശിഹായെന്നു ക്രൈസ്തവർ വിശ്വസിക്കുന്ന കർത്താവിനെ ഖുറാനിലെ ഈസാ നബിയായി ഇസ്ലാം ചിത്രീകരിക്കുന്നു. അങ്ങനെ പലരും ഈശോമിശിഹായും ഖുറാനിലെ ഈസാ നബിയും ഒരാൾ തന്നെയാണെന്നു തെറ്റിദ്ധരിക്കുന്നു മുണ്ടു്. എന്നാൽ, കുറേയൊക്കെ ഉപരിപ്ലവമായ സാമ്യങ്ങൾ ഇവർ തമ്മിൽ ഉണ്ടുതാനും. പക്ഷേ, ഖുറാനിലെ ഈസാനബി സുവിശേഷങ്ങളിലെ ഈശോ അല്ല. കാരണം, ഖുറാനിലെ ഈസാനബിയുടെ അമ്മ മൂസയുടെയും ഹാറൂണിന്‍റെയും സഹോദരി മറിയം (മിറിയം) ആയിരുന്നു. അതായത്, ഈശോക്കു 1400 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന ഒരു വനിത! മാത്രവുമല്ലാ, ശിശുവായിരിക്കുമ്പോൾത്തന്നെ കളിമണ്ണിൽ നിന്നും ജീവനുള്ള പ്രാവിനെ സൃഷ്ടിച്ചവനാണത്രെ ഈസാനബി! തോമാസിന്‍റെ സുവിശേഷം എന്നറിയപ്പെടുന്ന ഒരു കെട്ടിച്ചമച്ച കൃതിയിൽ (apocryphal writing) നിന്നുമെടുത്തിട്ടുള്ള വിവരണങ്ങളാണിവ.
ക്രൈസ്തവ വിശ്വാസമായ പരിശുദ്ധ ത്രിത്വത്തെപ്പറ്റി ഖുറാൻ പ്രതിപാദിക്കുന്നത് ആ വിശ്വാസത്തിൽ ഉള്ള കാര്യമല്ല. പിതാവ്, പുത്രൻ, പരിശുദ്ധാരൂപി എന്നതിനു പകരം പിതാവു, പുത്രൻ, മറിയം എന്നാണ് ഖുറാൻ പ. ത്രിത്വത്തെ കാണിക്കുന്നതും അപലപിക്കുന്നതും. ഈശോമിശിഹാ കുരിശിൽ തൂങ്ങി മരിച്ചിട്ടില്ലെന്നും, അങ്ങനെ കൊല്ലപ്പെട്ടത് സൈറീൻ കാരനായ സിമയോൻ, അല്ലെങ്കിൽ അരിമത്തിയാക്കാരനായ ജോസഫ്, അതുമല്ലെങ്കിൽ യൂദാസു (സ്കറിയോത്ത) ആയിരുന്നത്രെ! അള്ളാഹുവിന്‍റെ ഒരു തന്ത്ര പ്രകാരം ഈശോയുടെ മുഖം മേൽപ്പറഞ്ഞവരിൽ ഒരാൾക്കു കൊടുക്കുകയും ഈശോയെ സ്വർഗ്ഗത്തിലേക്ക് എടുത്തു കൊണ്ടു് കുരിശു മരണത്തിൽ നിന്നും രക്ഷിക്കുകയും ചെയ്തുവത്രെ! പക്ഷേ, അവസാന നാളുകളിൽ ഈ ഈസ വിധിയാളനായി വരുമെന്നും കാണിക്കുന്നുണ്ട്. മിറിയം ഈസാ നബിയെ ഗർഭം ധരിച്ചത് പുരുഷന്‍റെ സഹായത്തോടെയല്ലായെന്നു ഖുറാൻ കാണിക്കുന്നുമുണ്ടു്. എന്നാൽ, അതേപ്പറ്റിയുള്ള വിവരണം സുവിശേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്, വിചിത്രവുമാണ്. ഏതായാലും, മുഹമ്മദിനെപ്പറ്റി പറയാത്ത രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈസായെപ്പറ്റി പറയുന്ന കന്യാജനനവും അന്ത്യനാളിലെ വിധിയാളനായുള്ള കർമ്മവും. മുഹമ്മദ് സൃഷ്ടികർമ്മം ചെയ്തതായും ഖുറാൻ പറയുന്നില്ല. വേറെ പലതും വ്യത്യാസങ്ങളായി കാണിക്കാനുണ്ട്.
ക്രിസ്തീയ വിശ്വാസത്തെ വെല്ലുവിളിച്ചു കൊണ്ടു ചില ഇസ്ലാമിസ്റ്റുകൾ ചോദിക്കാറുണ്ടു്, ഈശോമിശിഹാ താൻ ദൈവമാണെന്നു പറഞ്ഞിട്ടുണ്ടോ എന്ന്. കാര്യങ്ങൾ ആഴത്തിൽ പഠിക്കാനുള്ള താല്പര്യം കൊണ്ടാണോ ഈ ചോദ്യങ്ങൾ എന്നു തോന്നാവുന്നതാണ്. യഹൂദ പാരമ്പര്യത്തിലെ കണിശമായ ഏക ദൈവവിശ്വാസത്തിന്‍റെ പശ്ചാത്തലത്തിൽ ചിന്തിക്കുന്നവർക്കു എളുപ്പം മനസ്സിലാക്കാവുന്ന ഒരു സത്യമാണ് യഹൂദരായിരുന്ന ശ്ലീഹന്മാരും മറ്റു ശിഷ്യന്മാരും ഈശോയെ ഒരു പ്രത്യേക കാരണവുമില്ലാതെ ദൈവമായിട്ടു മനസ്സിലാക്കുകയോ വണങ്ങുകയോ ചെയ്യുമായിരുന്നില്ല. ശ്ലീഹന്മാരുടെ വിശ്വാസത്തിൽ അധിഷ്ഠിതമായ തിരുസ്സഭയും പുതിയൊരു വിശ്വാസം കൊണ്ടു വരേണ്ട ഒരു ന്യായവുമില്ല. പിന്നെ എന്തുകൊണ്ടാണ് പ്രാരംഭ ദശയിൽത്തന്നെ ഈശോയുടെ ദൈവത്വത്തിൽ അവർ വിശ്വസിച്ചതും ഇപ്പോഴും ക്രൈസ്തവർ വിശ്വസിക്കുന്നതും?
ഇസ്ലാം മതത്തിനു ക്രൈസ്തവ വിശ്വാസവുമായി ചില സാമ്യങ്ങൾ ഉണ്ടെങ്കിലും സത്താപരമായ കാര്യങ്ങളിൽ അവ രണ്ടും വളരെ വ്യത്യസ്തമാണ്. ഇസ്ലാമിന്‍റെ ഔദ്യോഗിക ഗ്രന്ഥമായ ഖുറാനെ അംഗീകരിക്കാൻ സാധിക്കാത്തതും അതുകൊണ്ടു തന്നെയാണ്. മുസ്ലീമുകളുടെ മത ഗ്രന്ഥമായി ഖുറാനെ ആദരിക്കുന്നതിനു ഇതു തടസ്സവുമല്ല. ഈശോയുടെ ദൈവത്വം, കുരിശു മരണം (ക്രൂശീകരണം), ഉയിർപ്പ് (പുനരുത്ഥാനം), പരിശുദ്ധ ത്രീത്വം എന്നീ വിശ്വാസ സത്യങ്ങളെ ഖുറാൻ അഥവാ ഇസ്ലാം അപ്പാടെ നിഷേധിക്കുന്നു. എന്നാൽ, ഏക ദൈവ വിശ്വാസം, ദൈവത്തിന്‍റെ വെളിപാട്, ഈസാ നബിയുടെ കന്യാജനനം, കന്യാമറിയത്തിന്‍റെ മകനായ ഈസായെന്ന പ്രവാചകൻ മിശിഹായാണെന്ന വിശ്വാസം എന്നീ കാര്യങ്ങൾ ഇസ്ലാം പഠിപ്പിക്കുന്നുണ്ടു്. കുരിശു മരണത്തെപ്പറ്റിയുള്ള വിചിത്രമായ പല വ്യാഖ്യാനങ്ങളും ഇസ്ലാമിസ്റ്റുകൾ മുന്നോട്ടുവക്കുന്നുണ്ട്. സമകാലീന വിവരണങ്ങൾക്കെതിരെ, മാത്രമല്ല, റോമൻ ചരിത്രകാരനായ Tacitus രേഖപ്പെടുത്തുന്നതിനുമെതിരെ, ഈശോയുടെ കുരിശു മരണത്തിനു നൂറ്റാണ്ടുകൾക്കു ശേഷം എഴുതപ്പെട്ട ഖുറാൻ അവകാശപ്പെടുന്നത്, അതൊന്നും ശരിയല്ലായെന്നും, മറിച്ച്, കുരിശിൽ തറക്കപ്പെട്ടതും മരിച്ചതുമൊക്കെ വേറൊരാൾ ആയിരുന്നു എന്നാണ്. ഈശോയുടെ മുഖമുള്ള ആളാക്കി മാറ്റിക്കൊണ്ടു പകരം ഒരാളെ കുരിശിൽ തറക്കാൻ ദൈവം ഇട വരുത്തി പോലും! യഹൂദന്മാരെയും റോമാക്കാരെയും ദൈവം (അള്ളാഹു) അങ്ങനെ പറ്റിച്ചുവത്രെ! പകരക്കാരനായി അങ്ങനെ മരിച്ചയാൾ യൂദാസ് (സ്കറിയോത്ത) ആയിരുന്നുവെന്നാണു ചില ഇസ്ലാമിസ്റ്റുകളുടെ വ്യാഖ്യാനം. പരിശുദ്ധ ത്രീത്വത്തെപ്പറ്റിയുള്ള വിമർശനത്തിൽ പിതാവു, പുത്രൻ, കന്യകാമറിയം എന്നിവരാണു ക്രൈസ്തവ ത്രീത്വമെന്ന് ഇസ്ലാം ആരോപിക്കുന്നു! കാര്യങ്ങളുടെ വസ്തുനിഷ്ഠത എത്രമാത്രമെന്നു മനസ്സിലാക്കുക!
ഈശോയുടെ ദൈവത്വത്തിനെതിരായി ഇസ്ലാമിസ്റ്റുകൾ ഉന്നയിക്കുന്ന വാദം എന്താണെന്നറിയണ്ടേ? താൻ ദൈവമാണെന്നു ബൈബിളിൽ ഈശോ പറഞ്ഞിട്ടുണ്ടോ? എന്ന ചോദ്യമാണ്. ഉവ്വ് എന്നു തന്നെയാണു നമ്മുടെ മറുപടി. വിശുദ്ധ ബൈബിളിനെ – പഴയ നിയമവും അഥവാ, തൗറാത്തും (Thora) യും സുവിശേഷവും അഥവാ ഇൻജിലും (Evangelium) ദൈവം നല്കിയ പുസ്തകങ്ങളായി ഇസ്ലാം അംഗീകരിക്കുന്നുണ്ടെന്നുള്ളത് ഒരു വശത്ത്. എന്നാൽ, ഇസ്ലാമിന്‍റെ നിലപാടിനു യോജിക്കാത്ത എന്തെങ്കിലും വിശുദ്ധ ബൈബിളിൽ കണ്ടാൽ അല്ലെങ്കിൽ കാണിച്ചു കൊടുത്താൽ, അതൊക്കെ പിന്നീടു തിരുത്തിയതാണെന്ന മുട്ടാപോക്കു വാദം മറുവശത്തു്. ആരു തിരുത്തി, എന്നു തിരുത്തി എന്ന ചോദ്യങ്ങൾക്ക് ഒരുത്തരവുമില്ല! മാത്രവുമല്ല, ബൈബിൾ തിരുത്തിയതായി ഖുറാൻ ഒരിടത്തും പ്രസ്താവിക്കുന്നില്ല. മുഹമ്മദ് ബൈബിളിനെ അംഗീകരിച്ചിരുന്നു. ഇല്ലെങ്കിൽ അദ്ദേഹം അന്നു തന്നെ പറയേണ്ടതായിരുന്നു. തിരുത്തപ്പെടാത്ത ബൈബിളിന്‍റെ ഒരു കോപ്പിയെങ്കിലും കാണിച്ചു തരാൻ ഇസ്ലാമിസ്റ്റുകൾക്കു സാധിച്ചിട്ടുമില്ല! തിരുത്തിയ ബൈബിൾ ആണെങ്കിൽ താൻ ദൈവമാണെന്ന് ഈശോ നേരിട്ടു പറഞ്ഞതായി എഴുതിവക്കാൻ ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല! അതിലുപരി, ബൈബിളിന്‍റെ തർജ്ജമയും (ഉദാ: Septuagint) അതിന്‍റെ നിരവധി കൈയെഴുത്തു കോപ്പികളും, പലവിധത്തിലുള്ള വിശ്വാസ വിഭാഗക്കാരും, പല സ്ഥലങ്ങളിൽ പല ലൈബ്രറികളിലുംഎത്തിയിട്ടുള്ള നിരവധി Manuscript കളും ഉണ്ടായിരുന്നു എന്ന യാഥാർത്ഥ്യം ഇങ്ങനെയൊരു തിരുത്തൽ അസാദ്ധ്യമാക്കിത്തീർക്കുന്നു എന്ന കാര്യവും നാമോർക്കണം. എല്ലായിടത്തും പോയി ഓടിനടന്ന് ഒരാൾ തിരുത്തിയെന്നാണോ വിചാരിക്കുന്നത്? ഏതെങ്കിലും ഒരു വിഭാഗക്കാർ അതിനെ എതിർത്തില്ലെന്നോ? വിമർശിക്കാൻ വേണ്ടി ഇസ്ലാമിസ്റ്റുകൾ എടുക്കുന്ന ബൈബിൾ വചനങ്ങൾ തിരുത്തപ്പെടാത്ത ബൈബിളിൽ നിന്നാണോ? ഇസ്ലാമിസ്റ്റുകളുടെ വാദമനുസരിച്ചു മുഹമ്മദിന്‍റെ വരവിനെപ്പറ്റി ഈശോ പറഞ്ഞിട്ടുണ്ടെന്നവകാശപ്പെടുന്ന യോഹന്നാനെഴുതിയ സുവിശേഷത്തിലെ വചനഭാഗം “തിരുത്തിയ” ബൈബിളിന്‍റെ ഭാഗമാണോ? ചില നേരത്ത് തിരുത്തിയ ബൈബിൾ, ചില നേരത്ത് തിരുത്താത്ത ബൈബിൾ, അങ്ങനെയാണോ? സൗകര്യം പോലെ!?
താൻ ദൈവമാണെന്ന് ഈശോ പറഞ്ഞത് എപ്രകാരമായിരുന്നു? യോഹന്നാൻ എഴുതിയ സുവിശേഷത്തിലേക്ക് ആദ്യം തന്നെ പോകാം. യോഹ. 10:33 പ്രകാരം യഹൂദന്മാർ ഈശോയെ കല്ലെറിയാൻ തീരുമാനിച്ചതിന്‍റെ കാരണം, അവിടുന്ന് സ്വയം ദൈവമായി പ്രഖ്യാപിച്ചു എന്നതായിരുന്നു. ഏതൊക്കെ വിധത്തിൽ ഈശോ ഈ പ്രഖ്യാപനം നടത്തി? കേവലം ഒരു സൃഷ്ടിക്കു ചെയ്യാനോ പറയാനോ പറ്റാത്ത കാര്യമാണ് “ഞാൻ അവർക്കു നിത്യജീവൻ നൽകുന്നു” (യോഹ.10:28) എന്നത്. സ്രഷ്ടാവായ ദൈവത്തിനു മാത്രം പറ്റുന്ന കാര്യമാണ്, നിത്യജീവൻ നൽകുകയെന്നത്. യോഹ. 8:54 അനുസരിച്ച്, ദൈവം തന്‍റെ പിതാവാണെന്നു വ്യക്തമായി, തെളിവായി ഈശോ പറഞ്ഞു. വേറെ പല സന്ദർഭങ്ങളിലും ഈശോ ഇക്കാര്യം വെളിവാക്കുന്നുണ്ട്. തന്‍റെ പിതാവായ ദൈവത്തെപ്പറ്റി ഈ ശോ പറയുന്നതിന്‍റെ വെളിച്ചത്തിൽ പുത്രനായ ദൈവമാണു താനെന്നു ഈശോ അവകാശപ്പെടുന്നു. ഈശോ ദൈവമാണെന്നു പറയുമ്പോൾ ക്രിസ്തീയ വിശ്വാസം ഉദ്ദേശിക്കുന്നതും ഇതു തന്നെയാണ്. ഈശോ പിതാവായ ദൈവമല്ലെങ്കിലും ദൈവമാണെന്നു പറയുന്നതിന്‍റെ കാരണം അവിടുന്ന് പിതാവായ ദൈവത്തിന്‍റെ പുത്രൻ ആയതു കൊണ്ടാണ്, വെറും സൃഷ്ടിയല്ല. “അബ്രാഹത്തിനു മുൻപേ ഞാൻ ഉണ്ട്” (യോഹ. 8:58) എന്ന പ്രസ്താവനയുടെ അർത്ഥവും അതു തന്നെയാണ്. “എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു” (യോഹ. 14:9) എന്നും “എന്നിലൂടെയല്ലാതെ ആരും പിതാവിലേക്കു വരുന്നില്ല” (യോഹ. 14:6) എന്നുമുള്ള പ്ര സ്താവനകൾ ഈ വെളിച്ചത്തിലാണു മനസ്സിലാക്കേണ്ടത്. ദൈവത്തിനു മാത്രം അധികാരമുള്ളതാണു പാപമോചനം. തളർവാതരോഗിയുടെയും (മർക്കോസ് 2:5) പാപിനിയായ സ്ത്രീയുടെയും (ലൂക്കാ 7:48) പാപങ്ങൾ നേരിട്ടു. പൊറുക്കുക വഴി ഈശോ തന്‍റെ ദൈവത്വം അവകാശപ്പെട്ടു. മർക്കോസു 2:7 ൽ നിയമജ്ഞരുടെ പ്രതികരണം ഇതു വ്യക്തമാക്കുന്നുണ്ട്.
മത്തായി എഴുതിയ സുവിശേഷത്തിൽ നാം മറ്റൊരു കാര്യം കാണുന്നു: നമ്മുടെ ആത്മാക്കൾക്ക് ആശ്വാസം ലഭിക്കുമെന്ന വാഗ്ദാനം (11:29). ദൈവത്തിനു മാത്രം കൊടുക്കാൻ കഴിയുന്ന ഒന്നാണ് ഈ ആശ്വാസം. ലൂക്കാ 15 ൽ നാം വായിക്കുന്ന ഉപമകളിൽ ഒരു കാര്യം ഈശോ വ്യക്തമാക്കുന്നുണ്ട് , തന്‍റെ പെരുമാറ്റം ദൈവത്തിന്‍റെ പെരുമാറ്റമനുസരിച്ചാണെന്ന്. പാപികളോടുള്ള തന്‍റെ സമീപനത്തെപ്പറ്റി ഫരിസേയരും നിയമജ്ഞരും മുറുമുറുത്തപ്പോൾ ഈശോ കൊടുക്കുന്ന ന്യായീകരണം ദൈവത്തിന്‍റെ സമീപനരീതിയാണ് (15:7; 15:10). ഇതിനും പുറമെ, പഴയ നിയമത്തിൽ ദൈവം ഉപയോഗിക്കുന്ന “ഞാൻ നിങ്ങളോടു പറയുന്നു” എന്ന പ്രഥമ പുരുഷ പ്രസ്താവന തന്നെയാണ് ഈശോയും ഉപയോഗിക്കുന്നത് (മത്താ. 5:28.32.34). മോശവഴി നല്കപ്പെട്ട നിയമത്തിനു മുകളിലായി ഈശോ തന്‍റെ അധികാരം കാണിക്കുക വഴി താൻ മോശയേക്കാൾ ഉന്നതനാണെന്നവിടുന്ന് അവകാശപ്പെട്ടു (മർക്കോസ് 7:15.19;10:9.21). മോശയുടെ നിയമത്തിനു മുകളിൽ നിൽക്കുന്നവൻ അല്ലെങ്കിൽ അത് അവകാശപ്പെടുന്നവൻ ദൈവത്തിന്‍റെ സ്ഥാനമാണ് അവകാശപ്പെടുന്നത്. കാരണം, യഹൂദ വിശ്വാസമനുസരിച്ച്, ദൈവത്തിനും മോശക്കുമിടക്കു മറ്റാരുമില്ല. ഈശോയുടെ അധികാരവും അവകാശവും തന്‍റെ പുനരുത്ഥാനത്തിൽ വെളിവാക്കപ്പെടുകയും ചെയ്തു. പിതാവായ ദൈവം അവ സ്ഥിരീകരിച്ചതിന്‍റെ മഹാ അടയാളമായിരുന്നു ഈശോയുടെ തിരുവുത്ഥാനം. ഈ ഉത്ഥാനമാണു ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനം.
ഈശോ മിശിഹാ കുരിശിൽ തറക്കപ്പെട്ടു മരിച്ചില്ലായെന്നു ഒരു കൂട്ടർ ഇസ്ലാമിസ്റ്റുകൾ പറയുമ്പോൾ ചില ഇസ്ലാമിസ്റ്റുകൾ ഈശോയുടെ ദൈവത്വത്തിനെതിരായി കൊണ്ടുവരുന്ന ന്യായം നേരെ മറിച്ചാണ്. മറ്റുള്ളവരെ സഹായിച്ചവനു സ്വയം സഹായിക്കാൻ സാധിക്കുന്നില്ലല്ലോ എന്നു പറഞ്ഞു പരിഹസിച്ച യൂദന്മാരെപ്പോലെ (ലൂക്കാ 23:35) ചില ഇസ്ലാമിസ്റ്റുകൾ പരിഹാസപൂർവ്വം പറയുന്നു, ഈശോ കുരിശിൽ കിടന്നു ദാരുണമായി മരിച്ചെന്നും സ്വയം സഹായിക്കാൻ കഴിഞ്ഞില്ലെന്നും! ഈശോ കുരിശിൽ തറക്കപ്പെട്ടില്ലെന്നും മരിച്ചില്ലെന്നും പകരം വേറെയൊരാളെയാണു കുരിശിൽ തറച്ചതെന്നും പറയുന്നവർ ഈശോ മരിച്ചുവെന്നു ഈ സന്ദർഭത്തിൽ സമ്മതിക്കുന്നു! മറ്റുള്ളവരെ അത്ഭുതം ചെയ്തു സഹായിച്ച ഒരാൾ സ്വന്തം കാര്യത്തിനു വേണ്ടി അത്ഭുതം ചെയ്യാതെ മരിക്കാൻ തയ്യാറായ നിസ്വാർത്ഥതയെയും ത്യാഗത്തെയും കാണാതെ ആ സ്നേഹത്തിന്‍റെ പാരമ്യതയെ വിലമതിക്കാതെ ദൗർബല്യമായി പരിഹസിക്കാനേ ഇവർക്കു കഴിയുന്നുള്ളൂ! മുഹമ്മദു നബി ഒരു രാഷ്ട്രത്തലവനും യോദ്ധാവുമായിരുന്നെന്നും ചന്ദ്രനെ രണ്ടായി പിളർത്തിയെന്നും (അനേകം ഭാര്യമാരുടെ) ഭർത്താവായിരുന്നെന്നും രണ്ടു മരങ്ങളെ വെറും വിചാര ശക്തിയാൽ ചലിപ്പിച്ചുവെന്നും അദ്ദേഹം മരിച്ചപ്പോൾ മദീനയിൽ മുഴുവൻ അന്ധകാരം പരന്നെന്നും ഒക്കെ അവകാശപ്പെട്ടുകൊണ്ട് ഈശോയെപ്പറ്റി അങ്ങനെയൊന്നും പറയാൻ പറ്റില്ലെന്നും അതിനാൽ മുഹമ്മദു നബി അവിടുത്തേക്കാൾ കേമനായിരുന്നു എന്നാണ് ഇക്കൂട്ടരുടെ വാദം. പിളർത്തപ്പെട്ട ചന്ദ്രൻ ഇപ്പോഴും അങ്ങനെത്തന്നെയാണോ അഥവാ അതിന്‍റെ രണ്ടു കഷണങ്ങൾ ഏതൊക്കെയാണ്, എവിടെയൊക്കെയാണ് എന്നു ചോദിച്ചാൽ ഇവർക്കുത്തരവുമില്ല. മുഹമ്മദു രോഗികളെ സുഖപ്പെടുത്തിയതായോ മരിച്ചവരെ ഉയിർപ്പിച്ചതായോ അവകാശപ്പെടുന്നില്ല എന്നതു ശ്രദ്ധേയമാണ്. എന്നാൽ, താൻ ശത്രുക്കളാൽ വളയപ്പെട്ടപ്പോൾ, താൻ അവരുടെ കരങ്ങളാൽ വധിക്കപ്പെടുമെന്നു മനസ്സിലാക്കിയപ്പോൾ “ഇവരിൽ നിന്നും എന്നെ രക്ഷിക്കാൻ ആരുണ്ട്?” എന്നു വിലപിച്ച നബിക്കു വേണ്ടി ഏഴ് അൻസാരികൾ മരിക്കാൻ തയ്യാറായതും സ്വർഗ്ഗം വാഗ്ദാനം ചെയ്തു കൊണ്ടു് അവരെ സ്വന്തം ജീവനു വേണ്ടി മുഹമ്മദു കുരുതി കൊടുത്തതും ഇവിടെ സൗകര്യപൂർവ്വം മറന്നു കളയുന്നു!മുഹമ്മദിന്‍റെ ശക്തിയും ധൈര്യവും എത്രത്തോളമായിരുന്നു? ശത്രുക്കളുടെ കൈയിൽ അകപ്പെട്ടു മരിക്കുമെന്നുറപ്പായപ്പോൾ “എന്നെ ഈ ശത്രുക്കളിൽനിന്നും ആരു രക്ഷിക്കും?” എന്നുറക്കെ വിളിച്ചയാളുടെ ശക്തിയും ധൈര്യവും മനസ്സിലാക്കാമല്ലോ. ഈസാനബി പുരുഷന്‍റെ സഹായമില്ലാതെ, കന്യകാമറിയത്തിൽ നിന്നും ജനിച്ചുവെന്നും ശിശുവായിരുന്നപ്പോൾത്തന്നെ കളിമണ്ണുകൊണ്ടു ജീവനുള്ള പ്രാവുകളെ സൃഷ്ടിച്ചെന്നും താൻ ആരാണെന്നു വെളിവാക്കാൻ തൊട്ടിലിൽ കിടന്നു തന്നെ സംസാരിച്ചെന്നുമൊക്കെ ഖുറാനിൽ പ്രതിപാദിക്കുന്നു. ഈ ഈസാ നബിയാണു നമ്മുടെ ഈശോ മിശിഹായെന്നു മുസ്ലീമുകൾ ശഠിക്കുന്നു. പക്ഷേ, ഈസായുടെ അമ്മയായ മറിയത്തെപ്പറ്റി പ്പറയുമ്പോൾ മോശയുടെയും അഹറോന്‍റെയും സഹോദരി മറിയം എന്നാണു ഖുറാൻ പ്രസ്താവിക്കുന്നത്! ഈശോ മിശിഹാക്കു പല സഹസ്രാബ്ദങ്ങൾ ക്കു മുമ്പു ജീവിച്ചിരുന്ന ആ മറിയം എങ്ങനെ ഈശോയുടെ അമ്മയാകുമെന്നതാണു നമ്മുടെ ചോദ്യം. അമ്പതിനായിരം കൊല്ലങ്ങൾക്കു മുമ്പ് ദൈവമായ അല്ലാഹുവിന്‍റെ പക്കൽ സ്വർഗ്ഗത്തിൽ എഴുതി സൂക്ഷിക്കപ്പെട്ടതും23 കൊല്ലങ്ങളിലായി മുഹമ്മദു നബിക്കു ജിബ്‌രീൽ മലക്കു (ഗബ്രിയേൽ മാലാഖ) വഴി ക്രമേണ വെളിപ്പെടുത്തപ്പെട്ട “ദൈവ വചന” ത്തിലെ കാര്യമാണീ പറഞ്ഞത്! ചരിത്രബോധവും യാഥാർത്ഥ്യവും വസ്തുനിഷ്ഠതയും എവിടെ പോയി? എന്നാൽ സൗകര്യം പോലെ ചില കാര്യങ്ങൾ വി. ബൈബിളിൽ നിന്നും അതേപടി എടുക്കുമ്പോൾ “തിരുത്തപ്പെട്ട” ബൈബിൾ അപ്പോൾ പ്രശ്നമല്ല.
ഇന്ത്യയുടെ രാഷ്ട്ര പിതാവു മഹാത്മാ ഗാന്ധിജി ഒരു രാഷ്ട്രത്തലവനോ യോദ്ധാവോ ആയിരുന്നില്ലെങ്കിലും മഹാൻ തന്നെ ആയിരുന്നുവെന്നു നമുക്കറിയാം. മൊളോക്കോയിലെകുഷ്ഠരോഗികൾക്കു വേണ്ടി ജീവിതം ബലിയർപ്പിച്ച വിശുദ്ധ ഫാദർ ഡാമിയനും, ജർമൻ അധിനിവേശ പോളണ്ടിലെ Nazi concentration camp (Auschwitz) ൽ വച്ച് Franciszek എന്ന ഒരു കുടുംബനാഥനുവേണ്ടി ജീവൻ സമർപ്പിച്ച് മരണം ഏറ്റെടുത്ത വിശുദ്ധ Maximilian Kolbe യും, ദരിദ്രരിൽ ദരിദ്രരായവരെ നിസ്വാർത്ഥം ശുശ്രൂഷിച്ച വിശുദ്ധ മദർ തെരേസയും മറ്റും ബ്രഹ്മചാരികളായിരുന്നു എന്നത് അവരുടെ മഹത്വം ഒട്ടും കുറക്കുന്നില്ല എന്നു വിവരമുള്ളവർക്കറിയാം. ഒരു മനുഷ്യന്‍റെ മേന്മയും മഹത്വവും മനുഷ്യത്വവും അടങ്ങിയിരിക്കുന്നതു മറ്റുള്ളവരെ കൊള്ളയും കൊലയും ചെയ്ത് കീഴ്പ്പെടുത്തുന്നതിലല്ല. മറിച്ചു ചിന്തിക്കുന്നവർക്കു മിശിഹായുടെ മരണം ഭോഷത്തവും ഇടർച്ചയുമായിരിക്കാം (1 കോറി. 1:23).
ക്രിസ്ത്യാനികളോടു സംവദിക്കുമ്പോൾ ഇസ്ലാമിസ്റ്റുകളും പല മുസ്ലീമുകളും കൊണ്ടുവരുന്ന മറ്റൊരു അവകാശ വാദമാണു, മുഹമ്മദു നബിയെപ്പറ്റി വിശുദ്ധ ബൈബിളിൽ, വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ, പറഞ്ഞിട്ടുണ്ടെന്നും ഈശോമിശിഹാ ശ്ലീഹന്മാർക്കു വാഗ്ദാനം ചെയ്ത പാറക്ക്ലേത്ത അഥവാ സഹായകൻ, കാര്യസ്ഥൻ (യോഹ. 14:16) അദ്ദേഹമാണെന്നുമുള്ള പ്രസ്താവന. അതിനുള്ള അവരുടെ ന്യായീകരണം താഴെ പറയും വിധമാണ്. ഗ്രീക്കുമൂലത്തിൽ ഇപ്പോൾ നമ്മൾ കാണുന്ന “Parakletos” എന്ന പദം ആരംഭത്തിൽ “periklutos” എന്നായിരുന്നെന്നും പിന്നീടതു ചില ക്രൈസ്തവർ തിരുത്തി Parakletos എന്നാക്കി മാറ്റിയതാണത്രെ! Periklutos എന്നുവച്ചാൽ പ്രസിദ്ധമായ എന്നാണർത്ഥം. അതിന്‍റെ അറബി വാക്കാണ് Ahmad. അങ്ങനെ വച്ചു നോക്കുമ്പോൾ ഈശോ മിശിഹാ അന്നു തന്‍റെ ശിഷ്യന്മാർക്കു വാഗ്ദാനം ചെയ്തതു അഹമ്മദിനെയാണ്. ആ അഹമ്മദാണു മുഹമ്മദു പ്രവാചകൻ! എങ്ങനെയുണ്ടു്? ഇതിലെ കഴമ്പില്ലായ്മയും പൊള്ളത്തരവും വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും നമുക്കിനി വിശകലനം ചെയ്യാം.
- യോഹന്നാൻ 14:16 ലെഴുതിയിരിക്കുന്നതിപ്രകാരമാണ്: “ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടയായിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങൾക്കു തരുകയും ചെയ്യും”. തുടർന്നു പറയുന്നതു കൂടി കാണാം. “ഈ സത്യാത്മാവിനെ സ്വീകരിക്കാൻ ലോകത്തിനു സാധിക്കുകയില്ല … അവൻ നിങ്ങളിൽ ആയിരിക്കുകയും ചെയ്യും” (യോഹ. 14:17). ഇതനുസരിച്ച് ഈശോ ദൈവപിതാവിന്‍റെ പുത്രനാണെന്നു മുസ്ലീമുകൾ അംഗീകരിക്കേണ്ടിവരും. Parakletos നെയാണോ periklutos (periklytos) നെ യാണോ പിതാവയക്കുന്നതെന്ന ചോദ്യം അവിടെ നില്ക്കട്ടെ; periklutos നെ ആണെന്നു തന്നെ കരുതുക. ആരെ ആയാലും, തരുന്നയാൾ പിതാവാണ്. പിതാവിനോടപേക്ഷിക്കുന്നത് ഈശോയും. ദൈവത്തെയാണ്ഈശോ പിതാവെന്നു പറയുന്നത്! താൻ ദൈവപുത്രനാണെന്ന് ഇവിടെ ഈശോ അവകാശപ്പെടുന്നുണ്ട്. ഇക്കാര്യം അംഗീകരിക്കാതെ periklutos എന്ന വാക്കിൻമേൽ മാത്രം തൂങ്ങിപ്പിടിച്ച് എങ്ങനെയെങ്കിലും അഹമ്മദിനെ അവിടെ കൊണ്ടുവരാൻ ശ്രമിക്കുന്നതിന്‍റെ സത്യസന്ധത എത്രത്തോളമെന്നു മനസ്സിലാക്കുക!
- യോഹന്നാൻ സുവിശേഷമെഴുതിയതു ഗ്രീക്കു ഭാഷയിലാണെന്നോർക്കണം, അറബിയിൽ അല്ല. അതിനാൽ periklutos എന്നായിരുന്നു എഴുതിയിരുന്നെങ്കിൽത്തന്നെ അതിന്‍റെ അർത്ഥം അഹമ്മദ് എന്നാകുമായിരുന്നില്ല താനും.
- “മറ്റൊരു” അഹമ്മദ് എന്നായിരുന്നു ഈശോ വിവക്ഷിച്ചിരുന്നതെങ്കിൽ താനൊരു അഹമ്മദാണെന്ന അർത്ഥം അതിനുണ്ടാകുമായിരുന്നു. എന്നാൽ, ഈശോയുടെ പേര് ഒരിക്കലും അഹമ്മദ് എന്നായിരുന്നില്ല!
- “മറ്റൊരു” എന്ന വാക്കിനു ശേഷം യുക്തിപരമായി വരേണ്ടതു നാമം (noun) ആണ്, നാമവിശേഷണം (adjective) അല്ല. എന്നാൽ, periklutos
എന്ന ഗ്രീക്കു പദം ഒരു നാമം (noun) അല്ല, നാമവിശേഷണമാണ്. Parakletos എന്ന പദം നാമമാണ്, കാര്യസ്ഥൻ, സഹായകൻ എന്നൊക്കെയാണ ർത്ഥം. ഇംഗ്ലീഷിൽ Advocate, Helper എന്നൊക്കെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. - ആ സഹായകനെപ്പറ്റി ഈശോ പറയുന്നതു “സത്യത്തിന്‍റെ ആത്മാവ്” അഥവാ അരൂപി എന്നാണ്. മുഹമ്മദ് അരൂപിയോആത്മാവോ ആയിരുന്നില്ല, വെറും ഒരു മനുഷ്യനായിരുന്നു. അദ്ദേഹം പഠിപ്പിച്ച സത്യമെന്താണെന്നു നമ്മൾ ചോദിച്ചിട്ടുണ്ടോ, മനസ്സിലാക്കിയിട്ടുണ്ടോ? അങ്ങനെയിരിക്കെ, “സത്യാരൂപി”, “സത്യത്തിന്‍റെ ആത്മാവ്” എന്നൊക്കെ അദ്ദേഹത്തെ എങ്ങനെ വിളിക്കും?
- തന്‍റെ നാമത്തിൽ തന്‍റെ പിതാവയക്കുന്ന സഹായകൻ അഥവാ പരിശുദ്ധാരൂപി വരുമ്പോൾ താൻ പറഞ്ഞിട്ടുള്ളതെല്ലാം ശിഷ്യന്മാരെ ഓർപ്പിക്കുമെന്നും ഈശോ അരുളിച്ചെയ്തിരുന്നു (യോഹ. 14: 25). ഈശോ പറഞ്ഞ ഏതു കാര്യമാണുക്രിസ്തു ശിഷ്യന്മാരെ മുഹമ്മദ് ഓർപ്പിച്ചത്? ഈശോ പഠിപ്പിച്ചതും മുഹമ്മദു പഠിപ്പിച്ചതും എന്താണെന്നു പരിശോധിക്കുമ്പോൾ നമുക്കു വ്യക്തമാകുന്ന ഒരു കാര്യമുണ്ടു്, അവ തമ്മിൽ പകലും രാത്രിയും തമ്മിലുള്ള അന്തരമുണ്ടു്. ദൈവത്തെപ്പറ്റിയും മനുഷ്യനെപ്പറ്റിയും ധാർമ്മികതയെപ്പറ്റിയും ഈശോയും മുഹമ്മദും പഠിപ്പിച്ചതെന്താണെന്നു മനസ്സിലാക്കുമ്പോൾ ഇതു വ്യക്തമാകും.
- മറ്റൊരു periklutos നെ പിതാവു തരുമെന്നു ഈശോപറഞ്ഞെങ്കിൽ ആ വാക്കു മാറ്റി Parakletos എന്നാ ക്കേണ്ട യാതൊരു ആവശ്യവും ക്രൈസ്തവർക്കുണ്ടായിരുന്നില്ല, മുഹമ്മദും ഇസ്ലാമും ഏഴാം നൂറ്റാണ്ടിൽ വരുന്നതു വരെ. അപ്പോൾ ഈ മാറ്റം അഥവാ തിരുത്തൽ വരുത്തിയതു മുഹമ്മദിനു ശേഷമായിരിക്കണമല്ലൊ!അതുവരെയും പ്രചാരത്തിലുണ്ടായിരുന്ന ഏതെങ്കിലും ഒരു ബൈബിളിൽ periklutos (periklytos) എന്നായിരുന്നു എന്നു ആരും കാണിച്ചു തന്നിട്ടില്ല. ആ കോപ്പികളൊക്കെ എവിടെ പോയി? അങ്ങനെ ബൈബിളിൽ ഉണ്ടായിരുന്നെങ്കിൽ താനാണാ periklutos എന്നു മുഹമ്മദ് അവകാശപ്പെടേണ്ടതായിരുന്നു.
- ക്രൈസ്തവ ശിഷ്യന്മാരോടു കൂടെ എന്നന്നേക്കും നില്ക്കുന്ന ഒരു ശക്തിയോ വ്യക്തിയോ ആയിരുന്നില്ല മുഹമ്മദ്. ആരുടെ ഉള്ളിലും അദ്ദേഹം വസിച്ചിട്ടില്ല. അതിനു സാധിക്കയുമില്ല. പരിശുദ്ധാത്മാവു തന്നെ മഹത്വപ്പെടുത്തുമെന്നാണ് ഈശോ പറഞ്ഞത് (യോഹ. 16:14). എന്നാൽ മുഹമ്മദു നബി ഈശോയെ മഹത്വപ്പെടുത്തിയതായി നാം കാണുന്നില്ല.
- തന്‍റെ ശ്ലീഹന്മാരോട് ഈശോ പറഞ്ഞ കാര്യം നൂറ്റാണ്ടുകൾക്കു ശേഷം വേറെ ഏതോ ഒരു ജനത്തിനു വേണ്ടി വേറെ ഏതോ സ്ഥലത്തു വച്ചു പൂർത്തീകരിക്കപ്പെടാൻ പോകുന്ന ഒരു വാഗ്ദാനമായിരുന്നില്ല. ക്രിസ്തു ശിഷ്യന്മാർക്കു ജറുസലേമിൽ വച്ചു നടക്കാൻ പോകുന്ന കാര്യത്തെപ്പറ്റിയാണ് ഈശോ പറഞ്ഞത്. 600 കൊല്ലങ്ങൾക്കു ശേഷം അറേബ്യായിലെ, ക്രൈസ്തവരല്ലാത്ത ഖുറേഷി ഗോത്രക്കാരുടെ ഇടയിലേക്കു വന്ന മുഹമ്മദുമായി ഈശോയുടെ വാഗ്ദത്തത്തിന് എന്തു ബന്ധം? പന്തക്കുസ്താ തിരുനാളിൽ ശ്ലീഹന്മാർക്കു ലഭിച്ച പരിശുദ്ധാത്മാവിനെപ്പറ്റി പറയാതെ മുഹമ്മദാണ് ഈശോ നൽകിയ വാഗ്ദാനം എന്നു പറഞ്ഞു സാധാരണ ക്രൈസ്തവരെ കൈയിലെടുക്കാൻ മെനഞ്ഞ യുക്തിരഹിതമായഒരു കുതന്ത്രം മാത്രമാണിതെന്ന് ആലോചിച്ചാൽ മനസ്സിലാകും. അതല്ലെങ്കിൽ അറിവില്ലായ്മ, അല്ലെങ്കിൽ മസ്തിഷ്ക പ്രക്ഷാളനം!
ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ ഈസാ നബിയെന്നു പറയുന്ന വ്യക്തിയാണു ക്രൈസ്തവരുടെ ഈശോ മിശിഹായെന്നു മുസ്ലീമുകൾ വിശ്വസിക്കുന്നു. എന്നാൽ ഈസയെപ്പറ്റി ഖുറാനിൽ പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകളാണുളളത്. അൻ- നിസാ എന്ന നാലാമ ത്തെ സൂറത്തിൽ (അദ്ധ്യായത്തിൽ) പറയുന്നതനുസരിച്ച് മറിയത്തിന്‍റെ പുത്രനായ ഈശോ മിശിഹായെ യഹൂദർ കുരിശിൽ തറച്ചു കൊന്നില്ലത്രെ (വചനം 157). അങ്ങനെ കൊന്നതായി അവർക്കു തോന്നിയതാണുപോലും! അല്ലെങ്കിൽ അങ്ങനെ അള്ളാഹു തോന്നിപ്പിച്ചതാണത്രെ! കുരിശിൽ തറക്കപ്പെട്ടതും മരിച്ചതും ഈശോ ആയിരുന്നില്ല എന്നാണു ഖുറാന്‍റെ കണ്ടുപിടുത്തം. അള്ളാഹു “തന്ത്രജ്ഞരിൽ കേമൻ” ആയതിനാൽ ഒരു തന്ത്രം പ്രയോഗിച്ച് ഈശോയുടെ മുഖം വേറൊരാൾക്കു കൊടുത്തുവെന്നും യഹൂദർ അഥവാ റോമൻ പടയാളികൾ അയാളെയാണു കുരിശിൽ തറച്ചതെന്നും മുസ്ലീമുകൾ അവകാശപ്പെടുന്നു. അല്ലാഹുവിന്‍റെ സത്യസന്ധതയും നീതിയും ന്യായവും ഒക്കെ അപ്പാടെ തകിടം മറിക്കുന്ന ഒരു പഠനമാണു ഖുറാൻ ഇതു വഴി നല്കുന്നത്. ഈശോ അഥവാ ഈസാ നബി മരിച്ചിട്ടുമില്ല, ഉയിർത്തിട്ടുമില്ല, അതാണു ഖുറാന്‍റെ നിലപാട്. മരിക്കാതെ തന്നെ ഈശോ ദൈവത്തിന്‍റെ (അള്ളാഹുവിന്‍റെ) പക്കലേക്ക് എടുക്കപ്പെട്ടുവത്രെ. ഇപ്പോഴും ഈ ഈസ ജീവിച്ചിരിക്കുന്നുവെന്നും അന്ത്യനാളിൽ വീണ്ടും ഭൂമിയിലേക്കു വരുമെന്നും ഖുറാൻ പഠിപ്പിക്കുന്നു എന്നുള്ളതാണു വിചിത്രം! എന്നാൽ അദ്ധ്യായം19 (സൂറാ മറിയം) പറയുന്നതനുസരിച്ച് തൊട്ടിലിൽ കിടന്നു സംസാരിക്കുന്ന ശിശുവായ ഈശോ തന്‍റെ ജനനത്തെയും സംഭവിക്കാൻ പോകുന്ന മരണത്തെയും ഉയിർപ്പിനെയും പറ്റി പ്രസ്താവിക്കുന്നുണ്ടു് (വചനം 33). ഈശോ മരിച്ചില്ല എന്നു പറയുന്ന അതേ ഖുറാൻ തന്നെയാണ് ഈശോയുടെ മരണത്തെയും ഉത്ഥാനത്തെയും പറ്റി അവിടുത്തെ പ്രവചനമായി കാണിക്കുന്നതും! ഒന്നു സത്യമാണെങ്കിൽ മറ്റേത് അസത്യമാകണം. രണ്ടും ഒരുമിച്ചു സത്യമാകുവാൻ ഒരിക്കലും സാധ്യവുമല്ല! ഒന്നുകിൽ ഈശോ മരിച്ചു; അതിനു ശേഷം ഉയിർത്തെഴുന്നേറ്റു. അല്ലെങ്കിൽ മരിച്ചില്ല; ഉയിർത്തുമില്ല. തന്‍റെ മരണത്തെയും പുനരുത്ഥാനത്തെപ്പറ്റിയും ശിശുവായ ഈശോ നടത്തിയ പ്രവചനം അസത്യമായിരുന്നോ? പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകൾ നൽകുന്ന ഒരു ഗ്രന്ഥം എങ്ങനെ സത്യ ദൈവത്തിന്‍റെ വെളിപാടാകുമെന്നു വിമർശകർ ചോദിക്കുന്നു. അല്ലാഹു എന്ന കഥാപാത്രം ആരാണെന്നും ഈ അല്ലാഹുവിന്‍റെ അന്ത്യപ്രവാചകൻ എന്ന വകാശപ്പെടുന്നയാൾ ഏതു തരം പ്രവാചകനാണെന്നും ഇവിടെ വ്യക്തമാകുന്നുണ്ടെന്നവർ സൂചിപ്പിക്കുന്നു. ഖുറാന്‍റെ ദൈവീകതയും മുഹമ്മദിന്‍റെ പ്രവാചകത്വവും വെല്ലുവിളിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും നിഷേധിക്കപ്പെടുക കയും ചെയ്യുന്നതു് ഇത്തരം വൈരുദ്ധ്യങ്ങൾ കൂടി കാരണമായി അവർ എടുത്തു പറയുന്നു. ഒന്നാം നൂറ്റാണ്ടിൽ (56 – 120 AD) ജീവിച്ചിരുന്ന റോമൻ ചരിത്രകാരനും സെനറ്ററുമായ Publius Cornelius Tacitus ഈശോയുടെ കുരിശു മരണത്തെപ്പറ്റി റോമൻ ഗവർണർ അഥവാ പ്രീഫെക്റ്റായിരുന്ന പന്തിയോസ് പീലാത്തോസിന്‍റെ (26-36 AD) കല്പനപ്രകാരം നടന്ന ഒരു സംഭവമായി റിപ്പോർട്ടു ചെയ്യുന്നു (Annales 15, 44). സമകാലീനരായിരുന്ന ശ്ലീഹന്മാരും മറ്റു ശിഷ്യന്മാരും ഈശോയുടെ കുരിശു മരണത്തെപ്പറ്റി പ്രതിപാദിക്കുന്നു (സുവിശേഷങ്ങൾ).ഏകദേശം 600 കൊല്ലങ്ങൾക്കു ശേഷം, ഈശോ അങ്ങനെ മരിച്ചില്ലായെന്ന് ഒരാൾ അവകാശപ്പെടുകയാണെങ്കിൽ അയാളുടെ ആധികാരികതയെയും ചരിത്ര ജ്ഞാനത്തെയും സത്യസന്ധതയെയും കാഴ്ചപ്പാടിനെയും പറ്റി എന്തു പറയണം? സമകാലീന സാക്ഷ്യങ്ങളെ തള്ളിക്കളഞ്ഞു്, നൂറ്റാണ്ടുകൾക്കു ശേഷം തനിക്കു വെളിപാടുണ്ടായി എന്നു പറഞ്ഞ് ഒരു ചരിത്ര സംഭവത്തെ നിഷേധിക്കുന്ന വ്യക്തിയുടെ വാക്കുകൾ അപ്പാടെ വിഴുങ്ങുന്നവരുടെ യുക്തിയും തുറവിയും വിമർശനബുദ്ധിയും അപൂർവ്വം തന്നെ! മുസ്ലീമുകളുടെ ദൈവമായ അല്ലാഹു അയച്ച ഒരു ലക്ഷത്തിലേറെയുള്ള പ്രവാചകന്മാരിൽ ഒരുവൻ മാത്രമാണ് ഈശോമിശിഹാ (ഈസാമസിഹാ) എന്നും മുഹമ്മദാണ് ഏറ്റം ശ്രേഷ്ഠനും അവസാനത്തേതുമായ പ്രവാചകനെന്നും ഖുറാൻ പഠിപ്പിക്കുന്നു. എന്നാൽ, മറുവശത്തു്, ഈശോ തന്നെയാണു മസിഹാ എന്നും അല്ലാഹുവിന്‍റെ വചനം (കലിമ അഥവാ കലിമത്ത്, Sura 3, Sura 4) അല്ലെങ്കിൽ റൂഹ് കന്യകാമറിയത്തിൽ നിന്നും ജന്മമെടുത്തതാണ് ഈശോയെന്നും (സൂറ 15: 28-29; സൂറ 21: 91; സൂറ 66: 12), അദ്ദേഹം ശിശുവായിരിക്കുമ്പോൾത്തന്നെ സൃഷ്ടി കർമ്മം തുടങ്ങിയ അത്ഭുതങ്ങൾ ചെയ്തിട്ടുണ്ടെന്നും മരിക്കാതെ തന്നെ ജീവനോടെ അല്ലാഹുവിന്‍റെ പക്കലേക്ക് എടുക്കപ്പെട്ടെന്നും അന്ത്യനാളിൽ വരാൻ പോകുന്നയാൾ ഇതേ ഈശോ തന്നെയാണെന്നും ഖുറാൻ പഠിപ്പിക്കുന്നു! അപ്രകാരം മുസ്ലീമുകൾ വിശ്വസിക്കുകയും ചെയ്യുന്നു. ഈസ (ഈശോ)യെയും മാതാവായ മറിയത്തെയും മാത്രമാണു ചെകുത്താൻ തൊടാതിരുന്നിട്ടുള്ളതെന്നും ഖുറാൻ പഠിപ്പിക്കുന്നു. അതിനാൽ വിശുദ്ധ ബാലൻ (Pure Boy) എന്ന സംജ്ഞ ഈശോക്കു മാത്രം (അതും 9 തവണ) ഖുറാൻ കൊടുക്കുന്നു. മുഹമ്മദിനെപ്പറ്റി അത്തരം പരാമർശങ്ങൾ ഒട്ടും തന്നെ ഇല്ലായെന്നു നാമോർക്കണം. മാത്രവുമല്ലാ, മുഹമ്മദു മരിക്കുകയും ഖബറടക്കപ്പെടുകയും ചെയ്തു. ഈശോയെന്ന മസിഹായാകട്ടെ, ലോകാവസാനം വരെ മരിക്കാതെ ദൈവസന്നിധിയിൽ ഉണ്ടുതാനും! ഖുറാൻ പ്രകാരം തന്നെ ആരാണു കൂടുതൽ ശ്രേഷ്ഠനെന്നു ഓരോരുത്തരും വിവേചിച്ചറിയുക!
സുവിശേഷങ്ങളിലെ ഈശോ തന്നെയാണ് ഖുറാനിലെ ഈസാ നബിയെന്നു മുസ്ലീമുകൾ പറയുന്നു എന്നതു നമ്മൾ ഇവിടെ സ്മരിക്കേണ്ടതുണ്ട് സുവിശേഷങ്ങളിൽ (ഇഞ്ചീലിൽ) താൻ ദൈവമാണെന്ന് ഈശോ പ്രഖ്യാപിക്കുന്നുണ്ടോ എന്നു മുസ്ലീമുകളും ഇസ്ലാമിസ്റ്റുകളും ചോദിക്കുന്നു. ഇതിനുള്ള മറുപടി ചുരുക്കമായി ഒന്നുകൂടി കൊടുക്കാം. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ “അബ്രാഹത്തിനു മുമ്പേ ഞാൻ ആകുന്നു” (8: 58) എന്ന പ്രഖ്യാപനത്തിന്‍റെ അർത്ഥം വളരെ വ്യക്തമായിത്തന്നെ താൻ ദൈവമാണെന്നുള്ളതാണ്. മോശക്കു (Moses) സ്വയം വെളിപ്പെടുത്തിയ ദൈവത്തിന്‍റെ വാക്കുകൾ (“ആകുന്നവൻ” പുറപ്പാട് 3: 14, “I am, who I am”) നമുക്കിവിടെ സ്മരിക്കാം. യഹൂദന്മാർ ഈശോയെ കല്ലെറിയാൻ ഒരുങ്ങിയതു താൻ ദൈവമാണെന്നു പ്രഖ്യാപിച്ചതു കൊണ്ടാണെന്നു വ്യക്തമായി പ്രസ്താവിക്കുന്നുണ്ട് (യോഹ. 8: 59). മത്തായി എഴുതിയ സുവിശേഷത്തിൽ പ്രധാന പുരോഹിതനായ കയ്യാഫാസിന്‍റെ വിചാരണക്കിടക്ക് “നീ ദൈവപുത്രനായ മിശിഹായാണോ?” എന്ന ചോദ്യത്തിന് ഈശോ നല്കുന്ന ശരിവച്ചു കൊണ്ടുള്ള മറുപടി ശ്രദ്ധേയമാണ് (മത്തായി 26: 64). സർവ്വശക്തന്‍റെ വലതു വശത്തിരിക്കുന്നവനും വാനമേഘങ്ങളിൽ വരുന്നവനും ആയ മനുഷ്യപുത്രനെ നിങ്ങൾ കാണുമെന്നു തന്നെപ്പറ്റിത്തന്നെ പറഞ്ഞ ഈശോയുടെ വാക്കുകൾ (26: 64) കേട്ടപ്പോൾ എന്തിനാണു കയ്യാഫാസു തന്‍റെ മേൽവസ്ത്രം കീറിക്കൊണ്ടു് ഈശോയുടെ മേൽ ദൈവദൂഷണക്കുറ്റം ചുമത്തിയത് (മത്തായി 26: 65)? താൻ മിശിഹായാണെന്നും മനുഷ്യനാണെന്നും പറഞ്ഞാൽ അതു ദൈവ ദൂഷണമാകില്ല. ദൈവദൂഷണക്കുറ്റം ഉണ്ടെങ്കിലേ വധശിക്ഷക്കർഹനാകൂ. പക്ഷേ, ഈശോ വധശിക്ഷക്ക് അർഹനാണെന്ന കാരണത്താലാണല്ലോ പീലാത്തോസിൽ നിന്നും ആ ശിക്ഷ അവർ ഈശോക്കായി നേടിയെടുത്തതും. ഈശോയെ കുരിശിൽ തറക്കാൻ കൊണ്ടുപോയി എന്നു ഖുറാൻ തന്നെ സമ്മതിക്കുന്നു മുണ്ട്. കുരിശിൽ കിടന്നത് ഈശോയുടെ മുഖം ഉള്ള മറ്റൊരാളായിരുന്നു എന്ന ഇസ്ലാമിക വ്യാഖ്യാനത്തിനു പുറകിൽ അല്ലാഹു തന്‍റെ തന്ത്രം പ്രയോഗിച്ചു യൂദന്മാരെ പറ്റിച്ചതാണെന്നുള്ള ഖുറാന്‍റെ വാദത്തിൽ ഈശോയെ വധശിക്ഷക്കു വിധിച്ചുവെന്നുള്ള സത്യം ഖുറാൻ അംഗീകരിക്കുന്നുവെന്നു തെളിയുന്നു. എന്തിനായിരുന്നു ഈ വധശിക്ഷ എന്ന ചോദ്യം ഇവിടെ ഉയരുന്നു. ഈശോ ചെയ്ത ദൈവദൂഷണം എന്തായിരുന്നുവെന്ന ചോദ്യം അപ്പോഴും പൊങ്ങി വരുന്നു. ഈശോ ദൈവത്തെ ശപിച്ചതായി നാം കാണുന്നില്ല. താൻ ദൈവമാണെന്ന സ്വയദൈവപ്രഖ്യാപനം (self-deification) മാത്രമാണ് ഈശോയുടെ “ദൈവദൂഷണം”!ഇതൊഴിച്ച്, ദൈവത്തെ ഈശോ ശപിച്ചതായോ ദൂഷണം പറഞ്ഞതായോ ഒരു ആരോപണവുമില്ല. “വാനമേഘങ്ങളിൽ വരുന്ന മനുഷ്യപുത്രൻ” വെറുമൊരു മനുഷ്യനല്ലെന്നും മഹോന്നതനായ ദൈവിക വ്യക്തിയാണെന്നും ദാനിയേൽ പ്രവാചകന്‍റെ ദർശനത്തിന്‍റെ (ദാനിയേൽ 7:13-14) അടിസ്ഥാനത്തിൽ യഹൂദന്മാർക്കറിയാമായിരുന്നു. കയ്യാഫാസിനു കാര്യം പിടികിട്ടിയതു കൊണ്ടാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചതും. ഈ സുവിശേഷഭാഗങ്ങൾ തിരുത്തപ്പെട്ടതാണെന്നു പറഞ്ഞു രക്ഷപ്പെടാൻ സാധ്യവുമല്ല! കാരണം, ഈശോക്കു പകരം വേറൊരാൾ “അള്ളാഹുവിന്‍റെ തന്ത്ര പ്രകാരം” കുരിശിൽ തറക്കപ്പെട്ടെന്നു പറയുന്നതിന്‍റെ യുക്തി അവിടെ പൊളിയും! സ്വയം പാപങ്ങൾ ക്ഷമിച്ചതു മൂലം ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ടതും : (മർക്കോസു 2: 5-7), ദൈവത്തെ തന്‍റെ സ്വന്തം പിതാവെന്നു വിളിച്ചതു മൂലം താൻ സ്വയം ദൈവതുല്യനാക്കിയെന്ന കാരണത്താൽ ഈശോയെ കല്ലെറിയാൻ യഹൂദന്മാർ ഒരുങ്ങിയതും (യോഹന്നാൻ 5: 18) ഇതോടൊപ്പം നമ്മൾ കൂട്ടിവായിക്കണം.
നമ്മുടെ കർത്താവായ ഈശോമിശിഹായെ ഒരു പ്രവാചകനായി മറിയത്തിന്‍റെ മകനായ ഈസ മസിഹ എന്ന പേരിൽ ഇസ്ലാം അംഗീകരിക്കുന്നുണ്ടെങ്കിലും ചില ഇസ്ലാമിസ്റ്റുകൾ അവിടുത്തെ പല വിധത്തിൽ പരിഹസിക്കുന്ന രീതിയിൽ സംസാരിക്കാറുണ്ട്. “മദ്യം വിളമ്പുന്ന യേശു”, “കേശു ഈ ഭവനത്തിന്‍റെ നാഥൻ”, “മറിയം പിഴച്ചുപെറ്റ യേശു” എന്നൊക്കെയുള്ള പരിഹാസ ശീർഷകങ്ങൾ നമുക്കു പരിചിതങ്ങളാണല്ലൊ. ദുഷ്ടനോടു ചെറുക്കരുതെന്നും വലതുകരണത്തടിക്കുന്നവന് ഇടതുകരണം കൂടി കാണിച്ചു കൊടുക്കുവിനെന്നുമുള്ള ഈശോയുടെ ഉപദേശത്തെ വിഡ്ഢിത്തരം എന്നു വിശേഷിപ്പിച്ച ഒരു ഇസ്ലാമിസ്റ്റിനെ ചിലർ ശ്രവിച്ചിട്ടുണ്ടാകും. കേരളത്തെ ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റാനുള്ള “വലിയൊരു ദൗത്യം” തങ്ങൾക്കുണ്ടെന്നു കരുതുന്നവരിൽ പ്പെട്ട ഒരാളാണിദ്ദേഹം. വേറെ ചിലരോ എന്നാൽ ഈശോയെ അക്രമകാരിയായി താറടിക്കുവാൻ പരിശ്രമിക്കുന്നു. ഇസ്ലാമിലെ പ്രവാചകനായ മുഹമ്മദിന്‍റെ ജീവിതചര്യകളെപ്പറ്റിയുള്ള ചർച്ചകളിൽ അദ്ദേഹമൊരു അക്രമകാരിയും കൊള്ളക്കാരനും കൊലപാതകിയുമായിരുന്നു എന്നു ചില ക്രൈസ്തവ apologists തുറന്നടിച്ചു വിമർശിക്കുമ്പോൾ അതിനു ബദലായി ക്രിസ്ത്യാനികളുടെ ഈശോ ഒരു അക്രമകാരിയായിരുന്നുവെന്നു വരുത്തിത്തീർക്കുവാൻ ഇക്കൂട്ടർ വെമ്പൽ കൊള്ളുന്നു. അതിനുവേണ്ടി അവർ സുവിശേഷത്തിൽ നിന്നും ഉദ്ധരിക്കുന്ന ഒരു വാക്യമാണ്, “സമാധാനമല്ലാ, വാളാണു” ഞാൻ കൊണ്ടുവന്നിരിക്കുന്നതെന്ന (മത്തായി 10: 34) ഈശോയുടെ പ്രസ്താവന. ബൈബിൾ തിരുത്തപ്പെട്ടതാണെന്നു ശഠിക്കുന്ന ഇക്കൂട്ടർക്ക് ഇത്തരം കാര്യങ്ങൾ വരുമ്പോൾ അതു തിരുത്തപ്പെട്ടതല്ല! ബൈബിൾ കൗശലപൂർവ്വം “തിരുത്തി”യവർക്ക് ഇതുംകൂടി അന്നു തിരുത്താമായിരുന്നല്ലോ എന്ന ചോദ്യത്തിനു മറുപടി എന്താണ്? അതവർ എന്തുകൊണ്ടു വിട്ടു പോയി? എവിടെയൊക്കെയാണു “തിരുത്തലുകളും” “കൈകടത്തലുകളും” കടന്നു കൂടിയതെന്ന കാര്യവും ഏതു കാലഘട്ടത്തിൽ ആണിതു സംഭവിച്ചതെന്നും മുസ്ലീം സഹോദരങ്ങൾ ഇതുവരെ പറഞ്ഞിട്ടുമില്ല! “തിരുത്തപ്പെട്ട” ഇക്കാര്യം “അള്ളാഹു അവസാനമയച്ച” പ്രവാചകൻ എന്നവകാശപ്പെടുന്ന മുഹമ്മദ് എന്തുകൊണ്ടു് അക്കാര്യം വെളിപ്പെടുത്തിയില്ല എന്ന ചോദ്യവുമുദിക്കുന്നു. തന്നെയുമല്ല, മുഹമ്മദു നബി ബൈബിളിനെ അംഗീകരിച്ചതായും നാം വായിക്കുന്നുണ്ടു് അദ്ദേഹത്തേക്കാൾ കൂടുതൽ അറിവു പിന്നീടു വന്ന മുസ്ലീമുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും ലഭിച്ചെന്നാണോ അവകാശപ്പെടു ന്നത്? മുഹമ്മദു നബിയേക്കാൾ ശ്രേഷ്ഠന്മാരാണോ ഇവർ? നബി തന്നെ അംഗീകരിച്ച ബൈബിൾ അപ്പോൾ തെറ്റായിരുന്നെങ്കിൽ നബിയുടെ വിശ്വാസ്യതയും ആധികാരികതയും എങ്ങനെ സാധൂകരിക്കും? മറിച്ച്, നബിക്കു ശേഷമാണു “തിരുത്തലുകൾ” ഉണ്ടായതെങ്കിൽ “തിരുത്തപ്പെടാത്ത” ആ ബൈബിളിന്‍റെ ഒരു കോപ്പിയെങ്കിലും കാണിച്ചു തരട്ടെ! ഇതുവരെയും തിരുത്തൽ വാദക്കാർക്കിതു സാധിച്ചിട്ടുമില്ല.
ഏതായാലും, “തിരുത്തപ്പെടാത്ത” ഒരു സുവിശേഷ വാക്യമാണല്ലോ വാളിനെപ്പറ്റി പരാമർശിക്കുന്ന വാക്യം. തിരുത്തപ്പെട്ടതാണെങ്കിൽ അതേപ്പറ്റി തർക്കിക്കാൻ ഇസ്ലാമിസ്റ്റുകൾക്കു ന്യായമില്ലല്ലോ. ആ വാക്യത്തെപ്പറ്റിത്തന്നെ ചില കാര്യങ്ങൾ നമ്മൾ അറിയേണ്ടതുണ്ട്.
- ആ വാക്യത്തിൽ ഈശോ അക്രമത്തിനു ആഹ്വാനം ചെയ്യുന്നില്ല. മറിച്ച്, താൻ മൂലം അഥവാ തന്നിലുള്ള വിശ്വാസം നിമിത്തം മറ്റുള്ളവർ തന്‍റെ ശിഷ്യന്മാരെ വാളിനിരയാക്കും അഥവാ, ആക്രമിക്കുകയും വധിക്കുകയും ചെയ്യും എന്ന മുന്നറിയിപ്പാണിവിടെ ഈശോ നല്കുന്നത്.
- “ഞാൻ വാളാണു കൊണ്ടുവന്നിരിക്കുന്നത്” എന്നു വാക്കിലൂടെ പറയാതെ തന്നെ പ്രവൃത്തിയിലൂടെ അക്രമം കാണിക്കുവാനുംവാൾ എടുത്തുപയോഗിക്കുവാനും സാധിക്കുമെന്ന ചരിത്ര യാഥാർത്ഥ്യം നാമിവിടെ മറക്കരുത്. അക്രമം പ്രവർത്തിച്ചവരെയും ആക്രമണത്തിന് ആഹ്വാനം ചെയ്തവരെയും ആക്രമണം നയിച്ച വരെയും വെള്ളപൂശാൻ വേണ്ടി ഈശോയെ കൂട്ടുപിടിക്കയോ അപലപിക്കയോ ചെയ്യുന്നതു സത്യസന്ധതക്കെതിരാണെന്നുമോർക്കണം.
- കാരണം, ഈശോയുടെ ഒറ്റ പ്രവൃത്തിപോലും വാളുകൊണ്ടോ മറ്റെന്തെങ്കിലും ആയുധം കൊണ്ടോ ഉള്ള കൊലയോ കൊള്ളയോ ആക്രമണവുമോ ആയിരുന്നില്ല. അക്രമത്തെയും ആക്രമണത്തെയും സ്നേഹത്തോടും സൗമ്യതയോടും ശാന്തതയോടും ക്ഷമയോടും കൂടി നേരിടണമെന്നാണ് ഈശോയുടെ പ്രബോധനവും (മത്തായി 5: 5.9.21.23.38-39.43-45) മാതൃകയും (ലൂക്കാ 22: 50-51; 23: 34; യോഹ. 18: 11).
താൻ കൊണ്ടുവന്നിരിക്കുന്നതു വാൾ ആണെന്നു പറഞ്ഞാൽ താൻ കാരണം തന്‍റെ അനുയായികൾക്കു വാൾ നേരിടേണ്ടിവരുമെന്ന അർത്ഥവുമുണ്ട്. ആക്രമിക്കാൻ ആണെന്നുള്ള അർത്ഥം അതിനുണ്ടാകാമെന്നു സമ്മതിക്കുന്നു. പക്ഷേ, സുവിശേഷത്തിൽ ഈശോ പറയുന്ന സന്ദർഭത്തിൽ ഇതല്ല അതിന്‍റെ അർത്ഥം. ഈശോയുടെ പ്രസ്തുത പ്രസ്താവനക്കു മുൻപായി കൊടുത്തിരിക്കുന്ന വാക്യങ്ങൾ, അതായതു, മത്തായി 10: 16 മുതൽ ഉള്ള വാക്യങ്ങൾ, ഇതു സംശയലേശമെന്യേ വ്യക്തമാക്കുന്നുണ്ടു താനും. “ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെഎന്ന പോലെ” ഞാൻ നിങ്ങളെ അയക്കുന്നു (മത്തായി 10:16) എന്നു പറയുമ്പോൾ ആര് ആരെയാണ് ആക്രമിക്കാൻ സാധ്യതയെന്നതിനെപ്പറ്റി ഒരു സംശയത്തിനുമിടയില്ല. ചെമ്മരിയാടുകൾ ചെന്നായ്ക്കളെ ആക്രമിക്കുമെന്നു മനസ്സിലാക്കുന്നവർ പൊട്ടന്മാരോ സത്യസന്ധതയില്ലാത്തവരോ ആകണം. ശിഷ്യന്മാരെ താൻ ചെന്നായ്ക്കളെപ്പോലെ അയക്കുന്നു എന്നല്ല, മറിച്ച്, ചെമ്മരിയാടുകളെ പോലെ അയക്കുന്നു എന്നാണു പറഞ്ഞത്. ഈശോയിലുള്ള വിശ്വാസം നിമിത്തം തന്‍റെ ശിഷ്യന്മാർക്കും വിശ്വാസികൾക്കും രാജാക്കന്മാരിൽ നിന്നും പ്രമാണികളിൽ നിന്നും വളരെയധികം കഷ്ടപ്പാടുകളും ആക്രമണങ്ങളും സഹിക്കേണ്ടിവരുമെന്ന് ഈശോ മുൻകൂട്ടി പറയുന്ന രംഗമാണത്. ഗിരിപ്രഭാഷണത്തിന്‍റെ അന്ത്യഭാഗത്തായി ഈശോ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടു്. തന്നെ പ്രതി വിശ്വാസികൾ നേരിടാൻ പോകുന്ന ദുരിതങ്ങളെപ്പറ്റി ഈശോ അവിടെയും മുൻകൂട്ടി പറയുന്നുണ്ട് (മത്തായി 5: 11). യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ ഇക്കാര്യം ഈശോ വ്യക്തമായി പറയുന്നുതായി കാണാം (യോഹ. 15: 18-21). വരാനിരിക്കുന്ന മത വിശ്വാസപീഡനത്തിന്‍റെയും ഒറ്റപ്പെടുത്തലുകളുടെയും മർദ്ദനത്തിന്‍റെയുമൊക്കെ വെളിച്ചത്തിൽ ഈ ശോ തന്‍റെ ശിഷ്യന്മാരോടെല്ലാവരോടുമായി ഒരു മുന്നറിയിപ്പായി പറയുകയാണ്, താൻ അവർക്കു ഭൂമിയിൽ കൊണ്ടുവന്നിരിക്കുന്നതു സമാധാനമല്ല, വാളാണ് എന്ന്. എത്രയോ പേർ ഇങ്ങനെ ക്രിസ്തുവിനെ പ്രതി വാളിനിരയായിരിക്കുന്നു! തിരുസ്സഭയുടെ ആരംഭം മുതലേ ഇന്നുവരെയും ഇതു തുടർന്നുകൊണ്ടിരിക്കയാണ്. മർക്കോസു 10: 30 ലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അതുപോലെത്തന്നെ വിശുദ്ധ പത്രോസിന്‍റെ ഒന്നാം ലേഖനം നാലാമദ്ധ്യായം 12 മുതൽ 16 വരെയുള്ള വാക്യങ്ങളിലും (1 പത്രോ. 4: 12-16) ക്രൈസ്തവ വിശ്വാസം മൂലം ഉണ്ടാകാവുന്ന ഭൗമീക ഭവിഷ്യത്തുകളെപ്പറ്റി വ്യക്തമായ പരാമർശമുണ്ട്. ലൂക്കാ 12: 51ൽ ഈശോ പറയുന്നത്, താൻ മൂലം അഥവാ തന്നിലുള്ള വിശ്വാസം മൂലം ഒരു കുടുംബത്തിൽത്തന്നെ ഭിന്നത ഉണ്ടാകുമെന്ന കാര്യവും അറിയിക്കുന്നുണ്ടു്. മത്തായി 10: 34 ൽ പറയുന്ന വാൾ എന്ന പ്രയോഗത്തിന്‍റെ മറ്റൊരു വിശദീകരണമായി ഈശോ തന്നെ നല്കുന്ന ഉദാഹരണമാണിത്. പീഡനവും മർദ്ദനവും ഭിന്നതയും ശത്രുതയുമെല്ലാം ക്രൈസ്തവ വിശ്വാസം മൂലം ശിഷ്യന്മാർ സഹിക്കേണ്ടിവരുമെന്നു ഈശോ തന്‍റെ ശിഷ്യന്മാരെ അറിയിക്കുന്നതിനെ വാളെടുത്തു വെട്ടാനും കൊല്ലാനുമുള്ള ആഹ്വാനമായി ദുർവ്യാഖ്യാനം ചെയ്യുന്നതു സത്യത്തിനും സത്യസന്ധതക്കും ചേർന്നതല്ല. സന്ദർഭം മനസ്സിലാക്കാൻ ശ്രമിക്കാതെ നടത്തുന്ന പൊള്ളയായ ആരോപണം മാത്രമാണത്.
ഇതുപോലെ വിചിത്രവും യുക്തിരഹിതവുമായ മറ്റൊരു വാദമാണു താഴെ. തന്‍റെ ശത്രുക്കളെ തന്‍റെ മുമ്പിൽ വച്ചു കൊന്നുകളയുവിനെന്ന് ഈശോ കല്പിച്ചുവത്രെ! ഈശോ പറയുന്ന ഒരു ഉപമയുടെ അവസാനത്തിൽ, അതിലെ കഥാപാത്രമായ പ്രഭു ദൂരദേശത്തേക്കു പോയി രാജപദവി സ്വീകരിച്ചു തിരിച്ചു വന്നതിനുശേഷം, താൻ രാജാവാകാൻ ഇഷ്ടപ്പെടാതിരുന്നതന്‍റെ ശത്രുക്കളെ തന്‍റെ കൺമുമ്പിൽ വച്ചു “കൊന്നുകളയുവിനെന്നു” പറയുന്ന ഒരു രംഗമുണ്ടു് (ലൂക്കാ 19: 27). ആ കല്പന ഈശോയുടെ ശത്രുക്കൾക്കെതിരെ ഈശോ നല്കിയ കല്പനയായി വ്യാഖ്യാനിക്കു കയാണ് ഇവർ ചെയ്യുന്നത്. യുക്തി ക്കൊട്ടും യോജിക്കാത്തതും യാതൊരു വിധത്തിലും ന്യായീകരിക്കാൻ സാധിക്കാത്തതുമായ ഒരു വാദമാണിത്. ഈശോ പല ഉപമകളും പറഞ്ഞിട്ടുണ്ടു്! അവയിലെ കഥാപാത്രങ്ങളുടെ സ്വഭാവവും വാക്കുകളും ഈശോയിൽ ആരോപിക്കുന്നതിന്‍റെ അടിസ്ഥാനം ദുർവിധിയും കാപട്യവുമല്ലാതെ മറ്റെന്താണ്? “സർപ്പങ്ങളെ പോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്ക്കളങ്കരുമാകുവിൻ” എന്ന് ഈശോ പറഞ്ഞതു (മത്തായി 10: 16) സർപ്പങ്ങളെ പോലെ “വിഷം ചീറ്റുന്നവർ” എന്നാക്കി മാറ്റിക്കൊണ്ടു് ഈശോയെ ഒരു അക്രമകാരിയായി ചിത്രീകരിച്ചു താറടിക്കാൻ ശ്രമിക്കുന്നവരുമുണ്ടു്. ദുഷ്ടവും ബാലിശവുമായ പ്രവണതയാണിത്!
കാനായിലെ വിവാഹ വിരുന്നിൽ വച്ച് ഈശോ അതിഥികൾക്കു മദ്യം കൊടുത്തു് അവരെ ലഹരി പിടിപ്പിച്ചുവെന്നുള്ള ഇസ്ലാമിക വിമർശനവും ഇതുപോലെത്തന്നെ പൊള്ളയാണ്. കാരണം, വെള്ളം വീഞ്ഞാക്കി മാറ്റി അത്ഭുതം പ്രവർത്തിച്ചു എന്നല്ലാതെ ആരെങ്കിലും വീഞ്ഞു കുടിച്ചുന്മത്തരായി എന്നു സുവിശേഷത്തിൽകാണിച്ചിട്ടില്ല (യോഹ. 2). ഏതായാലും, ഈശോയുടെ ഈ അത്ഭുതം ഇസ്ലാമിസ്റ്റുകൾ അംഗീകരിക്കുന്നുവെന്നു വേണമല്ലോ മനസ്സിലാക്കാൻ! ഈ സുവിശേഷ ഭാഗം തിരുത്തപ്പെട്ടതല്ലായെന്നും അവർ അംഗീകരിക്കണമല്ലോ. അങ്ങനെയെങ്കിൽ ഈശോയുടെ ദൈവത്വം വ്യക്തമാക്കുന്ന ഒരു അടയാളമാണതെന്നും അവർ സമ്മതിക്കേണ്ടിവരും. വെള്ളം വീഞ്ഞാക്കി മാറ്റിയ ഈശോയുടെ ദൈവത്വം അവർ അംഗീകരിക്കേണ്ടിവരും!
അക്രമാസക്തതയെപ്പറ്റി പറയുമ്പോൾ ഇസ്ലാമിസ്റ്റുകൾ പറയാറുള്ള വേറൊരു കാര്യം കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. ക്രിസ്ത്യാനികൾ യുദ്ധങ്ങൾ ചെയ്തിട്ടുണ്ടെന്നും അക്രമാസക്തരാണെന്നുമുള്ള വാദം മുസ്ലീമുകൾ ഉന്നയിക്കാറുണ്ടു്. അതിന് ഉപോദ്ബലകമായി കൊണ്ടുവരുന്നതു പാശ്ചാത്യനാമധാരികളായ ചിലരുടെ ഉദാഹരണങ്ങളാണ്. ഗ്രീസിലെ (Macedonia) ചക്രവർത്തിയായിരുന്ന മഹാനായ അലക്സാണ്ടറെയും (Alexander the Great) ജർമ്മൻകാരനായ അഡോൾഫ് ഹിറ്റ്ലറെയും കാണിച്ചു കൊണ്ടു് ക്രൈസ്തവർ ആക്രമകാരികളാണെന്നു തെളിയിക്കാൻ ഇവർ വെമ്പൽ കൊള്ളുന്നു. ഇതിനും പുറമെ മധ്യശതകങ്ങളിലെ കുരിശുയുദ്ധക്കാരെയും ഇന്ത്യയിലും മറ്റു പലയിടങ്ങളിലും അധിനിവേശം നടത്തിയ വിദേശ ശക്തികളെയും പല പ്പോഴായി യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുള്ള അമേരിക്കക്കാരെയും റഷ്യക്കാരെയുമൊക്കെ ഉൾപ്പെടുത്തിക്കൊണ്ടു് ഇവർ ക്രൈസ്തവ വിശ്വാസത്തിനെതിരായി ആരോപണ ശരങ്ങൾ എയ്യുന്നു. അങ്ങനെ ക്രിസ്തുമതത്തെ അപലപിക്കയും ആക്ഷേപിക്കയും ചെയ്യുന്നു. ഓരോ വാദമുഖവും നമുക്കു തനിച്ചു തനിച്ചു പരിശോധിക്കാം.
- a) ഈശോമിശിഹാ ജനിക്കുന്നതിന്, അഥവാ ക്രിസ്തുമതം ഉണ്ടാകുന്നതിനു, നൂറ്റാണ്ടുകൾക്കു മുൻപു ജനിച്ചു മരിച്ച അലക്സാണ്ടർ ചക്രവർത്തി (356 – 323 ബി. സി.) എങ്ങനെ ഒരു ക്രിസ്ത്യാനി ആയിരുന്നുവെന്നു പറയാൻ കഴിയും? ഇതൊക്കെ പറയുന്നവരുടെ വിവരക്കേടും ചരിത്രബോധവും സഹതാപാർഹം എന്നല്ലാതെ എന്തു പറയാൻ? വസ്തുനിഷ്ഠതയും ചരിത്രജ്ഞാനവും ഇല്ലാതെ വാദത്തിനും വിവാദത്തിനും സംവാദത്തിനും വരുന്നവരെ നമ്മൾ തിരിച്ചറിയണം! യുക്തിയും അറിവും സത്യസന്ധതയും ഏതൊരു ചർച്ചക്കും അത്യാവശ്യമാണ്. “ബൈബിൾ അനുസരിച്ച് മുൻ വേദക്കാർ (യൂദന്മാരും ക്രിസ്ത്യാനികളും) ജീവിച്ചിരുന്നെങ്കിൽ അവർക്കു ഭക്ഷണത്തിനു യാതൊരു മുട്ടുമുണ്ടാകുമായിരുന്നില്ല” എന്നൊരു പ്രസ്താവന ഖുറാനിലുണ്ടെന്നു പറഞ്ഞുകൊണ്ടു് ബൈബിൾ തിരുത്തിയെന്നു ഖുറാൻ പറയുന്നുണ്ടെന്നു സമർത്ഥിക്കാൻ വെമ്പിടുന്നതിന്‍റെ യുക്തി മനസ്സിലാകുന്നുണ്ടോ? മാത്രവുമല്ല, യൂദന്മാർക്കും ക്രിസ്ത്യാനികൾക്കും ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടായ കാലം ഏതാണാവോ? അങ്ങനെ ഉണ്ടായിരുന്നെങ്കിൽത്തന്നെ അവർ ബൈബിൾ തിരുത്തിയെന്നാണോ ബൈബിൾ പ്രകാരം ജീവിച്ചില്ലായെന്നാണോ ഖുറാൻ പറയുന്നത്? Alexander എന്ന പേരുണ്ടായിരുന്നതിനാൽ Alexander the Great ഒരു ക്രിസ്ത്യാനിയായിരുന്നുവെന്നു സങ്കൽപ്പിച്ചിട്ടു വാദിക്കുന്നതിന്‍റെ യുക്തി എവിടെയാണ്? അലക്സാണ്ടർ ചക്രവർത്തി ക്രിസ്ത്യാനി ആയിരുന്നുവെന്നു തന്നെ വാദത്തിനു വേണ്ടി സങ്കല്പിച്ചാലും അദ്ദേഹത്തിന്‍റെ ആക്രമണങ്ങൾ ഈശോയുടെ ഏതു പ്രബോധനമനുസരിച്ചായിരുന്നു?
- b) ജർമ്മനിയിലെ അഡോൾഫ് ഹിറ്റ്ലറെ എടുക്കാം. അയാൾ കിസ്തുവിനോടുള്ള സ്നേഹവും പ്രതിബദ്ധതയും മൂലം ആക്രമണങ്ങൾ നടത്തിയതാണോ? എന്തുകൊണ്ടയാൾ ആര്യവംശജരെ പരിഗണിച്ചു? ക്രൈസ്തവ മെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും ക്രൂരമായി പീഡിപ്പിച്ചു?
- c) സുവിശേഷത്തിലെ ഏതു വാക്യത്തിന്‍റെ അടിസ്ഥാനത്തിലാണ് കുരിശു യുദ്ധക്കാരും അമേരിക്കക്കാരും റഷ്യക്കാരും മറ്റ് അധിനിവേശ ശക്തികളുമൊക്കെ ആക്രമണങ്ങൾ നടത്തിയത്?
തങ്ങളുടെ മതഗ്രന്ഥത്തിനു വിരുദ്ധമായി ഒരു കാര്യം ചെയ്യുന്നതും മതഗ്രന്ഥത്തിന് അനുസൃതമായി ഒരു കാര്യം ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടു്. അവിശ്വാസികൾക്കെതിരെ അവർ സത്യമതം സ്വീകരിക്കുന്നതു വരെ യുദ്ധം ചെയ്യണമെന്ന നിർദ്ദേശം ഈശോ നല്കിയിട്ടില്ല. “തിരുത്തപ്പെട്ട” സുവിശേഷങ്ങളിൽ ഇല്ലെങ്കിൽ “തിരുത്തപ്പെടാത്ത” സുവിശേഷങ്ങളിൽ അതുണ്ടായിരുന്നു എന്നാണോ വാദം? അങ്ങനെയെങ്കിൽ അതു “തിരുത്തേണ്ടി”യില്ലായിരുന്നല്ലോ!
ഇസ്ലാമിന്‍റെ അവകാശ വാദത്തെയും പ്രബോധനത്തെയും സ്പഷ്ടമായി ഖണ്ഡിക്കുന്ന പ്രസ്താവനകൾ ബൈബിളിൽ നിന്നും കാണിച്ചു കൊടുക്കുമ്പോൾ സത്യസന്ധമായി അതംഗീകരിക്കുന്നതിനു പകരം ബൈബിൾ തിരുത്തപ്പെട്ടതാണെന്ന എതിർവാദമാണ് ഇസ്ലാമിസ്റ്റുകൾ സാധാരണയായി ഉന്നയിക്കാറുള്ളത്. വി. ബൈബിൾ തിരുത്തപ്പെട്ടതാണെന്നു മുഹമ്മദു പറഞ്ഞിട്ടില്ല താനും! മാത്രവുമല്ല, ബൈബിളിനെ അംഗീകരിച്ചു കൊണ്ടു മുഹമ്മദു വിധി പ്രസ്താവിക്കുന്ന ഒരു രംഗവും അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നമ്മൾ കാണുന്നുമുണ്ട്. മുൻവേദങ്ങളെ ശരിവച്ചു കൊണ്ടാണ് അള്ളാഹു മുഹമ്മദിനു ഖുറാൻ ഇറക്കിക്കൊടുത്തതെന്നും ഇസ്ലാം പ്രസ്താവിക്കുന്നു. മോശക്കു തോറാ നൽകിയതും ഈശോക്കു സുവിശേഷം നൽകിയതും അള്ളാഹു തന്നെയാണെന്നും മുസ്ലീമുകൾ അവകാശപ്പെടുന്നു. മോശക്കു യാഹ്വെ നൽകിയ നിയമത്തെ (Torah) ഇസ്ലാമിൽ പറയുന്നത്, മൂസാ നബിക്കു നൽകപ്പെട്ട തൗറാത്തെന്നാണ്. അതുപോലെത്തന്നെ, ഈശോ മിശിഹായുടെ സുവിശേഷത്തെ ഇൻജീലെന്നും വിളിക്കുന്നു, ഈ സാ നബിക്കു നൽകപ്പെട്ട ഇൻജീൽ! ഇവ രണ്ടും കൊടുത്തതോ, അള്ളാഹുവും! ഇസ്ലാം പറയുന്നു. Evangelion എന്ന ഗ്രീക്കുപദത്തിന്‍റെ അഥവാ, Evangelium എന്ന ലത്തീൻ വാക്കിന്‍റെ അറബി വാക്കാണ് Injil. ഏതായാലും, തൗറാത്തും ഇൻജീലും അള്ളാഹു മോശക്കും ഈശോക്കും യഥാക്രമം സ്വർഗ്ഗത്തിൽ നിന്നും ഇറക്കിക്കൊടുത്തുതാണത്രെ! ഈസാ നബിയെന്നു പറയുന്നയാൾ യഥാർത്ഥത്തിൽ നമ്മുടെ കർത്താവായ ഈശോമിശിഹാ അല്ലെന്നതാണു വസ്തുത. ഇതേപ്പറ്റി മുൻ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളതാണ്. രണ്ടു കാരണങ്ങൾ മാത്രം ഇവിടെ സൂചിപ്പിക്കട്ടെ. ഒന്ന്, ഈസാ നബിയുടെ അമ്മ ഹാറൂന്‍റെ (അഹറോന്‍റെ) സഹോദരി മറിയം ആയിരുന്നത്രെ! രണ്ടു്, ഈസാ നബി ക്രൂശിതനായി മരിച്ചിട്ടില്ലത്രെ!
തൗറാത്തും ഇൻജീലും തിരുത്തപ്പെട്ടുവെന്നു ഇസ്ലാമിസ്റ്റുകൾ അവകാശപ്പെടുമ്പോൾ ഒരു കാര്യം അവർ അറിയാതെ പറയുന്നത്, അവ രണ്ടും നൽകിയ അള്ളാഹു ഈ തിരുത്തലുകളെ ഒഴിവാക്കാൻ ശക്തിയില്ലാത്തവൻ ആണെന്നാണ്. തിരുത്തപ്പെടാത്ത ഒരു കോപ്പിയെങ്കിലും ഇതുവരെയും ഈ അള്ളാഹുവിനു കാണിച്ചു തരാൻ പറ്റിയിട്ടുമില്ല. തിരുത്തപ്പെട്ട ബൈബിളിനെയാണ് മുഹമ്മദു ശരിവച്ചതെങ്കിൽ അതു തന്നെ വലിയ കുറ്റകൃത്യമായിരുന്നു. മുൻ വേദങ്ങളെ ശരിവച്ചു കൊണ്ടാണ് ഖുറാൻ ഇറക്കിയെന്നു പറയുമ്പോൾ തിരുത്തപ്പെടാത്ത തൗറാത്തും ഇൻജീലുമായിരിക്കണമല്ലോ അവ. അഥവ, ഏഴു നൂറ്റാണ്ടുകൾക്കു ശേഷം അവ തിരുത്തപ്പെട്ടതാണെങ്കിൽ ഏതെല്ലാം സ്ഥലങ്ങളിൽ പോയി അവ തിരുത്തേണ്ടി വന്നേനെ! ഒരു കോപ്പിയെങ്കിലും തിരുത്തപ്പെടാതെ ഇതിനകം കണ്ടു കിട്ടുമായിരുന്നല്ലോ? ഏഴു നൂറ്റാണ്ടുകൾ കൊണ്ടു് ബൈബിൾ എവിടെയെല്ലാം എത്തിക്കാണുമെന്ന് ഊഹിക്കാനാകുമോ? ഏതെല്ലാം കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും സ്ഥാപനങ്ങളിലും? അവിടെയൊക്കെ പോയി തിരുത്തൽ നടത്തിയെന്നോ? ബൈബിൾ തിരുത്തൽ വാദത്തിന്‍റെ “യുക്തി”യും “ശക്തി” യും എന്തുമാത്രമാണെന്നു മനസ്സിലാക്കാൻ മറ്റൊന്നും പരിഗണിക്കേണ്ടതില്ല.
ഇസ്ലാം വിശ്വാസം സ്വീകരിക്കാത്തവരെ, അതായത്, അമുശ്ലീമുകളെ പൊതുവായി ഇസ്ലാം വിളിക്കുന്നതു കാഫിറുകൾ എന്നാണ്. അവിശ്വാസികൾ, സത്യനിഷേധികൾ എന്നൊക്കെയാണർത്ഥം. കാഫിറുകൾ ഇസ്ലാം മതം സ്വീകരിക്കുന്നതുവരെ അവരോടു യുദ്ധം (ജിഹാദു) ചെയ്യണമെന്നും അവർ ആ വിശ്വാസം സ്വീകരിച്ചില്ലെങ്കിൽ അവരെ ഉന്മൂലനം ചെയ്യണമെന്നും ഇസ്ലാം നിഷ്കർഷിക്കുന്നു. ഇതു സംബന്ധിച്ചും താഴെ പറയുന്നതു സംബന്ധിച്ചും രാഷ്ട്രീയ ഇസ്ലാം (political Islam) എന്നും, ഇസ്ലാം മതം (religious Islam) എന്നും നമ്മൾ വിവേചിക്കണമെന്നു പറയുന്നവർ ഉണ്ടു്. നമുക്കുള്ള ശ്രോതസ്സു ഇസ്ലാമിന്‍റെ ഔദ്യോഗിക ഗ്രന്ഥമായ ഖുർആനും ചരിത്ര വസ്തുതകളുമാണ്. അവിശ്വാസികളും ബിംബാരാധകരും ബഹുദൈവ വിശ്വാസികളും നരകത്തീയിൽ നിത്യശിക്ഷ അനുഭവിക്കുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. എത്ര ധാർമ്മികമായി, സന്മാർഗിയായി ജീവിച്ചാലും അള്ളാഹുവിനെ അംഗീകരിച്ചില്ലെങ്കിൽ യാതൊരു പ്രയോജനവുമില്ലത്രെ. അല്ലാഹുവിൽ വിശ്വസിക്കാത്തവർക്കു നരക ശിക്ഷ. എത്ര വലിയ പാപം (തിന്മ) ചെയ്താലും അള്ളാഹുവിൽ വിശ്വസിച്ചാൽ നരകശിക്ഷ ഉണ്ടാകില്ലെന്നും അഥവ ശിക്ഷയിൽ നിന്നു മോചന മുണ്ടാകുമെന്നും ഒറ്റപ്പെട്ട മുസ്ലീം സിദ്ധാന്തങ്ങളുമുണ്ട്. പരിശുദ്ധ ത്രിത്വത്തിൽ വിശ്വസിക്കുന്നതുകൊണ്ടു ക്രിസ്ത്യാനികളെ പൊതുവായി കാഫിറുകൾ എന്നു മാത്രമല്ല, ബഹുദൈവ വിശ്വാസികളായും ഇസ്ലാം കണക്കാക്കുന്നു. എന്നാൽ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്: ക്രിസ്ത്യാനികൾക്കു പ്രത്യേകമൊരു പരിഗണന ഇസ്ലാം നൽകുന്നു മുണ്ടു്. എന്താണത്? ഒന്നുകിൽ മുസ്ലീം ആകുക അല്ലെങ്കിൽ വധിക്കപ്പെടുക എന്നതിനു പുറമെ മറ്റു കാഫിറുകൾക്കില്ലാത്ത മൂന്നാമതൊരു സാദ്ധ്യത (option) ക്രൈസ്തവർക്ക് ഇസ്ലാം കൊടുത്തിരുന്നു. യഹൂദന്മാർ (യഹൂദികൾ) ക്കും ഇസ്ലാം ഈ ആനുകൂല്യം കൊടുക്കുന്നുണ്ടു്. ജിസിയ (jizia, jizya, jizyah) എന്നു വിളിക്കപ്പെടുന്ന കപ്പം കൊടുക്കുകയാണെങ്കിൽ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും മുസ്ലീമുകളുടെ കീഴിൽ ജീവിക്കുകയും മതം അനുഷ്ഠിക്കുകയും ചെയ്യാം. അല്ലെങ്കിൽ നാടു വിട്ടു പോകാം. ഖുറാൻ 9:29 ൽ ജിസ്സിയ പ്പറ്റി പറയുന്നുണ്ടു്. മുഹമ്മദു നബിയുടെ കാലത്തു നടപ്പിലായിരുന്ന ഈ രീതി ഓട്ടോമാൻ സാമ്രാജ്യത്തി (Ottoman Empire) ലും ഭാരതത്തിലെ മുഗൾ സാമ്രാജ്യത്തിലും നടന്നിരുന്നു. അക്കാലത്തു ഹിന്ദുക്കൾക്കും പാഴ്സികൾക്കും ഇതു ബാധകമാക്കിയിരുന്നു. ജിസിയ എന്ന കപ്പം വളരെ ഉയർന്നൊരു നികുതിയാണ്. രണ്ടാം കിട പൗരനെപ്പോലെയാണെങ്കിലും സ്വന്തം നാട്ടിൽ ജീവിക്കാൻ ഈ കപ്പം വഴി യഹൂദനും ക്രൈസ്തവനും സാധിക്കുമെന്നുള്ളതാണു സവിശേഷത. ഇങ്ങനെ ജി സിയ കപ്പം കൊടുക്കുന്നവരെ വിളിച്ചിരുന്നത് ദിമ്മികൾ (Dhimmis) എന്നായിരുന്നു. ദിമ്മികൾക്കു വരുമാനത്തിന്‍റെ പകുതിയോളം തന്നെ കപ്പമായി കൊടുക്കണമെന്നതിനു പുറമെ, പല വിധ ദാസ്യവൃത്തികളും മുസ്ലീമുകൾക്കു ചെയ്തു കൊടുക്കേണ്ടിയിരുന്നു. ജിസിയ കൊടുക്കുന്നവർ എളിമപ്പെട്ടു കഴിഞ്ഞുകൂടിക്കൊള്ളണമെന്നായിരുന്നു ചിന്താഗതി. അവർ പൗരാവകാശമില്ലാത്തവരാണ്. അവരുടെ ഭവനങ്ങളിൽ ഒരു മുസ്ലീമിനു യാത്രയിലായിരിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ഒരു മുന്നറിയിപ്പും കൊടുക്കാതെ കയറി ചെല്ലാനും വിശ്രമിക്കാനും സ്വാതന്ത്ര്യവും അവകാശമുണ്ട്. അതനുസരിച്ചു മുസ്ലീമുകളെ ശുശ്രൂഷിക്കുകയെന്നതു ദിമ്മികളുടെ കടമയാണ്. ജിസിയാ/ദിമ്മി സംവിധാനം പുനരുജ്ജീവിപ്പിക്കാൻ താലിബാനും മറ്റു ചില തീവ്ര ഇസ്ലാമിക സംഘടനകളും പരിശ്രമിക്കുന്നതായി പറയപ്പെടുന്നു.
ക്രിസ്ത്യാനികൾക്കും യഹൂദന്മാർക്കും ഇസ്ലാം പ്രത്യേക പരിഗണന കൊടുക്കുന്നതിന്‍റെ കാരണമെന്താണ്? തങ്ങളെപ്പോലെത്തന്നെ, യഹൂദരെയും ക്രിസ്ത്യാനികളെയും “പുസ്തകത്തിന്‍റെ ജനം” (People of the Book) ആയി ഇസ്ലാം കണക്കാക്കുന്നു എന്നുള്ളതാണ് ഒരു കാരണം. മറ്റു പല മതങ്ങൾക്കും അവയുടേതായ വിശുദ്ധ ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലുംഎന്തുകൊണ്ടാണു ജൂതന്മാരെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും മാത്രം “പുസ്തകത്തിന്‍റെ ജനം” എന്നു മുസ്ലീമുകൾ വിളിക്കുന്നത്? ഇസ്ലാമിക വീക്ഷണത്തിൽ ഈ മൂന്നു കൂട്ടർക്കു മാത്രമാണു ദൈവം പുസ്തകം കൊടുത്തിട്ടുള്ളൂ എന്നതു തന്നെയാണതിന്‍റെ കാരണം. മറ്റു മത ഗ്രന്ഥങ്ങളെല്ലാം തന്നെ കേവലം മനുഷ്യ പ്രബോധനങ്ങൾ ആണെന്നാണ് ഇസ്ലാമിന്‍റെ പക്ഷം. ദൈവം നേരിട്ടു വെളിപ്പെടുത്തിയിട്ടുള്ളതു യൂദന്മാർക്കും ക്രിസ്ത്യാനികൾക്കും മുസ്ലീമുകൾക്കും മാത്രമാണത്രെ. ദൈവത്തിന്‍റെ വെളിപാടു പുസ്തക രൂപേണ ലഭിച്ചിട്ടുള്ളതു ഈ മൂന്നു കൂട്ടർക്കുമാത്രമാണെന്നും ഇസ്ലാം വിശ്വസിക്കുന്നു. “വേദം നൽകപ്പെട്ടിട്ടുള്ളവർ”, “മുൻ വേദക്കാർ” എന്നൊക്കെ ഇവരെ (യഹൂദരെയും ക്രിസ്ത്യാനികളെയും) ഇസ്ലാം വിളിക്കുന്നതിന്‍റെ കാരണവും ഇതു തന്നെയാണ്. ബൈബിളിലെ തോറ, സങ്കീർത്തനങ്ങൾ, സുവിശേഷങ്ങൾ എന്നിവയും ഖുറാനും ചേർന്നതാണു പുസ്തകം എന്നതുകൊണ്ടു മുസ്ലീമുകൾ വിവക്ഷിക്കുന്നത്. ഈ പുസ്തകം ദൈവം മൂസാ, ദാവൂദ്, ഈസാ, മുഹമ്മദ് എന്നീ നബിമാർക്കു നേരിട്ടിറക്കിക്കൊടുത്തു എന്നാണ് ഇസ്ലാമിക വിശ്വാസം. ഇവയെല്ലാം കൂടിയാണു പുസ്തകമെന്നു വിവക്ഷിക്കുന്നത്. അതിനാൽ വിശുദ്ധ ബൈബിൾ ഇസ്ലാമിക വീക്ഷണത്തിൽ പുസ്തകത്തിന്‍റെ ഒരു ഭാഗമേ ആകുന്നുള്ളൂ. യഹൂദ-ക്രൈസ്തവ വിശ്വാസ പാരമ്പര്യമനുസരിച്ചു വിശുദ്ധ ഗ്രന്ഥത്തിലെ പഞ്ചഗ്രന്ഥി (Pentateuch) അഥവാ “തോറ” (Torah) എന്നറിയപ്പെടുന്ന നിയമഭാഗം കർത്താവായയാഹ്വെ (Yahweh Adonai) സീനായ് മലയിൽ (ഹോ റെബിൽ) വച്ച് മോശക്കു നേരിട്ടു നല്കിയ, വെളിപ്പെടുത്തിയ, കല്പനയാണ്. സങ്കീർത്തനങ്ങൾ എന്നു പറയുന്നതു പ്രധാനമായും ദാവീദു രചിച്ചിട്ടുള്ള പ്രാർത്ഥനാ ഗീതങ്ങളാണ്. തോറയെ ഇസ്ലാം വിളിക്കുന്നതു തൗറാത്തെന്നാണ്. ക്രൈസ്തവ വിശ്വാസ പ്രകാരം ദൈവത്തിന്‍റെ നിത്യവചനം ഈശോ മിശിഹാ ആയി മനുഷ്യാവതാരം ചെയ്തു വെളിപ്പെടുത്തിയതാണു സുവിശേഷം. ഇതിനെ ഗ്രീക്കു ഭാഷയിൽ സദ്വാർത്ത എന്നർത്ഥമുള്ള Euangelion എന്നും ലത്തീൻ ഭാഷയിൽ Evangelium എന്നും വിളിക്കുന്നു. ആ അർത്ഥം നിലനിർത്തിക്കൊണ്ടാണ് ഇംഗ്ലീഷിൽ Gospel (Good Spell, Good News) എന്ന പദം വന്നത്. ഇസ്ലാമിന്‍റെ അറബി ഭാഷയിൽ Evangelium എന്നതിനെ ഇൻജീൽ (Injil) എന്നു മാറ്റി. ദൈവാരൂപിയാൽ നിവേശിതരായി (inspired) സുവിശേഷകന്മാർ (മത്തായി, മർക്കോസു, ലൂക്കാ, യോഹന്നാൻ) ഈശോയുടെ വാമൊഴിയായസുവിശേഷത്തെ വരമൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളതാണു സുവിശേഷ ഗ്രന്ഥങ്ങൾ.അല്ലാതെ, ഈശോ കൈയിൽ പിടിച്ചു കൊണ്ടുവന്നതോ, സുവിശേഷകന്മാർക്കു ദൈവം നേരിട്ടു കൊടുത്തതോ, പദാനുപദം പറഞ്ഞു കൊടുത്ത് എഴുതിപ്പിച്ചതോ ആയ പുസ്തകങ്ങൾ അല്ല സുവിശേഷ ഗ്രന്ഥങ്ങൾ. വി. മത്തായിയുടെ അഥവ വി. മത്തായി എഴുതിയ സുവിശേഷം എന്നൊക്കെ പറയുമ്പോൾ അതു മത്തായി കൊണ്ടുവന്ന സുവിശേഷ മെന്നല്ല അർത്ഥം. പ്രത്യുത, ആദിമ ക്രൈസ്തവ സഭയിൽ വാമൊഴി പാരമ്പര്യമായി (oral tradition) നിലനിന്നിരുന്ന ഈശോ മിശിഹായുടെ സന്ദേശം വിശ്വാസ പാരമ്പര്യത്തെയും മറ്റു വിശ്വസനീയ സ്രോതസ്സുകളെയും ആധാരമാക്കി പരിശുദ്ധാരൂപിയുടെ നിവേശനത്തിന്‍റെ സഹായത്താൽ എഴുതിയ ഗ്രന്ഥമാണത്. ആരെ ഉദ്ദേശിച്ചാണോ അതെഴുതിയത് എന്നതിന്‍റെ വെളിച്ചത്തിൽ മത്തായി അതിൽ തന്റേതായ സമയ ക്രമീകരണം നടത്തുകയും വിശദീകരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നു നിഷേധിക്കുന്നില്ല. പക്ഷേ, അതിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ സത്യമാണ്. ചില കാര്യങ്ങൾ ആദ്യം പറഞ്ഞോ രണ്ടാമതു പറഞ്ഞോ എന്നുള്ളതു പറഞ്ഞതിന്‍റെ യാഥാർത്ഥ്യത്തെ ബാധിക്കുകയില്ലല്ലൊ. തിരുസ്സഭയുടെ ഔദ്യോഗിക അംഗീകാരം (canonical approval) ലഭിച്ചതു വഴി അതു ക്രിസ്തീയ വിശ്വാസത്തിന്‍റെ ഒരു അടിസ്ഥാന ഗ്രന്ഥവും സ്രോതസ്സുമായി മാറി. ഇതുപോലെത്തന്നെ മറ്റു സുവിശേഷ ഗ്രന്ഥങ്ങളും.
ഇസ്ലാമിന്‍റെ വിശ്വാസമനുസരിച്ച് ഖുറാൻ എന്നതു അമ്പതിനായിരം വർഷങ്ങൾക്കു മുമ്പു തന്നെ അള്ളാഹു സ്വർഗ്ഗത്തിൽ സൂക്ഷിച്ചു വച്ചിരുന്നതും ജിബ്രിൽ മലക്കു (ഗബ്രിയേൽ മാലാഖ) വഴി അന്ത്യ പ്രവാചകൻ മുഹമ്മദിനു 23 കൊല്ലങ്ങളുടെ കാലയളവിൽ സന്ദർഭാനുസൃതം, പദാനുപദം പറഞ്ഞു കൊടുത്തതുമായ ഒരു ഗ്രന്ഥമാണ്. ഇതാണു യഹൂദ-ക്രൈസ്തവ വിശ്വാസ പാരമ്പര്യവും ഇസ്ലാമിക വിശ്വാസ പാരമ്പര്യവും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം. യഹൂദന്മാരും ക്രിസ്ത്യാനികളും മുസ്ലീമുകളും അബ്രാഹത്തിന്‍റെ പരമ്പരയിൽ പെട്ടവരാണെന്നും ഇസ്ലാം വിശ്വസിക്കുന്നുണ്ട്. അതിനാൽ അവർ തമ്മിൽ ബന്ധമുള്ളവരാണെന്നും അവർ കരുതുന്നു. യഹൂദന്മാർ ഇസഹാക്കിന്‍റെയും അറബി മുസ്ലീമുകൾ ഇസ്മായേലിന്‍റെയും സന്തതി പരമ്പരയാണെന്നാണ് ഇസ്ലാമിന്‍റെ മറ്റൊരു പ്രബോധനം. പിതാവായ അബ്രാഹം (ഇബ്രാഹിം) ഒരു പ്രവാചകനാണെന്നും യഹൂദരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെ യും പൊതു പിതാവും പൂർവികനുമാണെന്നുമുള്ള അടിസ്ഥാനത്തിലാണു മുസ്ലീമുകൾ യഹൂദരെയും ക്രൈസ്തവരെയും തങ്ങളോടു ബന്ധപ്പെട്ടവരായി കാണുന്നത്. ഇസ്ലാം ആരാധിക്കുന്ന ദൈവം (അള്ളാഹു) ക്രൈസ്തവർ വിശ്വസിക്കുന്ന ദൈവം തന്നെയാണെന്നും ഇസ്ലാം യഥാർത്ഥ ഏകദൈവ വിശ്വാസമാണെന്നും ഇസ്ലാം അവകാശപ്പെടുന്നു. ഇതിനെ അപ്പാടെ അംഗീകരിക്കുന്ന പ്രവണത കത്തോലിക്കാതിരുസ്സഭയിൽ ഉണ്ടെന്നുള്ളതിന്‍റെ സൂചനകളാണു രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ Lumen Gentium, Nostrae Aetate എന്ന പ്രമാണ രേഖകളിലെ ചില പരാമർശങ്ങൾ. അതു കൗൺസിലിന്‍റെ അന്നത്തെ താത്വികമായ കാഴ്ചപ്പാടാണെന്നതിലുമുപരി തിരുസ്സഭയുടെ ഔദ്യോഗിക, ആധികാരിക പ്രബോധനമാണെന്നോ ദൈവശാസ്ത്ര പരമായ സമീപനമാണെന്നോ കരുതേണ്ടതില്ലെന്നു ന്യായമായി വാദിക്കുന്നവരും അഭിപ്രായപ്പെടുന്നവരുമായ ദൈവശാസ്ത്രജ്ഞന്മാരും ചിന്തകരുമുണ്ടു്. എന്നാൽ, ദൈവം മനുഷ്യർക്കു സ്വയം വെളിപ്പെടുത്തിയെന്ന പ്രമേയത്തിൽ യഹൂദ വിശ്വാസവും ക്രൈസ്തവ വിശ്വാസവും ഇസ്ലാമും ഐക്യപ്പെട്ടിരിക്കുന്നു എന്നുള്ളതു വാസ്തവമാണ്. എങ്കിലും, അവ തമ്മിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടെന്നു പറയാതിരിക്കാൻ വയ്യാ.3
ദൈവത്തിന്‍റെ പേരു യാഹ്വെക്കു പകരം ഇസ്ലാമിൽ അള്ളാഹു എന്നായി മാറുന്നു. ഇസ്ലാമിനു മുമ്പുണ്ടായിരുന്ന അറബികളുടെ ഖുറേഷി ഗോത്രത്തിലെ 360 ദേവന്മാരിലെ ഒരു പ്രമുഖ ദേവൻ ആയിരുന്നു അള്ളാഹു (Al Lah). മുഹമ്മദു ജനിച്ചത് ഈ ഖുറേഷി ഗോത്രത്തിലായിരുന്നു. അതിലെ ബഹുദൈവവിശ്വാസപ്രകാരം അള്ളാഹുവിനു ലാത്ത (Al Lat), ഉസ്സ (Al Uzza), മനാത്ത (Al Mannat) എന്നു പേരുള്ള മൂന്നു പെൺമക്കളും ഉണ്ടായിരുന്നു. അവരും ദൈവങ്ങളായി വണങ്ങപ്പെട്ടിരുന്നു. മുഹമ്മദു ബഹുദൈവ വിശ്വാസം ഉപേക്ഷിക്കുകയും അള്ളാഹു (അല്ലാഹു) വിനെ ഏക ദൈവവും സ്രഷ്ടാവുമായി അംഗീകരിക്കുകയും ചെയ്തു. അള്ളാഹുവിനു പങ്കുകാരില്ലെന്നും അള്ളാഹു ആ ണ് ഏക ദൈവമെന്നും താൻ അള്ളാഹുവിന്‍റെ റസൂൽ (സന്ദേശ വാഹകൻ) ആണെന്നും അതെല്ലാവരും അംഗീകരിക്കണമെന്നുമായി രുന്നു മുഹമ്മദിന്‍റെ ശാഠ്യം. റസൂൽ എന്നതിനു പകരം നബി (പ്രവാചകൻ) എന്നും അറബിയിൽ പറയുന്നു. അങ്ങനെ മുഹമ്മദു “മുഹമ്മദു നബി” യായി അറിയപ്പെടാൻ തുടങ്ങി. ഒരു ലക്ഷത്തിൽ പരം പ്രവാചകന്മാരെ അല്ലാഹു അയച്ചിട്ടുണ്ടെന്നും അവരിൽ ഏറ്റം ശ്രേഷ്ഠനും അവസാനത്തേതുമായ പ്രവാചകൻ താനാണെന്നും മുഹമ്മദ് അവകാശപ്പെട്ടു. ഇസ്ലാമിന്‍റെ വിശ്വാസവും അതു തന്നെ. ഇസ്ലാം എന്ന മതം ചരിത്രത്തിൽ ഉടലെടുക്കുന്ന തു മുഹമ്മദു നബിയോടു കൂടിയാണ്. ആറാം നൂറ്റാണ്ടിലാണദ്ദേഹം ജനിച്ചത്. ഏഴാം നൂറ്റാണ്ടിൽ (A. D. 610) ആണ് ഇസ്ലാം മതത്തിന്‍റെ ആവിർഭാവം. പിന്നെ എങ്ങനെയാണ് മുഹമ്മദു നബിക്ക് ഉദ്ദേശം 2400 കൊല്ലം മുമ്പു ജീവിച്ച അബ്രാഹം (ഇബ്രാഹിം) മുസ്ലീം ആയിരുന്നുവെന്നു ഇസ്ലാം മത വിശ്വാസികൾ ശഠിക്കുന്നതെന്നു ഗ്രഹിക്കാൻ പ്രയാസം. കാരണം, മുൻ വേദക്കാർ (യഹൂദരും ക്രൈസ്തവരും) തെറ്റു ചെയ്തതു കൊണ്ടാണ് വീണ്ടും അന്ത്യ പ്രവാചകനായ മുഹമ്മദു വഴി ശരിയായ വെളിപാടു ഖുറാൻ എന്ന പുസ്തകം (കിത്താബു) വഴി അല്ലാഹു കൊടുത്തതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അപ്പോൾ മുതലാണല്ലൊ മുസ്ലീം ഉണ്ടാകുന്നത്. മുൻ വേദങ്ങളെ ശരിവച്ചു കൊണ്ടാണു ഖുറാൻ ഇറക്കിയതെന്ന വാദം എങ്ങനെ ഇവിടെ നില നില്ക്കുമെന്നതും പ്രശ്നമാണ്. ചില നിരീക്ഷകർ ചോദിക്കുന്നു, മുൻ വേദക്കാർ അതനുസരിച്ചു ജീവിച്ചില്ലെങ്കിൽ അതനുസരിച്ചു ജീവിക്കാൻ അല്ലേ മനുഷ്യരോടു കല്പിക്കേണ്ടത്? പുതിയ ഒരു വേദം കൊടുക്കുകയാണോ പ്രതിവിധി? ഈ ചോദ്യങ്ങൾ ക്കെന്താണ് ഇസ്ലാം പണ്ഡിതരുടെ ഉത്തരമെന്നറിയില്ല.
യഹൂദരോടും ക്രൈസ്തവരോടും ഇസ്ലാമിനു പൊതുവായി നിഷേധാത്മകവും ശത്രുതാപരവുമായ മനോഭാവമുണ്ടെന്നുള്ളതു വാസ്തവമാണ്. എല്ലാ മുസ്ലീമുകളും ഇങ്ങനെയുള്ള നിലപാടുള്ളവരാണെന്നു പറയുന്നതു ശരിയല്ല താനും. പക്ഷേ, ഔദ്യോഗിക ഇസ്ലാമിക നിർദ്ദേശപ്രകാരം (ഖുറാൻ 5:51) യൂദന്മാരെയോ ക്രിസ്ത്യാനികളെയോ മിത്രങ്ങളായി സ്വീകരിക്കാൻ വിശ്വാസികൾക്കനുവാദമില്ല. യൂദന്മാരെ ദൈവത്തിന്‍റെ കോപത്തിനിരയായവരും ദൈവത്താൽ ശപിക്കപ്പെട്ടവരുമായാണ് ഇസ്ലാം കാണുന്നത്; ക്രിസ്ത്യാനികളെ “വഴിപിഴച്ചവർ” എന്നാണ് ഇസ്ലാം വിളിക്കുന്നത്. ഖുറാൻ1:7 ലുള്ള പ്രാരംഭ പ്രാർത്ഥനയിലും ഖുറാൻ 4:51 ലും ഇക്കാര്യം പരോക്ഷമായിട്ടാണ് പ്രതിപാദിക്കുന്നതെങ്കിലും തഫ്സീറുകൾ വ്യക്തമായി പറയുന്നതനുസരിച്ച് യൂദന്മാരെയും ക്രിസ്ത്യാനികളെയുമാണിവിടെ വിവക്ഷിക്കുന്നത്. Tafsir എന്നു പറയുന്നതു മുസ്ലീം പണ്ഡിതന്മാരുടെ ഖുറാൻ വ്യാഖ്യാനമാണ്. യഹൂദരെ ശപിക്കുകയും അവരെ ദൈവം പന്നി, കുരങ്ങ്, എലി എന്നീ മൃഗങ്ങളാക്കി മാറ്റിയെന്നു മുള്ള ഇസ്ലാമിക ചിന്തകളുമുണ്ടു്. എന്നാൽ അതു അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ടതില്ലെന്നും ആലങ്കാരികമായി എടുത്താൽ മാത്രം മതിയെന്നും പറയുന്ന ഇസ്ലാമിക പണ്ഡിതന്മാരുമുണ്ട്. ജൂതന്മാരെ അള്ളാഹു തന്‍റെ കോപത്തിൽ ശപിച്ച് എലികളാക്കി മാറ്റിയെന്നു വിശ്വസിക്കുന്ന വർ അതിനു തെളിവായി നൽകുന്ന വാദം താഴെ കൊടുക്കുന്നു.ഒരു കാലത്തു യഹൂദന്മാർ ജീവിച്ചിരുന്ന ഒരു സ്ഥലത്തു കുറേ എലികളെ കണ്ടു. അവക്കു പരീക്ഷണാർത്ഥം കുടിക്കാനായി ഒട്ടകത്തിന്‍റെ പാലു കൊടുത്തു നോക്കിയപ്പോൾ അവ അതു കുടിച്ചില്ല. പിന്നീടു പശുവിൻ പാലു കൊടുത്തപ്പോൾ അവ അതു കുടിക്കുകയും ചെയ്തു. അതിൽ നിന്നും മനസ്സിലായി, ആ എലികൾ മുൻപ് യഹുദന്മാരായിരുന്നെന്നും ദൈവം അവരെ ശപിച്ച് എലികളാക്കി മാറ്റിയതാണെന്നും. കാരണം, യഹൂദന്മാർ ഒട്ടകപ്പാലു കുടിക്കാറില്ല; എന്നാൽ പശുവിന്‍റെ പാലു കുടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ആ എലികളെല്ലാം ഒരു കാലത്തു ജീവിച്ചിരുന്ന യഹൂദികൾ ആയിരുന്നിരിക്കണം. അതാണു നിഗമനം.
ക്രിസ്ത്യാനികളെ ഇസ്ലാം കാണുന്നതു “വഴിപിഴച്ചവർ” അഥവ, “നേർ വഴി വിട്ടു പോയവർ” ആയിട്ടാണ്. ദിവസം പ്രതി പല തവണ മുസ്ലീം സഹോദരങ്ങൾ പ്രാർത്ഥിക്കുന്നത് തങ്ങളെ ശപിക്കപ്പെട്ടവരുടെയും വഴി പിഴച്ചവരുടെയും മാർഗ്ഗത്തിൽ പെടുത്താതെ നേരായ വഴിയിൽ നടത്തണമേഎന്നാണ്. ഖുറാനിലെ പ്രഥമ അദ്ധ്യായം (സൂറ) ആയ അൽ ഫറ്റീഹയിലെ ഏഴാം വാക്യത്തിൽ ഈ പ്രാർത്ഥന നമുക്കു കാണാൻ കഴിയും. ഇങ്ങനെ പല പ്രാവശ്യം യഹൂദന്മാരെയും ക്രിസ്ത്യാനികളെയും പറ്റി പറഞ്ഞാൽ മനസ്സിൽ ഉളവാകാനിടയുള്ള വികാരം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
എന്തുകൊണ്ടാണു ക്രിസ്ത്യാനികൾ ഇസ്ലാമിന്‍റെ വീക്ഷണത്തിൽ “വഴിപിഴച്ച വർ” ആയതു്? അതിനുള്ള ഒരു കാരണം അവരുടെ ബൈബിളിലെ അധാർമ്മിക പ്രബോധനങ്ങളാണത്രെ. അതിനു തെളിവുകളായിട്ടു കൊണ്ടുവരുന്നതു ലോത്തിന്‍റെയും (ഉത്പത്തി 19: 31-36), ദാവീദിന്‍റെയും (2 സാമുവൽ 11), സോളമന്‍റെയും (1 രാജാക്കന്മാർ 11:1-3) ദൃഷ്ടാന്തങ്ങളാണ്. ബൈബിളിൽ ഇവരുടെ മാതൃകകൾ ശരിയായിരുന്നെന്നും അവ എല്ലാ വിശ്വാസികളും അനുകരിക്കേണ്ടതാണെന്നും ഒരിടത്തും പറയുന്നില്ല എന്നോർക്കണം. കൂടാതെ, ലോത്തു തന്‍റെ പുത്രിമാരോടു കൂടി ശയിച്ചെന്നുള്ള (ഉത്പത്തി 19 : 32-36) ത് ലോത്തിനെ വീഞ്ഞു കൊടുത്തു മത്തുപിടിപ്പിച്ച പുത്രിമാരുടെ കുറ്റമാണെന്ന വസ്തുത ഇവിടെ ഇസ്ലാമിസ്റ്റുകൾ മറച്ചുവക്കുന്നു. ദാവീദിനും സോളമനും ദൈവം ശിക്ഷ നൽകിയ കാര്യം ബൈബിളിൽ പറയുന്നതും (2 സാമുവൽ 12; 1 രാജാക്കന്മാർ 11:9-12) ഇവിടെ ഒളിച്ചു വക്കുന്നു. തെറ്റു തെറ്റാണെന്നു ബൈബിളിൽ മുഖം നോക്കാതെ പരാമർശിക്കുന്നുണ്ടു്. തിന്മ ചെയ്തതു തിന്മയായിത്തന്നെ, പാപമായിത്തന്നെ, റിപ്പോർട്ടു ചെയ്താൽ ആ മാധ്യമം അധാർമ്മികമാണെന്നും അധാർമ്മികത പഠിപ്പിക്കുന്നുവെന്നും പറയുന്നതിന്‍റെ യുക്തി എന്താണാവോ? തെറ്റിനെ ന്യായീകരിക്കുകയോ ശരിവക്കുകയോ ചെയ്യുകയാണെങ്കിൽ കാര്യം മാറി. പക്ഷേ, ബൈബിളിൽ അങ്ങനെയില്ലെന്നുള്ളതാണു വസ്തുത. ലോത്തിനെയും സോളമനെയും (സുലൈമാനെയും) പ്രവാചകന്മാരായി ക്രിസ്ത്യാനികൾ കാണുന്നുമില്ല. എന്നാൽ, ഇസ്ലാമിന് ഇരുവരും പ്രവാചകന്മാർ ആണു താനും!
ക്രിസ്ത്യാനികളെ വഴി പിഴച്ചവർ എന്നു വിളിക്കാനുള്ള മറ്റു കാരണങ്ങൾ പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസവും ഈശോ മിശിഹാ ദൈവപുത്രൻ ആണെന്നുളള പ്രബോധനവും അവിടുന്ന് ക്രൂശിതനായി മരിച്ചെന്നും ഉയിർത്തെഴുന്നേറ്റെന്നുമുള്ള വിശ്വാസവുമാണ്. ക്രൈസ്തവ വിശ്വാസത്തിന്‍റെ കാതലായ ഈ സത്യങ്ങളെ നിഷേധിക്കയോ അവയിൽ വെള്ളം ചേർക്കയോ ചെയ്താൽ ക്രൈസ്തവ വിശ്വാസം അതോടെ ഇല്ലാതാകും. ഹാറൂണിന്‍റെ (അഹറോന്‍റെ) സഹോദരി മറിയത്തിന്‍റെ മകനായ ഈ സാ നബിയെപ്പറ്റി ഇസ്ലാം പറയുന്നതു നമ്മുടെ കർത്താവായ ഈശോമിശിഹായെ പറ്റി ഒരു തരത്തിലും ആകാൻ പറ്റില്ലായെന്ന് ഇതു വ്യക്തമാക്കുന്നു.