July 24, 2023

കൊച്ചു അന്തോണി മഡഗാസ്ക്കറിൽ നിന്നും

ഫാ.ജോൺസൺ തളിയത്ത് സി.എം.ഐ

ജൂൺ മാസത്തിലാണ് ദൈവസ്നേഹത്തിൻ്റെ  പ്രതിരൂപമായ ഈശോയുടെ തിരുഹൃദയ തിരുന്നാളും  ഫ്രഞ്ചു കോളനിയാക്കപ്പെട്ട മഡഗാസ്ക്കറിൻ്റെ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കപ്പെടുന്നത്. ജൂൺ 26- ആണ് സ്വാതന്ത്ര്യ ദിനം. ജൂൺ മാസത്തിൽ സാധാരണ വീടുകൾക്കു മുകളിൽ പോലും രാജ്യത്തിൻ്റെ ദേശീയപതാക പാറിക്കളിക്കുന്നുണ്ടാകും.   ഈ രണ്ടു ആഘോഷങ്ങൾക്കും മാറ്റു കൂട്ടിക്കൊണ്ട്  Andranomainty-യിലെ തിരുഹൃദയ ദേവാലയ മുറ്റത്തു വച്ച് 123 കുഞ്ഞുങ്ങളാണ് ജൂൺ 18-ാം തിയതി  തിരുഹൃദയ സ്നേഹത്തിൽ മുങ്ങി കളിച്ചു മാമോദീസ സ്വീകരിച്ചത്.

Andranomainty ഗ്രാമത്തിൽ വീടു സന്ദർശനവും വെഞ്ചിരിപ്പും നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണിത്.. . കഴിഞ്ഞ വർഷം കള്ളന്മാരുടെ പല പ്രശ്നങ്ങൾ മൂലം  കഷ്ടപ്പെട്ടിരുന്ന ഗ്രാമമാണ് Andranomainty.

വീടുവെഞ്ചിരിപ്പിന് ഒത്തിരി കുഞ്ഞുങ്ങൾ ഞങ്ങളുടെ കൂടെയുണ്ടാകും. ബലഹീനരെന്നു കരുതപ്പെടുന്ന കുഞ്ഞുങ്ങളാണെങ്കിലും ഭവന സന്ദർശനങ്ങളിൽ ഒരു ആശ്വാസവും ശക്തിയും അവരെനിക്കു നൽകുന്നുണ്ട്.  പ്രാർത്ഥനകൾ കുഞ്ഞുങ്ങൾ ചൊല്ലുന്നതു കേൾക്കുമ്പോൾ അതിനു പ്രത്യേകമായൊരു മാധുര്യമുണ്ട്.

ഓരോ വീട്ടിൽ നിന്നും പുറത്തേക്കു വരുമ്പോൾ കാണാം  ആരും പറയാതെ തന്നെ ഈ കുഞ്ഞുങ്ങളിലൊരാൾ എൻ്റെ ചെരിപ്പ് എളുപ്പത്തിൽ കാലിലിടാൻ പാകത്തിൽ തിരിച്ചു വച്ചു കാത്തു നില്ക്കുന്നതു്.

ഒരു വീട്ടിൽ ചെന്നപ്പോൾ കുടുംബനാഥൻ പറഞ്ഞു. തനിക്കു പത്തു മക്കളാണ്. അതിൽ ഇരട്ടകളായി ജനിച്ചവരുമുണ്ട്. താഴെയുള്ള കുഞ്ഞുങ്ങളൊഴിച്ചാൽ ബാക്കിയെല്ലാവരേയും പഠിപ്പിക്കുന്നുണ്ട്. പ്രാരാബ്ധങ്ങൾക്കിടയിലും തൻ്റെ മക്കൾ തനിക്കൊരു ഭാരമല്ലായെന്ന് നിശബ്ദമായി തന്നെ പറയുകയാണ് അദ്ദേഹം. അവരുടെ ഒരു കുഞ്ഞും മാമോദീസ സ്വീകരിക്കുന്നുണ്ട്

ജൂൺ 13-ാം തിയതി വി. അന്തോണിസിൻ്റെ തിരുന്നാളായിരുന്നു. അന്നു വൈകിട്ട് അവസാനം സന്ദർശിക്കേണ്ട ഭവനത്തിൽ എത്തിയപ്പോൾ  വീട്ടുകാർ ജോലി കഴിഞ്ഞെത്തിയിട്ടില്ല. നേരവും വൈകി. അതുകൊണ്ടു്  “ഇനി നാളെയാകാം” എന്നു പറഞ്ഞു തിരിഞ്ഞപ്പോൾ ഒരു കൊച്ചു സ്വരം കേട്ടു “ഇനി എൻ്റെ വീട്ടിൽ പോകാം അച്ചാ.”  നോക്കിയപ്പോൾ ഒരു കൊച്ചു കുട്ടി. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു അന്തോണിയോ. അവൻ്റെ കൂടെ വലിയവർ ആരുമില്ല. എനിക്കാശ്ചര്യം തോന്നി ചോദിച്ചു,. “എവിടെയാ നിൻ്റെ വീട്”?  അവിടെ വടക്ക്.. എന്നവൻ കഞ്ഞിക്കൈ ചൂണ്ടി പറഞ്ഞു, എന്നിട്ടു വേഗത്തിൽ തിരിഞ്ഞു നടന്നു തുടങ്ങി. എൻ്റെ കൂടെയുണ്ടായിരുന്നവരോടു് ഞാൻ പറഞ്ഞു, ഒന്നന്വേഷിക്കൂ.. അവൻ്റെ മാതാപിതാക്കൾക്ക് ഒരു പക്ഷെ ഈ രാത്രി സന്ദർശനം ഇഷ്ടമല്ലെങ്കിലോ?

ഞങ്ങളവൻ്റെ ഒപ്പമെത്താൻ വേഗത്തിൽ നടന്നു. പല വീടുകളുടെ ഇടയിൽ കൂടെ അവസാനം അവൻ്റെ വീട്ടിലെത്തി. സത്യത്തിൽ അന്തോണിയോയുടെ അപ്പനും അമ്മയും ഞങ്ങളെ കാത്തിരിക്കുന്നണ്ടായിരുന്നു.   ജൂൺ 13ന് വിശുദ്ധൻ്റെ തിരുന്നാളിൽ തന്നെ ഈ കൊച്ചു അന്തോണി ഒരു അപ്പസ്തോലനായി ഞങ്ങളുടെ അരികിലെത്തിയിരിക്കുന്നു. അവനും ഇക്കൂട്ടത്തിൽ മാമോദീസ സ്വീകരിക്കാനുണ്ടായിരുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ ഉത്സാഹം മൂലം അവരുടെ പ്രാർത്ഥിക്കാത്ത പല മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളെ പ്രതി പള്ളിയിൽ വരാനും പ്രാർത്ഥിക്കുവാനും തുടങ്ങിയിട്ടുണ്ട്.

 

കുർബാന മൂന്നര മണിക്കൂറിൽ കൂടുതൽ സമയമെടുത്തു. നന്ദി ഗാനത്തിൻ്റെ സമയത്ത്, അവസാന ആശിർവാദത്തിനു മുമ്പു് അച്ചനു ജനങ്ങളുടെ സമ്മാനം നെല്ലിൻ്റെ രൂപത്തിൽ പ്രദക്ഷിണമായി വന്നു.

ഈയാഴ്ചയിൽ ആരംഭിക്കുന്ന അഞ്ചാം ക്ലാസ്സിലെ  ഗവൺമെൻ്റ് പരീക്ഷക്കു ഒരുങ്ങുന്ന കുട്ടികളും പ്രത്യേക ആശിർവാദത്തിനായി നിരന്നു.

ദേവാലയവും വിദ്യാലയവും കുഞ്ഞുങ്ങൾക്കു പ്രകാശവും വിജ്ഞാനവും പകർന്നു നൽകുന്ന ഉറവിടങ്ങളാണ്.