October 12, 2007

ജപമാല കൈകളിലേന്തുമ്പോൾ

രഞ്ജിത്ത് അത്താണിക്കൽ

വിശ്വാസത്താൽ മാനവമക്കളുടെ അമ്മയായ പരിമറിയം തന്റെ മക്കൾക്ക് സ്വർക്ഷപ്രവേശനത്തിന് ഒരുക്കിയ മാർക്ഷമാണ് ജപമാല. ദൈവമാതാവ് സ്വർഗ്ഗത്തിലേക്കുള്ള ഗോവണിയായ മന്ത്രജപങ്ങളുടെ മാല ജപമാല, ചരടിൽ കോർത്ത ദൈവവചന രത്നങ്ങളാണ് ജപമാലയിലുളളത്. ജപമാല ഒരു ആറ്റംബോംബാണ്. സാത്താനും അവന്റെ ദുഷ്കർമ്മങ്ങൾക്കുമെതിരായി നടത്തുവാൻ വിളിക്കപ്പെട്ടിക്കുന്ന ഭീകരസമരത്തിൽ, ജപമാല ഏറ്റവും സുശക്തമായ സ്നേഹത്തിന്റെയും സഹനത്തിന്റെയും ആയുധമാണ്. രക്തരൂക്ഷിതമായ ഈ യുദ്ധം നടത്തുന്നതിനും വിജയിക്കുന്നതിനും നാം ഒരോരുത്തരും ഇന്നുപയോഗിക്കേണ്ട ആയുധം ജപമാലയാണ്.

പരി.അമ്മയിലൂടെ ത്രിയേകദൈവത്തെ മഹത്വപ്പെടുത്തുന്ന, സംപ്രീതിപ്പെടുത്തുന്ന പ്രാർത്ഥനയാണ് ജപമാല. ലോകഅന്ധകാരത്തിൽ, നിരാശയുടെ പടുകുഴിയിൽ കുരുങ്ങികിടക്കുന്നവർക്ക്, കൂരിരുട്ടിലെ മിനാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി ഒഴുകിവരുന്ന സമാശ്വാസത്തിന്റെ നീരുറവ – ജപമാല. പ്രാണനുവേണ്ടി പിടയുന്ന മീനിനെ വെളളത്തിലേക്ക് എടുത്തിട്ടുമ്പോൾ ഉണ്ടാകുന്ന, ജീവൻ തിരിച്ചുകിട്ടിയ ആനന്ദമാണ് ആത്മീയ ജീവിതത്തിൽ ജപമാലയിലൂടെ നമുക്ക് ലഭിക്കുന്നത്. ധൂർത്തപുത്രന് സുബോധം വന്നപ്പോൾ, പിതാവായ ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് ചിന്തിച്ച് തിരിച്ചു വന്നതുപോലെ, അന്ധകാരം നിറഞ്ഞ ലോകത്ത് ദൈവസ്നേഹം അനുഭവിക്കുവാൻ പരി ആത്മാവ് നൽകുന്ന പ്രകാശത്തിന്റെ സുബോധമാണ് ജപമാല. ആധുനിക ലോകം ഓഫറുകളുടെ കാലഘട്ടമാണ്. പിതാവായ ദൈവം പരി.അമ്മയിലൂടെ സ്വർക്ഷപ്രവേശനത്തിന് നൽകുന്ന സൗജന്യ ഓഫറാണ് ജപമാല. ജപമാല കൈകളിൽ എടുക്കുമ്പോഴേക്കും, ഉറക്കം വരുന്നു; ക്ഷീണം തോന്നുന്നു, അല്ലെങ്കിൽ അലസത അനുഭവപ്പെടുന്നു. പലരും പറയുന്ന സ്ഥിരം പല്ലവിയാണ്. അതിനാൽ തന്നെ, ജപമാലയ്ക്കു ശക്തിയുണ്ടെന്ന് മനസ്സിലാക്കാം. കാരണം, സാത്താന്റെ കുടിലതന്ത്രങ്ങളെ തകർക്കുവാൻ നാം മനസ്സിൽ ചിന്തിക്കുമ്പോൾ, അത് മണത്തറിയുന്ന സാത്താന്റെ തിരിച്ചടിയാണ് ഉറക്കവും ക്ഷീണവും ഭൂമി അതിന്റെ ഗുരുത്വാകഷണശക്തി വഴിയായി വസ്തുക്കളെ താഴോട്ട് ആകർഷിക്കുന്നതുപോലെ, സാത്താന്റെ സൈന്യത്തിലേക്ക് അംഗങ്ങളെ ചേർക്കുന്നതിനുള്ള തന്ത്രമാണിതൊക്കെ. ഫിലിസ്ത്യമല്ലനായ ഗോലിയാത്തിനെ ബാലനായ ദാവീദ് നേരിട്ടത് കവണിയുപയോഗിച്ചാണെങ്കിൽ, ഗോലിയാത്തിനേക്കാൾ ശക്തനായ പിശാചിനെ കീഴ്പ്പെടുത്താൻ ജപമാല കൊണ്ട് നമുക്ക് സാധിക്കും. വാളേന്തിയിരിക്കുന്നവരേക്കാൾ കൈകളിൽ ജപമാല വഹിച്ചിരിക്കുന്ന സൈന്യം എത്രയോ ശക്തം!

നാല്പതുദിവസം ഉപവസിച്ച ദൈവപുത്രനെ പരീക്ഷിച്ച സാത്താന് ശക്തിയുണ്ടെന്ന് നാം മനസ്സിലാക്കണം. സാത്താന്റെ പരസ്യപ്രലോഭനങ്ങളാകുന്ന അന്ധകാരശക്തികളെ തച്ചുടുക്കുന്ന ഇടിമിന്നലാണ് ജപമാല. മരിയൻ സൈന്യത്തിന്റെ പടച്ചട്ടയും പരിചയുമാണിത്. പരി.അമ്മയോട് ചേർന്ന് നിന്ന് സാത്താനെതിരെ പടപൊരുതുന്ന സൈനികരാണ് നാം എന്ന ചിന്തയോടെ വേണം ജപമാല കൈകളിലെടുക്കുവാൻ. അപ്പോൾ പരി.അമ്മയുടെ മാദ്ധ്യസ്ഥ്യവും സഹായവും എപ്പോഴും ഉണ്ടാകും. പരി.അമ്മ സ്റ്റൊഫാനോ ഗോബിക്ക് നൽകിയ ദിവ്യസന്ദേശത്തിൽ ഇപ്രകാരം പറയുന്നു. നിങ്ങൾ ജപമാല പ്രാർത്ഥിക്കുവാൻ എന്നെ ക്ഷണിക്കുക, അപ്പോഴെല്ലാം യഥാർത്ഥത്തിൽ ഞാൻ നിങ്ങളോടൊപ്പം പ്രാർത്ഥിക്കുന്നു. നന്മ ചെയ്യാത്ത ഒരുദിവസം പോലും നിന്റെ ആയുസ്സിൽ ഉണ്ടാകരുതെന്ന് വാഴ്ത്തപ്പെട്ട ചാവറയച്ചൻ നല്ല അപ്പന്റെ ചാവ രുളിൽ പറയുന്നു. ജപമാല ചൊല്ലാത്ത ഒരുദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. ദൈവത്തെയും മനുഷ്യരേയും പരി.അമ്മ വഴി ബന്ധിപ്പിക്കുന്ന ലോകനന്മയാണ് ജപമാല. അനുദിനം ഭക്തിയോടെ ജപമാല ചൊല്ലുന്നവർ ഒരിക്കലും നശിച്ചുപോകുകയില്ലെന്ന് വി.മോണ്ട്ഫോർട്ട് ഉറപ്പുതരുന്നു. അനുദിനമുള്ള ദിവ്യകാരുണ്യസ്വീകരണവും ജപമാലയുമായിരുന്നു മദർതെരേസയുടെ പ്രവർത്തനമേഖലകളിലെ ശക്തിയും വളർച്ചയും തളളക്കോഴി ചിറകിൻ കീഴിൽ കുഞ്ഞുങ്ങളെ കാത്തുസംരക്ഷിക്കുന്നതുപോലെയാണ്, ജപമാല വഴി പരി.അമ്മയുടെ കാപ്പയിൻ കീഴിൽ നമ്മെ കാത്തുസംരക്ഷിക്കുന്നത്.

കൊന്തനമസ്ക്കാരത്തിൽ രക്ഷാകരരഹസ്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ, യേശുവിന്റെ മനുഷ്യാവതാരം, പീഡാസഹനം, മഹത്തീകരണം, പ്രകാശികരണം എന്നിവ അനുസ്മരിക്കുന്ന ആരാധനാവത്സരത്തിന്റെ സംഗ്രഹമാണ് ജപമാല. ദിവ്യരഹസ്യങ്ങളുടെയും ജപങ്ങളുടെയും അർത്ഥം മനസ്സിലാക്കി ധ്യാനിച്ചും ചിന്തിച്ചും ചൊല്ലിയാൽ വിശുദ്ധിയുടെ റോസപ്പൂന്തോട്ടം പോലെ മനോഹരമാണു ജപമാല, ഒപ്പം ഏറെ കപദായകവും ക്രിസ്തീയ കുടുംബങ്ങളുടെ കെട്ടുറപ്പിനും ആത്മീയ വളർച്ചയ്ക്കും കാരണം ജപമാലഭക്തിയാണ്.

ജപമാലഭക്തി വഴിയായി വിശ്വാസത്തിൽ നിന്ന് വിശുദ്ധിയിലേക്ക് വളർന്ന് വിടരുന്ന യേശുവിന്റെ പൂന്തോട്ടത്തിലെ റോസപ്പൂക്കളായി നമുക്ക് മാറാം. പരി.അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥ്യം നമുക്ക് യാചിക്കാം.