ദൈവകരുണയുടെ കരസ്പർശനങ്ങൾ മഡഗാസ്ക്കറിൽ നിന്നും
ഫാ.ജോൺസൺ തളിയത്ത് സി.എം.ഐ
ഈശോയുടെ തിരുഹൃദയത്തിരുന്നാളിൻ്റെ ഒരുക്കത്തിലായിരുന്നു ജൂൺ 15 വ്യാഴാഴ്ച. ഈ ആഴ്ചയിൽ രണ്ടു ചെറിയ ദുരന്ത സംഭവങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ടായി. ഒന്നു വെള്ളത്തിലും രണ്ടു തീയിലും. രണ്ടിലും ദൈവകരുണയുടെ കരസ്പർശനങ്ങൾ ഞങ്ങൾ അനുഭവിച്ചു.
ഇതു് കൊച്ചു എലിയാൻ. രണ്ടു വയസ്സ്. വീട്ടിൽ അപ്പനും അമ്മയും ഇല്ലാത്ത സമയം. ആടിനെ ഓടിച്ചു കളിപ്പിച്ചു അവൾ വീടിനരികിലുള്ള കിണറ്റിൽ കരയിലെത്തി. മുടിക തുറന്നു കിടക്കുകയായിരുന്നു. കിണറിൻ്റെ മുകളിൽ കയറിയ കുഞ്ഞു എലിയാൻ 12 മീറ്റർ താഴ്ച്ചയുള്ള ഒരു മീറ്റർ മാത്രം വ്യാസവുമുള്ള കിണറ്റിലേക്കു വീണു.
കൂടെയുണ്ടായിരുന്ന മൂത്ത കുഞ്ഞു കരഞ്ഞു അപ്പനെ വിളിച്ചുകൊണ്ടുവന്നപ്പോളേക്കും ആറു മിനിറ്റു കഴിഞ്ഞിരുന്നു. തൻ്റെ ഞെട്ടലിൽ വേറൊന്നും ചിന്തിക്കാനാകാതെ, ഒരു കയറിൻ്റെ പോലും സഹായമില്ലാതെ ആ അപ്പൻ കിണറിൻ്റെ ചുമരിൽ ബലം കൊടുത്ത്ഊർന്നിറങ്ങി. താഴെയെത്തിയപ്പോൾ കുഞ്ഞു ഏലിയാൻ വെള്ളത്തിനടിയിലായിരുന്നു. അപ്പൻ്റെ അരക്കു മീതെ വെള്ളമുണ്ടായിരുന്നു കിണറ്റിൽ.
പിന്നീടെത്തിയവരുടെ സഹായത്തോടെ കുഞ്ഞിനെ ബക്കറ്റിൽ ഇരുത്തി അപ്പൻ താഴെ നിന്നും തൻ്റെ കൈ കൊണ്ട് താങ്ങു കൊടുത്ത് എലിയാനെ അവർ മുകളിലെത്തിച്ചു.
ഓർമ്മയില്ലാതിരുന്ന കുഞ്ഞിനെ തല കിഴായി പിടിച്ച് തട്ടിയുണർത്തി. വെള്ളം ഛർദിച്ച് കുഞ്ഞു സാധാരണ നിലയിലായി.
ആദ്യത്തെ ആന്തലിൽ കിണറിൽ ഊർന്നിറങ്ങിയ അപ്പനാണ് ചില്ലറ പരിക്കുകൾ പറ്റിയത്. ഇതൊരപ്പൻ്റെ സ്നേഹവും സംരക്ഷണവുമാണ്. ദൈവസ്നേഹത്തിൻ്റെ കാണപ്പെട്ട അടയാളം. മക്കളുടെ മുൻപിൽ മാതാപിതാക്കൾ ദൈവത്തെ പ്രതിനിധീകരിക്കുന്നു. മാതാ -പിതാ – ഗുരു ദൈവം. ജൂൺ മാസത്തിൽ “All Fathers day” ആഘോഷിക്കുകയാണല്ലൊ! സ്വന്തം മക്കൾക്കുവേണ്ടി ജീവൻ വരെ ത്യജിക്കുവാൻ തയ്യാറാകുന്ന അപ്പൻമാർക്കു വേണ്ടി ഇതു സമർപ്പിക്കുന്നു.
ഇതൊരു ദൈവപരിപാലന തന്നെ. ഏതാനും ആഴ്ചകൾക്കു മുമ്പു് മാമോദിസ സ്വീകരിച്ച 115 കുഞ്ഞുങ്ങളിൽ ഒന്നു ഏലിയാനായിരുന്നു. ഏലിയാൻ ഇപ്പോൾ സൗഖ്യമായിരിക്കുന്നു.
രണ്ടു കി.മീറ്റർ അകലെ പാടത്തു പണിക്കു പോയ ഏലിയാൻ്റെ അമ്മ വൈകീട്ടു വരെ ഇതൊന്നു മറിഞ്ഞില്ല. ഹൃദയത്തിനു അസുഖമുള്ള അവരെ വീട്ടുകാർ മനപൂർവ്വം അറിയിച്ചില്ല. മറ്റൊരു ദുരന്തമൊഴിവാക്കാൻ വീട്ടിൽ വന്നു കുഞ്ഞിനെ കണ്ടതിനു ശേഷം അറിയിക്കാമെന്നു വച്ചു. വൈകിട്ടു വീട്ടിൽ വന്നു വിവരങ്ങൾ അറിഞ്ഞപ്പോൾ അല്പം വിഷമമുണ്ടായെങ്കിലും കുഞ്ഞു സുഖമായിരിക്കുന്നതു കണ്ടപ്പോൾ ആശ്വാസമായി. ഈശോയുടെ അനന്ത സ്നേഹത്തിനു നന്ദി പറയുകയാണ് ആ മാതാപിതാക്കൾ. ഒരു ഗ്രാമത്തിൻ്റെ തന്നെ ആശ്വാസമായി കുഞ്ഞു ഏലിയാൻ മാറിയിരിക്കുന്നു.