June 10, 2007

ദൈവത്തിന്റെ ദാനം എന്റെ മേന്മയോ?

രഞ്ജിത്ത് അത്താണിക്കൽ

അമൂല്യമാം ജീവിതം

ദൈവീകമാം ദാനമല്ലേ!

മനുജന് എന്തുമേന്മയാണ്.

ദൈവത്തിൻ കരവേലയല്ലേ!!!

നമ്മുടെ ജീവിതം അമൂല്യമാണ്; ദൈവീക ദാനമാണ്. ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവക്യപയാലാണ് (1 കൊറി 15:10). നാം ഒന്നും നേടിയതല്ല; കാണുന്നതെല്ലാം ദൈവം നമുക്ക് ദാനമായി നല്കിയതാണ്. ദൈവം നമുക്ക് ദാനമായി നല്കിയിട്ടുള്ള കഴിവുകളാണ് നിധികൾ. നിധികളുടെ കാവൽക്കാരാണ് നാം ഒരോരുത്തരും ഉടമസ്ഥാവകാശം ദൈവത്തിനാണ്. ഉള്ളതിലധികം മേന്മ ആരും ഭാവിക്കരുത്; മറിച്ച്, ദൈവം ഒരോരുത്തർക്കും നല്കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ച് വിവേകപൂർവ്വം ചിന്തിക്കുവിൻ (റോമ 12: 3). നമുക്കു ലഭിച്ചിരിക്കുന്ന കൃപയനുസരിച്ച് നമുക്കുള്ള ദാനങ്ങളും വ്യത്യസ്തങ്ങളാണ്. ദൈവത്തിന്റെ ചിന്തയിൽ വരാൻ മാത്രം മർത്ത്യനെന്തു മേന്മയുണ്ട്? ദൈവത്തിന്റെ പരിഗണന ലഭിക്കാൻ മനുഷ്യന് എന്ത് അർഹതയാണുളളത്? (സങ്കീ 8: 4). ബലഹീനതകളും കുറവുകളും നമ്മുടെ സ്വന്തം മാത്രം. ഞാനും എന്റെതും എന്ന അഹങ്കാരത്തിന്റെ മനോഭാവമാണ് പലപ്പോഴും നമ്മുടെ മേന്മയെ ഉത്തേജിപ്പിക്കുന്നത്. എന്റെ മേന്മയോ, നാമമോ, പ്രശസ്തിയോ അല്ല; ദൈവത്തിന്റെ ഹിതവും നാമവുമാണ് മഹത്വപ്പെടേണ്ടത്. ദൈവത്തോടുളള വിധേയത്വവും എളിമ നിറഞ്ഞ ജീവിതവുമാണ് മറ്റുള്ളവർക്ക് മാതൃകയായി പകർന്നുകൊടുക്കേണ്ടത്. ദാനമായി നിങ്ങൾക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിൻ. ദൈവം ചെയ്തതൊക്കെ എന്റെ വശമോ?” എന്ന വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ എളിമയും താഴ്മയും നിറഞ്ഞ ചിന്തോദീപകമായ ചോദ്യം ഇതിനുദാഹരണമാണ്.

ഒരു കൃഷിക്കാരൻ അരിവാൾ കൊണ്ടു പുല്ലരിഞ്ഞുകൊണ്ടിരിക്കെ അരിവാൾ പുല്ലിനോടു പറഞ്ഞു. നിന്നെ ഞാൻ തുണ്ടം തുണ്ടമായി അരിഞ്ഞു വീഴ്ത്തും. പുല്ലു പറഞ്ഞു: നിന്നെ കയ്യിൽ പിടിച്ചിരിക്കുന്ന ക്യഷിക്കാരൻ അങ്ങനെ കരുതുന്നില്ലെങ്കിൽ നിനക്കതിനാവില്ല. നാം പല സ്വപ്നങ്ങളും തലോലിക്കാറുണ്ട്; ദൈവം മനസ്സാകുന്നില്ലെങ്കിൽ അവ ഫലമണിയുകയില്ല. കർത്താവ് ഭവനം പണിയു ന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം നിഷ്ഫലമാകും, കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാരുടെ ഉറക്കൊഴിവും വ്യർത്ഥമാകും (സങ്കീ 127: 1). നിങ്ങളുടെ ജീവിതം സ്വന്തമല്ല; നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ് എന്ന വസ്തുത പലപ്പോഴും വിസ്മരിച്ചുപോകുന്നു. കുശവന്റെ കയ്യിലെ കളിമണ്ണ് പോലെ ദൈവത്തിന്റെ ഉപകരണമാണ് നാം ഒരോരുത്തരും (ജെറ 18:7). തച്ചുടക്കാനും പണിതുയർത്താനും ദൈവത്തിനു സാദ്ധ്യമാണ്.

ദൈവത്തിന്റെ കയ്യിലെ പെൻസിലാണ് നമ്മുടെ ജീവിതമെന്ന് വാഴ്ത്തപ്പെട്ട മദർതെരേസ നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിൽ ആശ്രയിക്കാതെ കുതിരയിലും കുതിരക്കാരനിലും ആശ്രയിക്കുന്നവന്റെ ജീവിതം എത്ര ഭോഷത്തം! പലപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന മണ്ടത്തരങ്ങൾ ഇപ്രകാരമാണ്. ദൈവത്ത പ്പോലും വെല്ലുവിളിച്ച്, ലോകത്തെ അമ്പരിപ്പിച്ച ടൈറ്റാനിക് കപ്പലിന് എന്തു സംഭവിച്ചു? ചരിത്രത്തിന്റെ താളുകളിലേക്ക് മുങ്ങിത്താഴ്ന്നു. ദൈവവിശ്വാസം നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ നമ്മുടെ ജീവിതവും നാശത്തിലേക്ക് മുങ്ങിത്താഴുമെന്ന് ചിന്തിക്കണം. മാളികമുകളിലിരിക്കുന്ന മന്നന്റെ തോളിൽ മാറാപ്പുകേറ്റുന്നതും ഭവാൻ; രണ്ടു നാലുദിനം കൊണ്ടൊരുത്തനെ മാളിക മുകളിലേറ്റുന്നതും ഭവാൻ. മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു, അന്തിമമായ തീരുമാനം കർത്താവിന്റേത് (സുഭാ 16: 1). പതയ്ക്കുമീതെ സ്വപ്നമാളികകൾ കെട്ടി നാം ചിന്തിക്കുന്നു; തീരുമാനിക്കുന്നു. എന്നാൽ, നടപ്പിലാക്കേണ്ടത് ദൈവമാണെന്ന് കരുതാറില്ല.

ദൈവത്തിന് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്; അതു നിങ്ങളുടെ നാശത്തിനുള്ളതല്ല, മറിച്ച് ക്ഷേമത്തിനുവേണ്ടിയുള്ളതാണ് (ജെ 29: 11). ദൈവീക പദ്ധതികൾക്ക് നമ്മെ തന്നെ വിട്ടുകൊടുക്കുമ്പോൾ ദൈവം നമ്മുടെ കഴിവുകളെ പരിപോഷിപ്പിച്ച് വളർത്തും. നമ്മുടെ കഴിവുകൾ ദൈവത്തിന് സമ്പൂർണ്ണ സമർപ്പണം നടത്തി, ദൈവഹിതത്തോട് ചേർന്ന് മേന്മയിൽ ആശ്രയിക്കാതെ ജീവിക്കുവാൻ ദൈവത്തിന്റെ ദാനമായ പരി ആത്മാവിന്റെ കൃപയ്ക്കായി സർവ്വേശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം.

ദൈവദാനമാം ആത്മാവ്

ദൈവഫലങ്ങൾ നല്കീടും

ദൈവീകാനന്ദം ചൊരിഞ്ഞീടും

ദൈവത്തിൽ ആശയം ഉത്തമമാം