August 12, 2007

നീയൊരു പരാതിപ്പെട്ടിയാണോ?

രഞ്ജിത്ത് അത്താണിക്കൽ

“പരാതി പറയും ജീവിതം പരതി നടക്കും ജീവിതം പരിഭവത്തിൽ വേദന മാത്രം ഉള്ളായിൽ തൃപ്തിയില്ല”

എന്തിനും ഏതിനും പരാതിയും പരിഭവവും പറയുന്നവർ ഉളളതിനെ തിരസ്ക്കരിച്ച്, ഇല്ലായ്മയിൽ സ്വപ്നം കാണുന്നവർ. ജീവിതത്തിൽ പരാതി മാത്രം ബാക്കി. ഭാര്യക്ക് ഭർത്താവിനെക്കുറിച്ച് പരാതി. ഭർത്താവിന് ഭാര്യയെക്കുറിച്ച് പരാതി. മാതാപിതാക്കൾക്ക് മക്കളെക്കുറിച്ച് പരാതി. മക്കൾക്ക് മാതാപിതാക്കളെക്കുറിച്ച് പരാതി. സ്യഷ്ടികൾക്ക് സൃഷ്ടാവിനോട് പരാതി. എല്ലായിടത്തും പരാതിയുടെയും പരിഭവത്തിന്റെയും കഥകളുടെ നീണ്ടചങ്ങല. ചോറിൽ ഉപ്പ് കൂടിയതിന് പരാതി കൊടുക്കുന്ന കാലം. തുമ്പ് ഉണ്ടാക്കുവാനും നശിപ്പിക്കുവാനും പരാതി. കെട്ടികിടക്കുന്നതും ഒത്തുതീർപ്പില്ലാത്തതുമായ പരാതികളുടെ നീണ്ടനിര

പരാതപ്പെട്ടി പരാതി മാത്രം സ്വീകരിക്കുന്നു. എല്ലാം കെട്ടി സൂക്ഷിക്കുന്നു. എപ്പോഴും നിരാശയും അസ്വസ്ഥതയും കുടപിറപ്പ്, നമ്മുടെ ജീവിതം പരാതിപ്പെട്ടിയാകുവാനുള്ളതല്ല; മറിച്ച്, തപാൽപ്പെട്ടിയാകുവാനാണ് ഒരോ ക്രൈസ്തവന്റെയും വിളി. ജീവിതം സുഖ-ദുഃഖ സമ്മിശ്രമാണ്. സന്തോഷമായാലും ദുഃഖമായാലും ദൈവഹിതത്തോട് ചേർന്ന് ഒരേപോലെ സ്വീകരിക്കുന്നു. സന്തോഷത്തിലും ദുഃഖത്തിലും ഒരു പോലെ പിടിച്ചുനില്ക്കുന്നവനാണ് യഥാർത്ഥ ജ്ഞാനി. കൂട്ടിക്കെട്ടി എടുത്തുവെയ്ക്കാതെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന തപാൽപ്പെട്ടി, സ്വർണ്ണനിധി ശേഖരിച്ചിരിക്കുന്ന നിറഞ്ഞ് തുളമ്പുന്ന കുംഭമാണ്.

തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള പൂർണ്ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും, ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു (2 പത്രോ 1:3). ദൈവം തന്ന വിലയേറിയ ദാനങ്ങളാണ് നമ്മുടെ കഴിവുകളെല്ലാം. നമുക്ക് അവയിൽ അഭിമാനം വേണം. പക്ഷെ, അതിരുകടന്ന ആത്മപ്രശംസയും അഹങ്കാരവും നമ്മുടെ ഹൃദയത്തിൽ നിന്ന് നീക്കം ചെയ്യണം. സ്വന്തം ഇല്ലായ്മയിലല്ല; അന്യന്റെ ഉളായ്മയിലാണ് പലർക്കും പരാതി. സദാ പരാതിയും പരിഭവവുമായി നടക്കുന്ന സ്വഭാവം ഉപേക്ഷിക്കണം. എല്ലാം നന്മയാക്കായി പരിണമിക്കുന്ന ദൈവം നമ്മുടെ തലമുടിയിഴയിൽ ഒന്നുപോലും കൊഴിയുന്നുണ്ടെങ്കിൽ അിറയുന്ന ദൈവം. ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ പിന്നെയെന്തിനു ഈ വേവലാതിയും പരാതിയും! അങ്ങനെയെങ്കിൽ ദൈവഹിതത്തെ മനസ്സിലാക്കുവാനും വിശ്വസിക്കുവാനും സാധിക്കാത്ത ചങ്കുറ്റമില്ലായ്മയല്ലേ ഇതിന്റെ അർത്ഥം. അന്യരിൽ കുറവുകൾ കാണുമ്പോൾ ആ തെറ്റുകൾ നമ്മളിൽ ഉണ്ടാകാതെ സൂക്ഷിക്കാനുള്ള നിരന്തര ശ്രദ്ധയാണു നമുക്കുവേണ്ടത്. മറ്റുള്ളവരുടെ കുറവുകളോടുകൂടി അവരെ സ്വീകരിക്കുകയും സ്നേഹിക്കുകയുമാണ് ദൈവഹിതവും പുണ്യവും മറ്റുള്ളവരെ നന്നാക്കുകയല്ല; സ്വയം നന്നാകുകയാണെന്ന അവബോധം നമുക്കുണ്ടാകണം.

നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ കൂടുതൽ
ഉത്സാഹമുള്ളവരായിരിക്കുവിൻ. ഇങ്ങനെ ചെയ്താൽ ഒരിക്കലും നിങ്ങൾ വീണുപോവുകയില്ല. അല്പകാലത്തേക്കു വിവിധ പരീക്ഷകൾ നിമിത്തം നിങ്ങൾക്കു വ്യസനിക്കേണ്ടിവന്നാലും അറിൽ ആനന്ദിക്കുവിൻ. കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തെക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന വിശ്വാസം (1 പത്രോ 1: 6-7). ഹൃദയങ്ങളും മനസ്സുകളും പരിശോധിക്കുന്ന ദൈവം നിങ്ങൾക്കോരോരു ത്തർക്കും നിങ്ങളുടെ പ്രവൃത്തികൾക്കനുസൃതമായ പ്രതിഫലം നല്കും. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അനശ്വരമായ രാജ്യത്തിലേക്ക് അനായാസം നിങ്ങൾക്കു പ്രവേശനം ലഭിക്കുകയും ചെയ്യും (2 പത്രോ 1: 10 ). നമ്മുടെ നല്ല മാതൃകകളാണ് മറ്റുളളവരെ നമ്മിലേക്ക് ആകർഷിക്കുന്നതിനും അവരെ നന്നാക്കുന്നതിനുമുള്ള എളുപ്പമാർക്ഷം. വാക്ചാതുര്യത്തിലല്ല; കർമ്മപഥത്തിലൂടെയാണ് വിളിച്ചവനോടുള്ള വിശ്വസ്തത പുലർത്തേണ്ടത്. എളിമനിറഞ്ഞ ഹൃദയം, വിനയാന്വിതമായ പെരുമാറ്റം, പ്രോത്സാഹജനകമായ വാക്കുകൾ, സദാസന്തോഷം സ്ഫുരിക്കുന്ന മുഖഭാവം എന്നിവയൊക്കെയാണ് ദൈവികപദ്ധതിക്ക് നമ്മെ ഒരുക്കുവാൻ വേണ്ടത്. പരാതികൂടാതെ, പരിഭവംകൂടാതെ ഉളായ്മയിൽ സന്തോഷിച്ച്, ദൈവഹിതത്തോട് ആമ്മേൻ പറയുവാനുള്ള പരി ആത്മാവിന്റെ കൃപയ്ക്കായി സർവ്വനന്മയായ സർവ്വേശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം.

ജീവിതം ഒരു ദൈവീകദാനം സുഖമോ! ദുഖമോ!! ദൈവഹിതം ജ്ഞാനികൾക്കെല്ലാം ധന്യമീ ജീവിതം സുകൃതങ്ങൾ വാഴും സുന്ദരജീവിതം