September 1, 2023
to print

മഹസുവക്കാരുടെ സ്വപ്നപൂര്‍ത്തി

ഫാ.ജോൺസൺ തളിയത്ത് സി.എം.ഐ

മഡഗാസ്ക്കറിൽനിന്നും

കര്‍ത്താവേ, അവിടുത്തെ വാഗ്‌ദാനമനുസരിച്ച്‌ ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്‌ക്കണമേ!

ലൂക്കാ 2 : 31

 

മഹസുവ ഗ്രാമത്തിലെ വീടു സന്ദർശനത്തിനൊടുവിൽ അവിടെ പള്ളിവേണമെന്നുപറഞ്ഞു കൊണ്ടിരുന്ന കാരണവരായ ദാദാപിയേറിൻ്റെ വീട്ടിലെത്തി.  ഒറ്റക്കു കഴിയുന്ന അദ്ദേഹത്തിനു കൂട്ട് തൻ്റെ  കുറച്ചു കോഴികളാണ്. എല്ലാവരും ഒരു മുറിയിൽ തന്നെ അന്തിയുറങ്ങുന്നു. അവിടെയെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു ,   “കര്‍ത്താവേ, അവിടുത്തെ  ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്‌ക്കണമേ! എന്തെന്നാൽ സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.

ലൂക്കാ 2 : 29- 31.

 

 

അദ്ദേഹം തുടർന്നു “എൻ്റെ വലിയൊരു ആഗ്രഹം നിറവേറി. ഇനി ഞാൻ മരിച്ചാലും വേണ്ടില്ല”. കാരണം അത്ര മാത്രം അദ്ദേഹം തൻ്റെ ഗ്രാമത്തിൽ ഒരു പള്ളിയുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു.  35 വർഷങ്ങൾക്കു മുമ്പു് , 1988- മുതൽ ഇതിനായി കാത്തിരിക്കുന്നതാണത്രെ.

ഈ  ഗ്രാമത്തിൽ പള്ളി കെട്ടിടം ഇല്ലെങ്കിലും ഒരു ചെറിയ ക്രൈസ്തവ സമൂഹം പ്രാർത്ഥിക്കുവാൻ തുടങ്ങിയിട്ട് ഒരു വർഷമായി. 2022 ജൂലായ് മൂന്നിനായിരുന്നു ആദ്യത്തെ ബലിയർപ്പണം. അങ്ങിനെ മാർ തോമ ശ്ലീഹായുടെ നാമത്തിൽ അവിടെ ഒരു സമൂഹം രൂപം കൊണ്ടു.

ഒന്നാം വാർഷികത്തിൽ July 16-ന് കർമ്മലീത്ത മാതാവിൻ്റെ തിരുന്നാളിൽ, മാമോദീസയിലൂടെ 34 കുഞ്ഞുങ്ങളെ  നല്ലയിടയനായ ഈശോയുടെ ആട്ടിൻപറ്റത്തിലേക്ക് വരവേറ്റുകൊണ്ടാണ്    തോമ ശ്ലീഹയുടെ കെട്ടിടമില്ലാത്ത പള്ളി തിരുന്നാൾ  ഈ വർഷം അവർ ആഘോഷിച്ചത്.

ഇന്ന് ഇവർക്ക് ഊർജ്ജം നല്കുവാൻ ഞങ്ങളുടെ ഇടവകയിലെ പല പള്ളികളിൽ നിന്നും ദൈവജനം കാൽനടയായി മഹസുവയിലേക്ക് എത്തിയിട്ടുണ്ട്.

 

 

ഈ ഗ്രാമത്തിൽ വന്നു തൻ്റെ പേരമകനോടൊപ്പം താമസിക്കുന്ന  മറിയ എന്നു പേരായ ഒരമ്മയുടെ ഒറ്റമുറി വീട്ടിൽ സന്ദർശിക്കാൻ ചെന്നപ്പോൾ പണികഴിഞ്ഞെത്തിയ ആ അമ്മ ഞങ്ങളെ അകത്തു കയറ്റാതെ എന്തോ തിരക്കിട്ടു തിരയുകയാണ്.  അവസാനം അന്വേഷിച്ചതു കാണാതെ വിഷമത്തോടെ ആ അമ്മ ഞങ്ങളെ സ്വീകരിച്ചു. പിന്നീടാണ് മനസ്സിലായത് എനിക്കെന്തോ സമ്മാനം തരാൻ തപ്പി നേരം കളഞ്ഞതാണെന്ന്. അവർ പറഞ്ഞു അവരുടെ അപ്പൻ ഒരു കാറ്റക്കിസ്റ്റായിരുന്നു.  കത്തോലിക്ക പള്ളിയില്ലാത്ത മഹസുവ ഗ്രാമത്തിൽ താമസിക്കാനെത്തിയപ്പോൾ പ്രാർത്ഥിക്കുവാനുള്ള ആഗ്രഹം മൂലം വേറൊരു കൂട്ടരുടെ പള്ളിയിൽ ചേർന്നു. ഇപ്പോൾ മാതൃസഭയിലേക്ക് തിരിച്ചു വരാൻ താനെന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുന്ന ഈ അമ്മയും ശിമയോൻ്റെ കൂടെ ദേവാലയത്തിലുണ്ടായിരുന്ന അന്നയെപ്പോലെ, സന്തോഷവതിയാണ്,   അവസാനം ഒരു കത്തോലിക്ക സമൂഹം തൻ്റെ ഗ്രാമത്തിൽ ഉടലെടുത്തുവല്ലൊ!

മറ്റുള്ളവരുടെ ദൈവങ്ങളെയാണോ അതോ മനുഷ്യരെയാണോ നാം  ബഹുമാനിക്കേണ്ടത്?   നമ്മുടെതായാലും അവരുടെതായാലും ദൈവം ഒന്നേയുള്ളു. അപ്പോൾ അവരുടെ ദൈവത്തെ ബഹുമാനിക്കുന്നു എന്നു പറഞ്ഞാൽ അവരെ തന്നെ  ബഹുമാനിക്കുന്നു എന്നതാണ് സത്യം. അയൽക്കാരനെ സ്നേഹിക്കാൻ പഠിപ്പിച്ച ഈശോ നമ്മെ അനുഗ്രഹിക്കട്ടെ എല്ലാവരിലും ദൈവത്തെ കാണാനായിട്ട്.

 

മഡഗാസ്ക്കറിൽനിന്നും

Fr Johnson Thaliyath CMI.