സഹനങ്ങൾ സ്വർഗ്ഗത്തിലേക്കുളള പടവുകൾ
രഞ്ജിത്ത് അത്താണിക്കൽ
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എനിക്കെന്തേ, ഇതുവരാൻ സഹനം ഒരു ജീവിത ബലിയാണ്. ബലിയർപ്പകനും ബലിവസ്തുമായിത്തീരാനും യേശു അർപ്പിച്ച കാൽവരിയിലെ ബലിയുടെ അനുഭവമാണ്. യേശുവിന്റെ അരികിലിരിക്കുവാനും അയ്ക്കപ്പെടുവാനും നമ്മെ ശക്തിപ്പെടുത്തുന്ന ഭക്ഷണം. ദൈവത്തേയും മനുഷ്യനേയും ഒരേപോലെ സ്നേഹിക്കുവാനുള്ള സുവർണ്ണാവസരം. ക്രിസ്തു സ്നേഹത്തിന്റെ ക്രിയാത്മകവശമാണ്. ക്രിസ്തുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവർക്കും കുരിശുമെടുത്ത് പിന്നാലെ പോകുന്നവർക്കും സഹനം ഒരു തിരിച്ചറിയൽ കാർഡാണ്. മാനുഷിക അറിവിൽ നിന്ന് ആത്മീയതയുടെ തിരിച്ചറിവിലേക്കുള്ള ഒരു എത്തിനോട്ടം. സ്വർക്ഷത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതും പാത ഇടുങ്ങിയതുമാണെന്ന് യേശുനാഥൻ നമ്മെ ഓർമ്മിപ്പിക്കുന്നു. വിണ്ണിൽ നിന്ന് മണ്ണിലേക്കു ചൊരിയുന്ന ആത്മീയതയുടെ പൂമഴയാണ് സഹനങ്ങൾ. സഹനത്തെ നിഷേധിക്കുന്നവർ സ്വർക്ഷീയ അനുഭൂതിയെ കാറ്റിൽ പറത്തുന്ന ഭോഷൻമാർക്ക് തുല്ല്യം. സ്വർക്ഷീയ നിധിക്കുവേണ്ടിയുള്ള ഒരു പോരാട്ടമാണ് സഹനജീവിതം. യേശുവിന്റെ നല്ല പടയാളികളെപ്പോലെ കഷ്ടപ്പാടുകൾ സഹിക്കുക (2തിമോ 2:4). അതാണ് ഉത്തമവും പ്രധാനവും തിരഞ്ഞെടുക്കപ്പെട്ടവർ യേശുക്രിസ്തുവിൽ ശാശ്വതവും മഹത്വപ്പൂർണ്ണവുമായ രക്ഷ നേടുന്നതിനുവേണ്ടി എല്ലാം സഹിക്കുന്നു. സഹനങ്ങൾ ദൈവത്തിന്റെ ദൗത്യത്തിൽ പങ്കുപറ്റുന്ന അടയാളങ്ങളാണ്.
ഒരു ഇടയൻ മുളങ്കാട്ടിൽ നിന്ന് മുത്തണ്ടു മുറിച്ചെടുത്തു. ഹേ, മനുഷ്യാ, ആർക്കും ദോഷമില്ലാതെ കാറ്റിലാടി ചൂളം വിളിച്ചിരുന്ന എന്നെ മുറിച്ചുമാറ്റാൻ ഞാൻ നിന്നോടെന്തു ദ്രോഹമാണു ചെയ്തതെന്ന് മുളത്തണ്ടു ചോദിച്ചു. നീ എന്തിനെന്നെ മുളങ്കാട്ടിൽ നിന്നു വേർപ്പെടുത്തി? ഇടയൻ മറുപടി പറയാതെ മുളത്തണ്ടിൽ ഒരോ തുള തുളച്ചപ്പോഴും വേദനിച്ചു പിടഞ്ഞ മുളത്തണ്ട് പിറുപിറുത്തുകൊണ്ട് ഇടയനെ ശപിച്ചു. ഇടയൻ മുളത്തണ്ട് ചുണ്ടിൽ വച്ച് സുന്ദരമായ ശബ്ദത്തിൽ ഗാനമാലപിക്കുവാൻ തുടങ്ങി. അതുവരെ ഇടയനെ ശപിക്കുകയായിരുന്ന മുളത്തണ്ടിന്റെ ഭാവം മാറി. ഇത്ര സുന്ദരമായ ശബ്ദം എനിക്കു പുറപ്പെടുവിക്കാനാവുമെന്ന് ഇപ്പോൾ മാത്രമാണ് ഞാൻ മനസ്സിലാക്കിയത്. ഇടയന്റെ കൈയിൽ ഞാൻ വന്നുപ്പെട്ടില്ലായിരുന്നെങ്കിൽ ഒരിക്കലും ഇത്ര സുന്ദരമായ ശബ്ദം എന്നിൽ നിന്ന് പുറപ്പെടുവില്ലായിരുന്നു. കാറ്റിൽ ഇളകിയാടി ചൂളം വിളിക്കാനേ എനിക്കാവുമായിരുന്നുള്ളൂ.
സഹനങ്ങൾ ഉണ്ടാകുമ്പോൾ നാം നമ്മെത്തന്നെയും ചുറ്റുപാടുകളെയും പഴിക്കാറുണ്ട്. എന്നാൽ, വേദനകൾ നമ്മെ ശബ്ദസുന്ദരങ്ങളായ മുളതണ്ടുകളാക്കി മാറ്റാനായി ദൈവം അയച്ചുതരുന്ന പരീക്ഷകളല്ലായെന്ന് ആരറിഞ്ഞു. സഹനങ്ങളും വേദനകളും ഉണ്ടാകുമ്പോൾ പലപ്പോഴും നാം ചോദിക്കുന്ന ചോദ്യമുണ്ട്. ദൈവത്തിന് ഞങ്ങളോട് സ്നേഹമില്ലേ? പിറുപിറുപ്പോടെ ദൈവത്തെ പഴിക്കുന്നില്ലേ? സ്വപുത്രനെ ബലികൊടുത്ത് ലോകത്തെ രക്ഷിച്ച സ്നേഹനിധിയായ ദൈവത്തെ ആരും മനസ്സിലാക്കുന്നില്ല. എനിക്കു നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്, അതു നിങ്ങളുടെ നാശത്തിനുളളതല്ല, മറിച്ച് ക്ഷേമത്തിനുവേണ്ടിയുള്ളതാണ് (ജെ) 29:11), സഹനം എത്ര നിസ്സാരമായാലും ദൈവത്തെപ്രതി സഹിക്കുവാൻ നമുക്ക് മനസ്സുണ്ടാകണം. അതിന് ദൈവം സമ്മാനം തരാതിരിക്കുകയില്ല. ദൈവത്തെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കുന്ന വർക്ക് സഹനങ്ങൾ ഒരു പറുദീസയായിരിക്കും, അല്ലാത്ത പക്ഷം നരകതുല്യമായിരിക്കും.
ക്രിസ്തുവിന്റെ ജീവിതത്തിലെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത് അവിടുത്തെ സഹനജീവിതമാണ്. പാപപരിഹാരാർത്ഥം അവിടുന്നു സഹിക്കുകയും കുരിശിൽ മരിക്കുകയും ചെയ്തു. നാം സ്നേഹിച്ച, നാം വളർത്തിയ, നമ്മോടുകൂടെ ആയിരിക്കേണ്ടവർ, നമ്മെ സഹായിക്കേണ്ടവർ, നമ്മോടുചേർന്ന് നിന്ന് നമ്മെ ചവിട്ടുന്നതാണ് ഏറ്റവും വലിയ വേദനയും സഹനവും. ആ സഹനം നമ്മൾ അനുഗ്രഹമാക്കിത്തീർക്കുന്നു, ശാപമാക്കിത്തീർക്കുന്നു. ദൈവിക പദ്ധതി മനസ്സിലാക്കിയാൽ സഹനങ്ങൾ അനുഗ്രഹപദവും കൃപകൾ നിറഞ്ഞതുമായിരിക്കും. യേശുക്രിസ്തുവിനുണ്ടായ അനുഭവം ഇതുതന്നെയല്ലേ സ്നേഹിച്ച് കൂടെ കൊണ്ടുനടന്ന് വളർത്തിയ ശിഷ്യൻ ചുംബനം കൊണ്ട് ഒറ്റികൊടുത്തു. മറ്റൊരുവൻ നിഷേധിച്ച് തള്ളിപ്പറഞ്ഞു. ആ സഹനമാണ് ലോകത്തെ മുഴുവൻ രക്ഷിക്കുവാൻ പോന്ന കുരിശുമരണത്തിനു ഹേതുവായിത്തീർന്നത്. കുരിശുമരണത്തിലൂടെ രക്ഷാകരദൗത്യം നടക്കണമെന്ന ദൈവഹിതമായിരുന്നു അത്.
സഹനത്തിന്റെ വഴിയിലൂടെ വിശുദ്ധിയുടെ പാത വെട്ടിതെളിച്ച് സ്വർക്ഷീയ പടവുകളിലൂടെ കടന്നുപോയവരാണ് വാഴ്ത്തപ്പെട്ടവരായ ചാവറയച്ചനും, അൽഫോൺസാമ്മയും, എവുപ്രാസ്യാമ്മയും. നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ കുരിശില്ലാതെ മറ്റൊന്നിലും മേൻമ ഭാവിക്കുവാൻ എനിക്ക് ഇടയാകാതിരിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. അവന്റെ പ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു (ഗലാ 5:14). ക്രൂശിതനിലേക്ക് നോക്കൂ! അവിടുത്തെ വേദന നിറഞ്ഞ, കനിറഞ്ഞ സഹനജീവിതത്തെ പിൻചെല്ലാം. അവിടുത്തെ കുരിശിലാണ് രക്ഷയുടെ മാർക്ഷങ്ങൾ അടങ്ങിയിരിക്കുന്നത്. സഹനങ്ങളിൽ ദൈവത്തിന്റെ മടിയിൽ തലചായ്ച്ച് ദൈവസ്നേഹം അനുഭവിക്കാം. സഹനങ്ങൾ ആത്മീയതയുടെ പടിവാതിലാക്കിയ പുണ്യാത്മാക്കളുടെ പാതകൾ പിൻതുടരാം. സഹനങ്ങൾ അടിക്കടി ഉണ്ടായപ്പോൾ ദൈവത്തെ മഹത്വപ്പെടുത്തിയ പഴയനിയമത്തിലെ ജോബിനെ നമുക്ക് സ്മരിക്കാം. ദൈവം തന്നു, ദൈവം എടുത്തു, ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ (ജോബ് 1:21). അവനിൽ ആശ്രയിക്കുക, അവൻ അറിയാതെ നമ്മുടെ ഒരു മുടിയിഴ പോലും പൊഴിയുന്നില്ലല്ലോ. തന്നെ സ്നേഹിക്കുന്നവർക്ക് അവൻ എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു (റോമ 8:28), സഹനങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തി, പ്രസാദിപ്പിച്ച് സ്വർക്ഷീയയാത്രയുടെ ഒരോ പടവുകളും ചവിട്ടികയറുവാൻ നമുക്ക് ഒത്തൊരുമയോടെ പ്രാർത്ഥിച്ച്, അവനിൽ ശാന്തി തേടാൻ നമുക്ക് ശ്രമിക്കാം.