July 16, 2025

അംബാലബെയിലെ മിഷൻ

Fr Johnson Thaliyath CMI

Medagascar

 

“അംബാലബെ” ഗ്രാമം പ്രശ്നക്കാരുടെ ഒരു സ്ഥലമെന്ന നിലയിലാണ് ഞങ്ങൾ ആദ്യം പരിചയപ്പെട്ടത്.  ഒരു കളവിൻ്റെ പശ്ചാത്തലത്തിൽ.  കളവു എന്ന പറഞ്ഞാൽ  ഒരു തരം തട്ടിപ്പറിക്കൽ. പൊതുവഴിയിൽ നടന്നു പോയ്ക്കൊണ്ടിരുന്ന അങ്കിലിമഹസുവ പള്ളിയിലെ ചെറുപ്പക്കാരുടെ വസ്തുക്കൾ അംബാലബേ ഗ്രാമത്തിലെ ചെറുപ്പക്കാർ കവർച്ച ചെയ്തെടുത്തു. അന്നു തന്നെ ആ ഗ്രാമത്തിലേക്കു പോകണമെന്നു ആഗ്രഹിച്ചെങ്കിലും Andranomainty പള്ളിക്കാർ തടഞ്ഞു. എന്നിരുന്നാലും  നഷ്ടപ്പെട്ടവരുടെ സാധനങ്ങൾ തിരിച്ചു കിട്ടാൻ അതിടയാക്കി.

 

അംബാലബേ എന്ന പേരിൻ്റെ അർത്ഥം തന്നെ വലിയൊരു കാലിത്തൊഴുത്തെന്നാണ്.  പള്ളിയോ സ്കൂളോ ഇല്ലാത്ത ഒരു ഗ്രാമമാണിത്. കവർച്ചക്കാരുടെ ഈ ഗ്രാമം ഒന്നു സന്ദർശിക്കണമെന്ന്  Andranomainty പള്ളിക്കാരോടു  പറഞ്ഞപ്പോൾ അച്ചനു കൂട്ടായി ഒത്തിരി അത്മായരും വന്നു.  നേരത്തെ അറിയിച്ചു ചെന്നതുമൂലം ഗ്രാമീണർ ഞങ്ങളെ സ്വീകരിച്ചു. അന്നു തുടങ്ങിയുള്ള ആഗ്രഹമാണ് അവിടെ ഒരു സ്ക്കൂളും പള്ളിയും ഉണ്ടാകണമെന്ന്.

ഞങ്ങളുടെ ഇടവകയിലെ എല്ലാ പള്ളിക്കാരോടും ഞങ്ങൾ ഒരു അഭ്യർത്ഥന വെച്ചു. ഒരോ പള്ളിക്കും മറ്റൊരു ചെറിയ പള്ളി ഉണ്ടാകണമെന്ന്. അങ്ങിനെ Andranomainty പള്ളിക്കാരുടെ സഹായത്തോടെ ചെറിയൊരു സ്കൂൾ അംബാലബേയിൽ തുടങ്ങി.  പള്ളിക്കൂടം കഴിഞ്ഞ വർഷം തുടങ്ങിയെങ്കിലും കൂദാശകളോ വി. കുർബാനയോ തുടങ്ങാൻ അല്പം സമയമെടുത്തു. 2025 ജൂലായ് മാസം ആറാം തിയതി വിജാതിയരുടെ അപ്പസ്തോലനായ വി. പൗലോസ് ശ്ലീഹയുടെ നാമത്തിൽ അവിടെ ഒരു പുതിയ സമൂഹം ഉയിരെടുത്തു. പാടങ്ങളാൽ ചുറ്റപ്പെട്ട ചെറിയൊരു കുന്നിൻ മുകളിൽ പ്ലാസ്റ്റിക് പായ വലിച്ചുകെട്ടിവച്ച് ആദ്യത്തെ തിരുബലി അർപ്പിക്കപ്പെട്ടു. അവിടെയാണ് ഗ്രാമവാസികൾ പള്ളിക്കു വേണ്ടി ദാനം ചെയ്ത ഭൂമി. ആ കുന്നിൻ ചെരിവിൽ തന്നെയാണ് ഗ്രാമീണർ താമസിക്കുന്നതും.

അംബാലബേയുടെ  ചരിത്രത്തിലാദ്യമായി അർപ്പിക്കപ്പെട്ട ബലിമധ്യേ 33 കുഞ്ഞുങ്ങളുടെ മാമോദീസ ഉണ്ടായിരുന്നു. അവരാണ് പുതിയ പള്ളിയുടെ അടിസ്ഥാന ശിലകൾ. ഈശോ മരിച്ചുയർന്നെഴുന്നേൽക്കാൻ 33 കൊല്ലം കാത്തിരുന്നതിൻ്റെ പ്രതീകം പോലെ ഞങ്ങളുടെ പ്രതീക്ഷകളെ മറികടന്നു ഈ ഗ്രാമത്തിലലെ  33 പേരുടെ മതാപിതാക്കൾ  തങ്ങളുടെ മക്കളെ ആദ്യബലിസമർപ്പണവേളയിൽ മാമോദീസക്കായി ഒരുക്കിയത് ഞങ്ങളെ തന്നെ ആശ്ചര്യപ്പെടുത്തിയെന്നു  പറയാം. ഈ മാതാപിതാക്കളും ദൈവാനുഭവത്തിനായി വിശപ്പും ദാഹവും ഉള്ളവരാണെന്നു സ്വയം വിളിച്ചു പറയുകയാണ്. ഒപ്പം തങ്ങളുടെ മക്കൾ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു കടന്നു വരുവാൻ ആശിക്കുകയും ചെയ്യുന്നു. കുട്ടികളുടെ മാമോദീസക്കു ഒരുക്കമായി ഞങ്ങൾ കൂടിയപ്പോളൊക്കെ വലിയവരിൽ പലരും മാമോദീസ സ്വീകരിക്കാൻ താത്പര്യം കാണിക്കുകയും ചെയ്തിട്ടുണ്ട്.  ഇതു അംബാലബേ ഗ്രാമത്തിൻ്റെ ഉയിർത്തെഴുന്നേല്പാകട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം.

ആറാം തിയതി ആദ്യത്തെ ബലിയർപ്പണ സന്ദർഭത്തിൽ, ദൈവപരിപാലന പോലെ ലഭിച്ച വി.ഗ്രന്ഥ വായനകളിൽ കേട്ടതു പോലെ  നാശ കൂമ്പാരത്തിൽ നിന്നും ഉയർത്തപ്പെടുന്ന പുതിയ ജറുസലേമിൻ്റെ പ്രതീക്ഷ ഈ ഗ്രാമത്തിനും നൽകപ്പെടട്ടെ, അന്നത്തെ സുവിശേഷം യേശുനാഥൻ 72 ശിഷ്യരെ തനിക്കു മുമ്പേ ഗ്രാമങ്ങളിലേക്കു അയക്കുന്ന സംഭവമാണ് വിവരിച്ചത്.   72 പേരെ സമാധാന ആശംസകളോടെ സുവിശേഷ പ്രഘോഷണത്തിനായി അയക്കുന്ന ഈശോയുടെ സമാധാനം ഈ ഗ്രാമത്തിലെ ഒരോരുത്തരിലും നിറയട്ടെ എന്നും നമുക്കു ആശംസിക്കാം. അതോടൊപ്പം ഇന്നും ഈ 72 പേരോടൊപ്പം ചേരാൻ ഈശോ നമ്മെ ഒരോരുത്തരേയും വിളിക്കുന്നുമുണ്ട്.

ഇവിടെ അയക്കപ്പെട്ടവരുടെ കൂട്ടത്തിൽ ചേർക്കപ്പെട്ട ഒരു സ്ത്രീരത്നം അഭിനന്ദിക്കപ്പെടുന്നു.  ഉപജീവനാർത്ഥം അകലെയൊരു ഗ്രാമത്തിൽ നിന്നും വന്നു പൗലോസ് ശ്ലീഹയുടെ ദൗത്യം ഏറ്റെടുത്ത വെറോനിക്ക ടീച്ചർ. വെറോനിക്കയായിരുന്നു ഞങ്ങളുടെ പള്ളി സ്കൂളിലെ അധ്യാപിക. അവരെ ഞാൻ പരിചയപ്പെടുമ്പോൾ മക്കൾ പലതായെങ്കിലും ഇവിടെ സാധാരണ കാണുന്നതുപോലെ, വിവാഹമെന്ന കൂദാശ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഒരിക്കൽ ഭർത്താവിനെ കൂട്ടി എൻ്റെ അരികിൽ വന്നു,  വിവാഹം പള്ളിയിൽ നടത്തപ്പെട്ടില്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിക്കും എന്നു പറഞ്ഞ തീക്ഷ്ണമതിയാണവർ..  പള്ളിയിൽ വിവാഹമെന്ന കൂദാശ സ്വീകരിക്കാത്ത ദമ്പതികൾക്കു വി.കുർബ്ബാന സ്വീകരിക്കാൻ അനുവാദമില്ല.  അവരുടെ ആഗ്രഹത്തിനു ഒപ്പത്തിനൊപ്പം നിന്ന അവരുടെ ഭർത്താവ് ഫ്രെഡറിക്. ഞാൻ തന്നെ അവരുടെ വിവാഹത്തിനു സഹായങ്ങൾ ചെയ്തു കൊടുത്തു. അവരുടെ ത്യാഗഫലങ്ങളാണ് അംബാലബേ ഗ്രാമത്തിൽ വിരിഞ്ഞ 33 പുതുപുഷ്പങ്ങൾ! മിഷണറിമാർ എന്നു വിളിക്കപ്പെടുന്ന ഞങ്ങൾക്കു പോലും ഉത്തേജനം നൽകുന്നവരാണ് വെറോനിക്ക ടീച്ചറും ഭർത്താവു് ഫ്രഡറിക്കും.  മിഷണറി എന്നു വിളിക്കപ്പെടുവാൻ അയക്കപ്പെടണം.  ദൂരെ പോയതു കൊണ്ടു മാത്രം മിഷണറി ആകില്ലല്ലൊ!  അതിനു ഈശോയെ അറിയാത്തവർക്ക്  അറിയിച്ചു കൊടുക്കണം, പള്ളി കാണാത്തവരോടു സുവിശേഷം പറയണം. പള്ളിയിൽ മാത്രമാണെങ്കിൽ, അവിടെ വരുന്നവരോടു സുവിശേഷം ഒരിക്കൽ പ്രസംഗിക്കപ്പെട്ടതാകുമല്ലൊ!

സമാധാന പ്രഘോഷണത്തിനായി അയക്കപ്പെട്ട 72 ശിഷ്യരുടെ കൂട്ടത്തിൽ ഈ ദമ്പതികളും ചേർക്കപ്പെടട്ടെ എന്നു നമുക്കാഗ്രഹിക്കാം.  വെറോനിക്ക ടീച്ചറിലൂടെ തളിർത്തു വന്ന പുതിയ 33 കുരുന്നുകളും ഉണ്ണീശോയെപ്പോലെ വിജ്ഞാനത്തിലും വിവേകത്തിലും വിശ്വാസത്തിലും വെളിച്ചത്തിലും വളർന്നു് അംബാലബേ ഗ്രാമം മുഴുവനും സമാധാനം നിറക്കട്ടെയെന്നു നമുക്കു ഈ അവസരത്തിൽ ആശംസിക്കാം പ്രാർത്ഥിക്കാം.