ദൈവത്തിന്‍റെ നിയമത്തിനായുള്ള ദാഹം
ദൈവത്തിന്‍റെ നിയമത്തിനായുള്ള ദാഹം[1]
ഫാ. ചെറിയാൻ മേനാച്ചേരി സി.എം.ഐ.
ജ്ഞാനതൃഷ്ണയാണ്, സാധ്യമെങ്കിൽ, ദൈവത്തിൻ്റെ അറിവിനെ അതിശയിക്കാനുള്ള ആഗ്രഹമാണ് പാപത്തിന്‍റെ മൂലകാരണം. മനുഷ്യകുലത്തിന്‍റെ ആദ്യമാതാപിതാക്കന്മാർ ജ്ഞാനികളാകാൻ കൊതിച്ചു. അതുകൊണ്ട് അവർ ദൈവത്തെ ധിക്കരിച്ചു പാപം ചെയ്തു.
ശരിയായ ജ്ഞാനത്തെക്കുറിച്ച് സുഭാഷിതങ്ങളുടെ പുസ്തകത്തിൽ പറയുന്നത് എന്തെന്ന് ആദ്യമാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്ന് പരിഹാസരൂപേണ പറയാം. “ദൈവഭക്തിയാണ് ജ്ഞാനത്തിന്‍റെ ആരംഭം.” (സുഭാ 9 :10).
ലോകത്തിലെ എല്ലാ വിജ്ഞാനവും ഒരാൾക്ക് സ്വന്തമാക്കാം. പക്ഷേ, ദൈവഭയം ഇല്ലാത്തവർക്ക് അറിവിന്‍റെ ആദ്യാക്ഷരങ്ങൾ പോലും നേടാനാവില്ല. അങ്ങനെയുള്ളവൻ വിഡ്ഢിയാണ്. സുഭാഷിതങ്ങൾ കൂടുതൽ തീവ്രമാണ്, ദൈവഭയം ഇല്ലെന്നതിനർത്ഥം അല്പംപോലും ജ്ഞാനമില്ലെന്നും ഒരു വിഡ്ഢിയാണെന്നുമത്രേ. “ദൈവഭക്തിയാണ് അറിവിന്‍റെ ഉറവിടം; ഭോഷന്മാർ ജ്ഞാനത്തെയും പ്രബോധനത്തെയും പുച്ഛിക്കുന്നു.” (സുഭാ.1:7).
ദൈവഭയം എന്നതിന്‍റെ അർത്ഥം എന്താണ്? മറ്റെല്ലാ അപകടകരമായ കാര്യങ്ങളെയും ഭയക്കുന്നതുപോലെ വളരെ എളുപ്പത്തിൽ വിശദമാക്കാൻ സാധിക്കുമെന്നാണ് കൂടുതൽ പേരും ചിന്തിക്കുന്നത്. വിശദീകരിക്കാൻ കൂടുതലൊന്നുമില്ല. ലളിതമായി പറഞ്ഞാൽ അത് നമ്മുടെ ഉള്ളിൽ തന്നെയുണ്ട് . ദൈവഭയം ശക്തനായ ഒരു ശത്രുവിൻ്റെ ആക്രമണത്തെ ഭയക്കുന്നത് പോലെയല്ല. ഗുരുതരമായ രോഗത്തെയോ അപകടത്തെയോ ദുരന്തത്തെയോ ഭയപ്പെടുന്നത് പോലെയുമല്ലത്. കുറ്റബോധമുള്ള മനസ്സാക്ഷിയെ ഭയക്കുന്നത് പോലെയും അല്ല. ഇത്തരം ഭയപ്പാടുകളൊന്നും പ്രത്യേകമായി പരിശീലിക്കേണ്ട ആവശ്യമില്ല . മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ എല്ലാവരുടെയും സഹജ വാസനയാണത് .ഒരു സ്ഫോടനം കേൾക്കുമ്പോൾ ഒരു ശിശു പെട്ടെന്ന് ഭയപ്പെടുന്നു. ഇങ്ങനെയൊരു ഭയത്തിന് ഒരു യുദ്ധത്തിൻറെ മുന്നനുഭവമൊന്നും ആവശ്യമില്ല. തങ്ങൾ ദുർബലരാവുന്നെന്ന് ആളുകൾ ഉത്ക്കണ്ഠപ്പെടാറുണ്ട്.നിങ്ങൾക്ക് ബലഹീനത തോന്നുമ്പോൾ നിങ്ങൾ കൂടുതൽ ഭയപ്പെടും. കാട്ടിൽ ഒരു മാനും സിംഹവും വ്യത്യസ്തമായി ഭയപ്പെടുന്നു.

ആർജ്ജിച്ചെടുക്കേണ്ട ഒന്നല്ല ഭയം. പൊതുവായ ഭയവും ദൈവഭയവും തമ്മിലുള്ള പ്രധാനമായ വ്യത്യാസമിതാണ്. മറ്റുള്ള പേടികളെ പോലെ ദൈവഭയം സഹജവാസനയല്ല .നമ്മുടെ ഭയപ്രകൃതിയിൽ നിന്നും ഉത്ഭവിക്കുന്ന ഒന്നല്ല അത്. ദൈവഭയം പരിശീലിച്ചെടുക്കേണ്ടതാണെന്ന് സങ്കീർത്തകൻ പറയുന്നു. “മക്കളെ ഞാൻ പറയുന്നത് കേൾക്കുക. ദൈവഭക്തി ഞാൻ നിങ്ങളെ പരിശീലിപ്പിക്കാം ” (സങ്കീ.34:11) എങ്ങനെയാണ് ദൈവഭയം അഭ്യസിക്കാൻ കഴിയുക? സുഭാഷിതങ്ങളിൽ അതിൻറെ ഉത്തരമുണ്ട് .അത് അങ്ങനെ വെറുതെ കിട്ടില്ല; തീവ്രമായി അന്വേഷിക്കണം . “നീ അതിനെ വെള്ളി എന്നപോലെ തേടുകയും നിഗൂഢനിധി എന്നപോലെ അന്വേഷിക്കുകയും ചെയ്യുക. അപ്പോൾ നീ ദൈവഭക്തി എന്തെന്ന് ഗ്രഹിക്കുകയും ദൈവത്തെ കുറിച്ചുള്ള അറിവ് നേടുകയും ചെയ്യും.” (സുഭാഷിതം 2:4-5)
ദൈവഭയം പരിശീലിക്കുകയും സാത്മീകരിക്കുകയും വേണം. ദൈവ കൽപ്പനകൾ നിരന്തരം പാലിക്കുന്നതിലൂടെ ഒരാൾക്ക് ദൈവഭയം സ്വായത്തമാക്കാനാവും. അതുപോലെതന്നെ മോശ ഇസ്രായേൽക്കാരോട് പറയുന്നു: “ഇസ്രായേലേ, നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നത് നിങ്ങൾ അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ സ്നേഹിക്കുകയും പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും കൂടെ അവിടുത്തെ സേവിക്കുകയും, നിങ്ങളുടെ നന്മയ്ക്കായി ഞാനിന്നു നൽകുന്ന കർത്താവിൻറെ കൽപ്പനകളും ചട്ടങ്ങളും അനുസരിക്കുകയും ചെയ്യുക എന്നതല്ലാതെ എന്താണ്?” (നിയമാവർത്തനം 10:12-13) ദൈവത്തിൻറെ നിയമങ്ങൾ ജനങ്ങൾ അറിയണമെന്നാണ് ഇത് അർത്ഥമാക്കുന്നത്. ബൈബിൾ വായിക്കാതെ എങ്ങനെയാണ് നമുക്ക് ദൈവനിയമങ്ങൾ അറിയാനാവുക?
സെൽഫോൺ കൊണ്ടുനടക്കുന്നതുപോലെ ഒരു ബൈബിളും നമ്മൾ എപ്പോഴും കൂടെ കരുതണം എന്നാണ് പോപ്പ് ഫ്രാൻസിസ് നിർദ്ദേശിച്ചത്. അദ്ദേഹം ആവശ്യപ്പെട്ടു :”ബൈബിൾ നമുക്ക് പരിചിതമാവണം, ഇടയ്ക്കിടെ വായിക്കണം, ഉൾക്കൊള്ളണം. നമ്മുടെ സെൽഫോൺ കൈകാര്യം ചെയ്യുന്നതുപോലെ തന്നെ ബൈബിളും കൈയിൽ സൂക്ഷിച്ചാൽ എന്താണ് സംഭവിക്കുക? എപ്പോഴും അത് നമ്മോടൊപ്പം കൊണ്ടുനടക്കുകയാണെങ്കിൽ, ചെറിയ പോക്കറ്റ് വലിപ്പമുള്ള സുവിശേഷമെങ്കിലും, എന്ത് സംഭവിക്കും?”[2]
ക്രിസ്തുവിൻറെ നിയമങ്ങളുടെ അത്യുത്തമമായ അഭ്യസനമാണ് യേശുവും സമരിയാക്കാരിയും തമ്മിലുള്ള സമാഗമം. ക്രിസ്തു അവൾക്ക് വെറുതെ ജീവജലം കൊടുക്കുകയായിരുന്നില്ല. ക്രിസ്തു നൽകാനാഗ്രഹിച്ച ജീവജലത്തെക്കുറിച്ച് അവൾക്ക് ചില അബദ്ധധാരണകളുണ്ടായിരുന്നു. ആ സ്ത്രീ പറഞ്ഞു: ” പ്രഭോ, വെള്ളം കോരാൻ നിനക്ക് പാത്രമില്ല; കിണറോ ആഴമുള്ളതും.പിന്നെ ഈ ജീവജലം നിനക്ക് എവിടെ നിന്ന് കിട്ടും?” (യോഹ.4:11).
പഴയനിയമത്തിലെ ജീവജലത്തിന്‍റെ അർത്ഥം ഗ്രഹിച്ചാലാണ് ഈ കണ്ടുമുട്ടൽ കൂടുതൽ നന്നായി മനസ്സിലാക്കാൻ സാധിക്കുക: ജീവജലത്തോടാണ് നിയമം പലപ്പോഴും താരതമ്യം ചെയ്യപ്പെടുന്നത്. പ്രഭാഷകന്‍റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു: “ഇതെല്ലാമാണ് അത്യുന്നത ദൈവത്തിൻറെ ഉടമ്പടി ഗ്രന്ഥം; യാക്കോബിന്‍റെ സമൂഹങ്ങൾക്ക് അവകാശമായി മോശ നമുക്ക് കൽപ്പിച്ചു നൽകിയ നിയമം. അത് മനുഷ്യരെ ജ്ഞാനം കൊണ്ട് പിഷോൺ നദി പോലെയും ആദ്യഫലകാലത്തെ ടൈഗ്രീസ് നദി പോലെയും നിറയ്ക്കുന്നു. യൂഫ്രട്ടീസ് പോലെയും വിളവെടുപ്പ് കാലത്തെ ജോർദാൻ പോലെയും അത് അവരെ ജ്ഞാനപൂരിതരാക്കുന്നു.
അത് നൈൽ പോലെയും മുന്തിരി പഴുക്കും കാലത്തെ ഗിഹോൺ പോലെയും പ്രബോധനത്തെ പ്രവഹിപ്പിക്കുന്നു.” (പ്രഭാ. 24 :23 -27)
ജീവജലമാണ് ദൈവത്തിൻറെ നിയമം. ജീവനുള്ള ദൈവം നൽകുന്ന നിബന്ധനകളാണത്. ആ സ്ത്രീക്ക് വെള്ളം നൽകുക മാത്രമല്ല ക്രിസ്തു ചെയ്യുന്നത്. സാവധാനം അവളെ പഠിപ്പിക്കുകയും ചെയ്യുന്നു. അവൾ തന്നിൽ നിന്ന് വെള്ളം ആവശ്യപ്പെടുന്നതുവരെ ക്രിസ്തു കാത്തിരിക്കുന്നു. യേശു മറുപടി പറഞ്ഞു “ദൈവത്തിൻറെ ദാനം എന്തെന്നും എനിക്ക് കുടിക്കാൻ തരിക എന്ന് നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കിൽ നീ അവനോട് ചോദിക്കുകയും അവൻ നിനക്ക് ജീവജലം തരികയും ചെയ്യുമായിരുന്നു.” (യോഹ. 4:10) അപ്പോൾ അവൾ പറഞ്ഞു: “ആ ജലം തരുക.” (യോഹ. 4:15). ദൈവീകജ്ഞാനത്തോടും നിയമത്തോടും ഒരാൾക്ക് ഉൾക്കടമായ ദാഹമുണ്ടായിരിക്കണം.
[1] ചെറിയാൻ മേനാച്ചേരി, „ദൈവത്തിൻ്റെ നിയമത്തിനായുള്ള ദാഹം,“ Cf. ചെറിയാൻ മേനാച്ചേരി, പൂജ്യത്തിലൂടെ പൂർണ്ണത: യേശുവചനമനനം, Chennei, India: Notion Press, 2024, Chapter 2.
[2]Vatican City, Mar 5, 2017, https://www.catholicnewsagency.com/news/do-you-read-the-bible-as-often-as-you-check-your-phone-francis-asks-38236