നിരീശ്വരവാദികൾ ദൈവത്തെ കാണുന്നില്ല, ദൈവം അവരെ കാണുന്നു [1]
ചെറിയാൻ മേനാച്ചേരി
ക്രിസ്ത്യാനികൾ ഏറെയുള്ള രാജ്യങ്ങളിൽ പോലും നിരീശ്വരവാദം വളരുന്നു! ക്രിസ്ത്യാനികൾ പോലും ദൈവവിശ്വാസത്തിന്റെയും നിരീശ്വരത്വത്തിന്റെയും വൈരുദ്ധ്യം ഉള്ളിൽ പേറി നടക്കുന്നു. കുടുംബാംഗങ്ങളുടെ ദൈവവിശ്വാസം ഇല്ലായ്മയാണ് പല കുടുംബങ്ങളുടെയും വേദന. ക്രിസ്ത്യൻ രാജ്യങ്ങളിൽ മുതിർന്നവർ മാത്രമല്ല സ്കൂൾ കുട്ടികൾ പോലും പൂർണ ബോധത്തോടെ പറയുന്നു: ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ട് ദേവാലയവുമായി എനിക്ക് ബന്ധമില്ല. എനിക്കതിൽ താൽപര്യമില്ല. അതിനാൽ ഞാൻ പള്ളിയിൽ വരുന്നില്ല. കുട്ടികളുടെ ഈ ദൈവനിഷേധം പല മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ഞെട്ടിക്കുന്നുണ്ട്. ചില മാതാപിതാക്കൾ പ്രതികരിക്കുന്നത് എങ്ങനെയാണ്? പലപ്പോഴും, അവർ നിസ്സംഗരാണ്, അവർ കാര്യമാക്കുന്നില്ല!! കുട്ടികൾ സ്കൂളിൽ നന്നായി പഠിക്കണം, കായിക വിനോദങ്ങളിലും കളികളിലും ധാരാളം പങ്കെടുക്കണം, കുറച്ച് ഹോബികൾ വളർത്തിയെടുക്കണം എന്നതാണ് അവരുടെ ഏക ആശങ്ക. മതമോ? അതത്ര പ്രാധാന്യമുള്ളതല്ല.
പുതുതലമുറയിൽ നിരീശ്വരവാദത്തിനോടുള്ള ആഭിമുഖ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ദൈവവിശ്വാസത്തിലുള്ള ചെറിയൊരു സംശയം മാത്രമല്ലിത്. ഓരോ വിശ്വാസിക്കും ദൈവത്തെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ട്. നിരീശ്വരവാദപ്രവണത ദൈവത്തിൻറെ അസ്തിത്വത്തിന്റെ സമൂലമായ നിഷേധമാണ്. ഈ കുട്ടികൾ എത്ര പെട്ടെന്നാണ് അഹങ്കാരത്തോടും ദൃഢ വിശ്വാസത്തോടും ദൈവം ഇല്ലെന്നു പറയുന്നത്! നിരീശ്വരവാദപ്രവണത ദൈവത്തിൻറെ അസ്തിത്വത്തിന്റെ സമൂലമായ നിഷേധമാണ്. ഈ കുട്ടികൾ എത്ര പെട്ടെന്നാണ് അഹങ്കാരത്തോടും ദൃഢ വിശ്വാസത്തോടും ദൈവം ഇല്ലെന്നു പറയുന്നത്!

പലരും അവരുടെ ഹൃദയത്തിൽ നിരീശ്വരവാദികളാണ്. പക്ഷേ അതുണ്ടാക്കുന്ന സാമൂഹികവും കുടുംബപരവുമായ സങ്കീർണതകളെ ഭയന്ന് പരസ്യമായി സമ്മതിക്കാത്തതാണ്. മറ്റുചിലരാകട്ടെ നിരീശ്വരവാദികൾ ആണെന്ന് സമ്മതിക്കാൻ ധൈര്യപ്പെടുക മാത്രമല്ല ദൈവവിശ്വാസം പഴഞ്ചൻ ചിന്താഗതി ആണെന്ന് വിചാരിച്ചുകൊണ്ട് ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് ദുരഭിമാനത്തോടെ പറയുന്നു.
ചില കുട്ടികൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല സുന്ദരമായ ലോകം സൃഷ്ടിച്ചത് ദൈവമല്ലെന്നും മഹാസ്ഫോടനത്താൽ സൃഷ്ടിക്കപ്പെട്ടതാണെന്നും വാദിക്കുന്ന ചില ശാസ്ത്രജ്ഞന്മാരുടെ വാക്കുകളെ അന്ധമായി വിശ്വസിക്കുന്നു ഈ ചിന്തയിൽ ജീവിക്കുന്നത് മുതിർന്നവർക്കും കുട്ടികൾക്കും അപകടം വരുത്തുക തന്നെ ചെയ്യും.
നിരീശ്വരവാദം ശക്തിപ്പെട്ടുവരുന്ന ഈ കാലഘട്ടത്തിൽ ന്യൂനപക്ഷം മാത്രമായ യഥാർത്ഥ വിശ്വാസികൾക്ക് എന്ത് ചെയ്യാനാകും.? ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ട വേളയിൽ കൊളോസിയത്തിലെ ഒരു രംഗം നമുക്ക് ഭാവനയിൽ കാണാൻ ശ്രമിക്കാം. ഒരു സിംഹം ക്രിസ്ത്യാനികളെ ആക്രമിക്കാൻ വരുന്നു. അവരുടെ ചെറിയ കൂട്ടത്തിന് എന്ത് ചെയ്യാനാകും?. നിശ്ചയദാർഢ്യത്തോടെ, അവർ ഒരുമിച്ച് പ്രാർത്ഥിക്കാൻ അരങ്ങിൻ്റെ മധ്യത്തിൽ ഒത്തുകൂടി. ചക്രവർത്തിയും കാണികളും എന്താണ് ചെയ്യുക? അവർ ആ ചെറിയ ക്രിസ്തീയ സമൂഹത്തിന്റെ പ്രാർത്ഥനകൾ കേട്ട് പരിഹസിക്കുകയും കളിയാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികൾ ഭീരുക്കളാണെന്ന് കരുതി ആളുകൾ രസിച്ചു. സ്വയം പ്രതിരോധിക്കാനും സിംഹത്തെ കീഴ്പ്പെടുത്താനോ ശ്രമിക്കുന്നില്ല.
ആരോടാണ് ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നത്? നിസ്സഹായനായി കുരിശിൽ തറക്കപ്പെട്ട അവരുടെ ദൈവത്തോട്! ചെറിയ ക്രിസ്ത്യൻ സമൂഹം അരങ്ങിൻ്റെ നടുവിൽ എന്തിനു വേണ്ടി പ്രാർത്ഥിക്കുന്നു? സിംഹത്തിന്റെ വായിൽ നിന്ന് രക്ഷിക്കണമേയെന്നല്ല അവർ പ്രാർത്ഥിക്കുന്നത്. അവരുടെ കർത്താവായ ക്രിസ്തുവിനോട് അന്ധന് കാഴ്ച കൊടുത്തതുപോലെ അവിടെ കൂടിയിരുന്നവരുടെ ഹൃദയങ്ങളിൽ വിശ്വാസത്തിൻറെ കണ്ണുകൾ തുറക്കണമേയെന്നാണ് അവർ അപേക്ഷിക്കുന്നത്.
“ഇതു പറഞ്ഞിട്ട് അവൻ നിലത്ത് തുപ്പി. തുപ്പൽ കൊണ്ട് ചെളിയുണ്ടാക്കി. അവൻറെ കണ്ണുകളിൽ പൂശിയിട്ട്…“ (യോഹ. 9:6). മനുഷ്യന് കാഴ്ചശക്തി നൽകാൻ ദൈവത്തിൻറെ സൃഷ്ടിപരതയുള്ള പ്രവൃത്തി. സൃഷ്ട വസ്തുക്കളെയെല്ലാം കാണാൻ വേണ്ടിയാണ് ദൈവം നമുക്ക് കണ്ണുകൾ നൽകിയത്. പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും നമ്മുടെ കണ്ണുകൾ കൊണ്ട് കാണാം. പക്ഷേ ഈ കണ്ണുകൾ കൊണ്ട് ഇതെല്ലാം സൃഷ്ടിച്ച സൃഷ്ടാവിനെ കാണാൻ കഴിയുന്നുണ്ടോ? യേശു പറഞ്ഞു: “കാഴ്ചയില്ലാത്തവർ കാണുകയും കാഴ്ചയുള്ളവർ അന്ധരായി തീരുകയും ചെയ്യേണ്ടതിന് ന്യായവിധിക്കായിട്ടാണ് ഞാൻ ഈ ലോകത്തിലേക്ക് വന്നത്” (യോഹ. 9:39).
യേശു പ്രവർത്തിച്ച അത്ഭുതത്തിലൂടെ ജന്മനാ അന്ധനായിരുന്ന ഒരു മനുഷ്യന് കാഴ്ച കിട്ടി. ഇപ്പോൾ അവന് എല്ലാം കാണാൻ സാധിക്കും. അവൻറെ പരിസരപ്രദേശങ്ങൾ, കുടുംബാംഗങ്ങൾ, അയൽക്കാർ, സുഹൃത്തുക്കൾ ,മറ്റെല്ലാ ആളുകളും, വസ്തുക്കളും. ക്രിസ്തു എന്ന മനുഷ്യനെയും അവന്റെ കണ്ണുകൾ ദർശിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അവൻ ദൈവത്തെ തിരിച്ചറിയുന്നില്ല. അവന് ക്രിസ്തുവിൽ ദൈവത്തെ കാണാൻ സാധിക്കുന്നില്ല. ക്രിസ്തുവിനെ ദൈവമായി കാണാനും കഴിയുന്നില്ല. ക്രിസ്തുവിൻറെ കണ്ണുകളിലേക്ക് നോക്കിയിട്ട് അവൻ ചോദിച്ചു: “കർത്താവേ, ഞാൻ അവനെ വിശ്വസിക്കേണ്ടതിന് അവൻ ആരാണ്?”(യോഹ.9 :36).
കാഴ്ചയുണ്ടായിട്ടും ദൈവത്തെ കാണാതിരിക്കുക എന്ന പ്രതിഭാസം, അതായത് നിരീശ്വരവാദം, ദൗർഭാഗ്യവശാൽ, ധാരാളം ക്രിസ്ത്യാനികളിൽ കാണാൻ കഴിയും. ക്രിസ്തുവിനെ കാണുന്നു. പക്ഷേ, ക്രിസ്തുവിനെ ദൈവമായി കാണുന്നില്ല.
എപ്പോഴാണ് അന്ധനായ മനുഷ്യൻ ലോകത്തെയും അതിലെ നിവാസികളെയും കാണാൻ തുടങ്ങിയത് എന്നതല്ല പ്രധാനപ്പെട്ട ചോദ്യം. അവൻ എപ്പോഴാണ് ദൈവത്തെ കാണാൻ തുടങ്ങിയത്? താൻ മനുഷ്യപുത്രനാണെന്ന് ക്രിസ്തു ആ അന്ധന് സ്വയം വെളിപ്പെടുത്തിയപ്പോഴാണ് ആ മനുഷ്യൻ ദൈവത്തെ കണ്ടത്. “യേശു ചോദിച്ചു: മനുഷ്യപുത്രനിൽ നീ വിശ്വസിക്കുന്നുവോ?” (യോഹ. 9: 35). “യേശു പറഞ്ഞു: നീ അവനെ കണ്ടു കഴിഞ്ഞു. നിന്നോട് സംസാരിക്കുന്നവൻ തന്നെയാണ് അവൻ. (യോഹ. 9:37). യേശു ആ അന്ധന് സ്വയം വെളിപ്പെടുത്തിയപ്പോഴാണ് അവൻ ദൈവത്തിൽ വിശ്വസിച്ചത്. അന്ധൻ പറഞ്ഞു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അവൻ യേശുവിനെ പ്രണമിച്ചു”. (യോഹ. 9:38).
മനുഷ്യർക്ക് ദൈവത്തെ കാണാൻ കഴിയുന്ന വിധത്തിൽ ഓരോ വ്യക്തിക്കും ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തുമെന്നാണ് നമ്മുടെ പ്രത്യാശ. നിരീശ്വരവാദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിരീശ്വരവാദികൾ ദൈവത്തെ കാണുന്നില്ലല്ലോ എന്നതാണ് നമ്മുടെ ആശങ്ക. പക്ഷേ, ദൈവം അവരെ കാണുന്നുമെന്ന് തീർച്ചയാണ്. അവന്റെ അടുത്തുണ്ടായിരുന്ന ഏതാനും ഫരിസേയർ ഇതുകേട്ട് അവനോട് ചോദിച്ചു: “അപ്പോൾ ഞങ്ങളും അന്ധരാണോ?” (യോഹ. 9: 40). യേശു അവരോട് പറഞ്ഞു: “അന്ധരായിരുന്നെങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഞങ്ങൾ കാണുന്നു എന്ന് നിങ്ങൾ പറയുന്നു. അതുകൊണ്ട് നിങ്ങളിൽ പാപം നിലനിൽക്കുന്നു.” (യോഹ. 9 :41). സുഖം പ്രാപിച്ച അന്ധനായ മനുഷ്യൻ പറയുന്നു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവൻ യേശുവിനെ പ്രണമിച്ചു (യോഹ. 9: 38).
[1] ചെറിയാൻ മേനാച്ചേരി, „നിരീശ്വരവാദികൾ ദൈവത്തെ കാണുന്നില്ല, ദൈവം അവരെ കാണുന്നു“, Cf. ചെറിയാൻ മേനാച്ചേരി, പൂജ്യത്തിലൂടെ പൂർണ്ണത: യേശുവചനമനനം, Chennei, India: Notion Press, 2024, Chapter 3.