നിരീശ്വരവാദിയല്ല, ദൈവാന്വേഷകന്‍![1]
ഫാ. ചെറിയാൻ മേനാച്ചേരി സി.എം.ഐ.
വിശ്വാസകാര്യങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ നമ്മൾ കണ്ടുമുട്ടാറുണ്ട്. ഉദാഹരണത്തിന്, നമ്മുടെ കുടുംബങ്ങളിൽ, ബന്ധുക്കൾക്കിടയിൽ, സുഹൃത്തുക്കൾക്കിടയിൽ. ……അവർ പറയുന്നു: “സഭ പഠിപ്പിക്കുന്ന കാര്യങ്ങളിൽ എനിക്ക് വിശ്വാസമില്ല. ദൈവമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാനൊരു നിരീശ്വരവാദിയാണ്. കായിക വിനോദങ്ങളിലോ കളികളിലോ സാംസ്കാരിക പരിപാടികളിലോ ഏർപ്പെടുന്നതാണ് വിരസമായ വിശ്വാസ അനുഷ്ഠാനങ്ങളേക്കാൾ നല്ലതെന്ന് അവർ നമ്മോട് വാദിക്കാൻ തുടങ്ങും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഏറ്റവും യോജിച്ച വാക്കുകൾക്ക് വേണ്ടി പലപ്പോഴും നമ്മൾ പരതാറുണ്ട്. ദൈവവിശ്വാസികളല്ലാത്ത ആളുകളുമായി എങ്ങനെയാണ് സംഭാഷണത്തിൽ ഏർപ്പെടാൻകഴിയുക? “കർത്താവേ, പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരിക. ഞങ്ങൾക്ക് അതുമതി.” (യോഹ. 14 :8). “എനിക്ക് ദൈവാനുഭവം മാത്രമേ ആവശ്യമുള്ളൂ. ഇതു മതിയാകും എന്റെ ജീവിതത്തിന്. അത് മാത്രമാണ് എനിക്ക് ആവശ്യമുള്ളത്” എന്ന് പറയുന്ന ഒരാൾ പീലിപ്പോസ് യേശുവിനോട് പറഞ്ഞ വാചകങ്ങൾ തന്നെയാണ് ആവർത്തിക്കുന്നത്. ദൈവത്തെ കാണാനുള്ള നിഗൂഢമായ ആഗ്രഹത്തിൻ്റെ ഏറ്റവും ഉയർന്ന തലമാണ് പീലിപ്പോസിൻ്റെ പ്രസ്താവന. വിശുദ്ധ ഗ്രന്ഥത്തിൽ പരിചയപ്പെടുന്ന സ്ത്രീപുരുഷന്മാർക്കിടയിലും സഭയിലെ നിരവധിയായ വിശുദ്ധന്മാർക്കിടയിലും ദൈവത്തിനായുള്ള ഈ ദാഹം എളുപ്പത്തിൽ കണ്ടെത്താം. മരുഭൂമി യാത്രയിലും ഹോറെബ് മലയിലും വെച്ച് മോശ ദൈവത്തിനായി ദാഹിച്ചു. അവിടെ അവൻ ദൈവത്തെ കണ്ടെത്തി. അവിടുത്തെ നാമം അറിയാൻ അത്യധികം ആഗ്രഹിച്ചു. (പുറപ്പാട് 3: 3).
ദൈവത്തിൻറെ നാമം അറിയുകയെന്നാൽ നമ്മുടെ ബോധമണ്ഡലത്തിലേക്ക് അതു കൊണ്ട് വരികയെന്നോ അല്ലെങ്കിൽ അതിനെപ്പറ്റി ഓർമ്മിപ്പിക്കുകയെന്നോ അല്ല അർത്ഥം. വിശുദ്ധ ഗ്രന്ഥത്തിൽ ദൈവനാമം അറിയുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവത്തെ വ്യക്തിപരമായി കണ്ടുമുട്ടുക എന്നാണ്. സങ്കീർത്തനങ്ങളിൽ ദാവീദ് രാജാവ് ദൈവത്തിനായുള്ള ഈ ദാഹം വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട്. “നീർച്ചാൽ തേടുന്ന മാൻപേടയെ പോലെ, ദൈവമേ, എൻറെ ഹൃദയം അങ്ങയെ തേടുന്നു.“ (സങ്കീ 42: 1). „അങ്ങയിൽ വിലയം പ്രാപിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമായിരിക്കുന്നു.” [2] എന്ന് പറയുന്ന വി. അഗസ്റ്റിനും ദൈവത്തിനായുള്ള ദാഹമാണ് സ്പഷ്ടമാക്കുന്നത്. വിശുദ്ധന്മാർക്ക് മാത്രമല്ല, എല്ലാ മനുഷ്യർക്കും ദൈവത്തിനായുള്ള ഈ ദാഹമുണ്ട്.
ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയായ ഓക്സ്ഫഡ് നടത്തിയ ഒരു പ്രധാന പഠനത്തിൽ പ്രകൃത്യാ തന്നെ മനുഷ്യൻ ദൈവഭക്തിയുള്ളവനാണെന്ന് കണ്ടെത്തി. ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കാനുള്ള പ്രവണത മനുഷ്യപ്രകൃതിയുടെ അവിഭാജ്യ ഘടകമാണ്. ഏതാണ്ട് മൂന്ന് വർഷത്തോളമായി ഈ സർവകലാശാല അന്തർദേശീയമായി നടത്തിയ ഒരു ഗവേഷണത്തിലെ അനുമാനങ്ങളാണിത്. മതപരമായും നിരീശ്വരവാദപരമായും സ്വാധീനശക്തിയുള്ള 20 രാജ്യങ്ങളിൽ നിന്നുള്ള 57 ഗവേഷകർ നാല്പത്തിലധികം പഠനങ്ങളാണ് പുറത്തുവിട്ടത്. ഫിലോസഫി പ്രഫസറും സഹഡയറക്ടറുമായ റോജൻ ട്രിഗ് ഈ പഠനം അവതരിപ്പിക്കുന്ന അവസരത്തിൽ ലോകത്തെ എപ്പോഴും മതപരമായ ഒരു തലത്തിൽ കാണുന്നതിലേക്കാണ് മനുഷ്യ ചിന്ത നയിക്കുന്നത് എന്നാണ് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ദൈവവിശ്വാസമെന്നത് അമാനുഷികമായൊരു ജന്മവാസനയാണ്. [3]

ബൈബിളിന്റെ ഭാഷയിൽ ഈ അമാനുഷികമായ സഹജാവബോധത്തിന്റെ കാരണമിതാണ്. “അങ്ങനെ ദൈവം തൻറെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിൻറെ ഛായയിൽ അവിടുന്ന് അവനെ സൃഷ്ടിച്ചു.” (ഉല്പ 1:27) ദൈവത്തിനായുള്ള ദാഹം എല്ലാവരിലുമുണ്ട്. പലരും അവരുടെ ബോധത്തിൽ അത് തിരിച്ചറിയുകയോ സമ്മതിക്കുകയോ ചെയ്യുന്നില്ലെങ്കിൽ പോലും. ഒരാൾക്കും അതിൻറെ പൂർണമായ അർത്ഥത്തിൽ ഒരു നിരീശ്വരവാദി യാകാൻ കഴിയില്ല. അവിശ്വാസവും ഒരു വിശ്വാസമാണെന്ന് അർണോൾഡ് സ്റ്റാഡ്ലർ എഴുതി.[4] പോൾ ടില്ലിഹിൻ്റെ അഭിപ്രായത്തിൽ എല്ലാവർക്കും അന്തിമമായ, ഉറച്ച ബോധ്യങ്ങളുള്ളതുകൊണ്ട് പ്രത്യക്ഷത്തിൽ, നിരീശ്വരവാദമെന്നൊന്നില്ല. ഈ ബോധ്യം എല്ലാവരെയും വൈകാരികമായി സ്പർശിക്കുന്നു. മതേതരമായ വ്യത്യസ്ത പേരുകൾ കൊണ്ട് വിളിച്ചാലും ദൈവം ഒരു വിശ്വാസമാണ്, മതവിശ്വാസമാണ്.[5]
നിരീശ്വരവാദി ആകുന്നതിനേക്കാൾ ഒരു അജ്ഞേയവാദിയാകാം. ഒരു ദൈവം ഉണ്ടോയെന്നറിയില്ലെന്നാണ് അവർ പറയുന്നത്. ദൈവമുണ്ടെന്നോ ഇല്ലെന്നോ അവർ നിർവചിക്കുന്നില്ല. അവർക്കറിയില്ല, അതിനാൽ വിശ്വസിക്കുന്നില്ല. ഈ ഗണത്തിൽപ്പെടുന്ന ആളുകൾ ധാരാളമുണ്ട്. ഇത്തരക്കാർക്ക് അർണോൾഡ് സ്റ്റാഡ്ലർ നൽകുന്ന ഒരു ഉപദേശമുണ്ട്: “ഒന്നിലും വിശ്വസിക്കാത്തതിലും എത്രയോ നല്ലതാണ് എന്തിലെങ്കിലും വിശ്വസിക്കുന്നത്!” [6]
ഈ സാഹചര്യത്തെ സുബുദ്ധിയോടെ കാണാൻ ശ്രമിക്കാം: ദൈവവിശ്വാസമില്ലാത്ത നമ്മുടെ സഹജീവികളിൽ ചിലർ തിരഞ്ഞുകൊണ്ടിരിക്കുന്നു. എന്താണ് തിരയുന്നത്? ദൈവത്തിനു വേണ്ടിയുള്ള അബോധാവസ്ഥയിലുള്ള അന്വേഷണം! ചില ഘട്ടങ്ങളിൽ അവർ വിജയിക്കുന്നു; മനുഷ്യൻ ദൈവത്തെ തേടുക മാത്രമല്ല തന്നെ നിഷേധിക്കുന്നവരെ ദൈവവും തേടുന്നുണ്ട്.
മനുഷ്യനെ തേടുന്ന ദൈവത്തെ കുറിച്ചാണ് ഫ്രാൻസിസ് പാപ്പ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. “ദൈവത്തിന് തന്നിൽ നിന്നും അകന്നിരിക്കുന്നവരോടും തനിക്ക് നഷ്ടപ്പെട്ടവരോടും സ്നേഹത്തിൻറെ ബലഹീനതയുണ്ട്.” എങ്ങനെയാണ് ദൈവം അവരെ തേടുന്നത്? ഫ്രാൻസിസ് പാപ്പ തുടർന്നു പറയുന്നു. “കാണാതെ പോയ ആടിനെ കണ്ടെത്തുന്നതുവരെ ഇരുട്ടിലേക്ക് യാത്ര ചെയ്യുന്ന ഇടയൻ!” [7]
നഷ്ടപ്പെട്ടതിനെ തിരയുന്ന ദൈവം! അവിശ്വാസികളായ കുടുംബാംഗങ്ങളെ ഓർത്ത് വേദനിക്കുന്ന എല്ലാവർക്കും ഇത് ആശ്വാസവും പ്രചോദനവുമാണ്. ക്രിസ്തു, നഷ്ടപ്പെട്ട ആടുകളെ തിരഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷേ, ചില സന്ദർഭങ്ങളിൽ നഷ്ടപ്പെട്ട ആടുകൾ ഇടയനായ യേശുക്രിസ്തുവിനെ കണ്ടെത്തുന്നു. പീലിപ്പോസിനോട് ക്രിസ്തു പറയുന്നു: “എന്നെ കാണുന്നവൻ എന്റെ പിതാവിനെയും കാണുന്നു” (യോഹ. 14:9).
[1] ചെറിയാൻ മേനാച്ചേരി, „നിരീശ്വരവാദിയല്ല, ദൈവാന്വേഷകന്‍!“, Cf. ചെറിയാൻ മേനാച്ചേരി, പൂജ്യത്തിലൂടെ പൂർണ്ണത: യേശുവചനമനനം, Chennei, India: Notion Press, 2024, pp. pp. 13-16.
[2]St. Augustine, The Confessions (Book I, Chapter 1), https://www.newadvent.org/fathers/110101.htm
[3]Takenfrom German,Newsletter von Radio Vatikan – 18.5.2011
[4] „Der Unglaube ist auch nur ein Glaube.“ARNOLD STADLER, „Warum wir Ostern brauchen, “ Focus 17/2011, S. 52.
[5] “Faith is the state of being ultimately concerned. The content matters infinitely for the life of the believer, but it does not matter for the formal definition of faith.” https://quotepark.com/authors/paul-tillich/
[6] „Der Glaube an etwas ist jedoch viel schöner als der Glaube an nichts.“Arnold Stadler, „Warum wir Ostern brauchen, “ Focus 17/2011, S. 52.
[7]Pope Francis, Morning Meditation In The Chapel Of The Domus Sanctae Marthae, God does not like to lose, Thursday, 7 November 2013, www.vatican.va/content/francesco/en/cotidie/2013/documents/papa-francesco-cotidie_20131107_lost-sheep.html