അങ്കിലിദാമോസിനയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം
മഡഗാസ്ക്കറിൽ നിന്നും Fr Johnson Thaliyath CMI.
മഡഗാസ്ക്കറിൽ സുവിശേഷ പ്രഘോഷണം എളുപ്പമാണ്. എന്നിട്ടുപോലും നല്ല രീതിയിൽ അതു പൂർത്തീകരിക്കാൻ സാധിക്കുന്നില്ല. നമ്മുടെ ഇഷ്ടത്തിനു കാര്യങ്ങൾ ഭംഗിയായി പോകണമെന്നില്ല. ഈശോയെ അറിഞ്ഞവരോടു്, വിശ്വാസമുള്ളവരോടു പ്രഘോഷണം എളുപ്പമാണ്. അവിടെ സ്വസ്ഥതയുണ്ട്, അംഗികാരമുണ്ടു്, നന്ദി പ്രകടനങ്ങളുണ്ട്, നേർച്ചവരുമാനമുണ്ട്.
ഈശോയെ അറിയാത്തവരോടു് സുവിശേഷം പറയാൻ ഇറങ്ങിയാൽ ഒരു വിശ്വാസ സമൂഹത്തിൽ ലഭിക്കുന്ന തലോടലുകൾ അവിടെ ലഭ്യമാകില്ല. അവർക്കാശ്വാസമായി ഈശോ പറയുന്നുണ്ടാകും “നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിട്ടുണ്ടു്, അതിൽ സന്തോഷിക്കുവിൻ!”. ഈശോയുടെ ശിഷ്യന്മാർ അയക്കപ്പെട്ടത് ഈയൊരു സാക്ഷ്യം വഹിക്കലിനു ആയിരുന്നില്ലെ? പിന്നെയെങ്ങിനെയാണ് സുരക്ഷിത വലയത്തിനുള്ളിൽ മാത്രം, ഇടവകാതിർത്തിക്കുള്ളിൽ മാത്രം സുവിശേഷ ജീവിതം ഒതുക്കി നാം സംതൃപ്തിയടയുന്നത്?
സുരക്ഷിത മേഖലകളിൽ വിഷമിക്കുന്ന സാഹചര്യങ്ങളിൽ പോലും നമ്മെ സന്തോഷിപ്പിക്കുന്ന പലതും നമുക്കു സ്വന്തമാകും. നമ്മെ ബഹുമാനിക്കുന്ന നമുക്കു മഹത്വം നൽകുന്ന, നാം ഉരുവിടുമ്പോൾ അതു യാഥാർത്ഥ്യമാക്കുന്ന ഒരു കൂട്ടം ഭക്തർ നമുക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. നമ്മുടെ സർഗ്ഗാത്മകതക്കു രൂപം കൊടുക്കുവാൻ വേദികൾ ഒരുക്കപ്പെടും. അവിടെ നമ്മെ വിട്ടു പോകാൻ നിവൃത്തിയില്ലാത്തവരോടു വാശി പിടിക്കാനും ഭീഷണിപ്പെടുത്താനും നമുക്കു സ്വാധീനമുണ്ട്, അധികാരമുണ്ടു്.
ഈശോ ആവശ്യപ്പെട്ടിടത്ത് സുവിശേഷം പറയാൻ പോയാൽ ഈ സൗകര്യങ്ങളൊന്നും ലഭിക്കണമെന്നില്ല. കാണികളോ കേൾവിക്കാരോ നമ്മെ സന്തോഷിപ്പിക്കുണമെന്നില്ല. അവിടെ നാം ചെറുതായെ പറ്റു. വാശി പിടിച്ചാൽ, വാശി മൂത്ത് കിണറ്റിൽ ചാടിയവനെപ്പോലെയാകും. കിണറ്റിൽ നിന്നും കര കയറ്റാൻ ആരും വരണമെന്നില്ല.
ശ്ലീഹന്മാർ അഭിമുഖകരിച്ച അവസ്ഥയിൽ സവിശേഷം പ്രഘോഷിക്കാൻ നാം തയ്യാറല്ല. വി. ഫ്രാൻസിസ് അസ്സിസ്സിയുടെ അരൂപിയിൽ ആകർഷിക്കപ്പെട്ടു വന്നവരുടെ ബുദ്ധി വിജ്ഞാനത്തിലും ഭാവികരുതലിലും പെട്ടു വിശുദ്ധൻ തന്നെ സ്വന്തം കൂട്ടത്തിൽ നിന്നും പുറന്തള്ളപ്പെട്ടപ്പോൾ യഥാർത്ഥത്തിൽ അവരായിരുന്നു വിശുദ്ധൻ്റെ പാതയിൽ നിന്നും പുറത്തായത്. എന്നിട്ടും വിശുദ്ധ ഫ്രാൻസിസ്സിൻ്റെ നാമത്തിലുള്ള സ്വാധീനം ഉപയോഗിക്കുവാൻ അവർ മടിച്ചില്ല.
ഇതു തന്നെയാണ് ഈശോയുടെ നാമത്തിൽ പ്രഘോഷിക്കുവാൻ ഇറങ്ങിത്തിരിച്ച നാമും ചെയ്തു കൊണ്ടിരിക്കുന്നത്. അവിടത്തെ പാതയിൽ നാം വ്യതിയാനങ്ങൾ തീർക്കുന്നു, ഈശോയുടെ അനന്തമായ സ്നേഹപ്രവാഹത്തിന് അതിർത്തികൾ വച്ചു, വിശുദ്ധരുടെ നാമത്തിൽ ആരാധാനാലയങ്ങൾ ഉയർത്തി, അതിനുള്ളിൽ മാത്രം പ്രഘോഷണം സാക്ഷ്യം നൽകി സംതൃപ്തിയടഞ്ഞു കല്ലറയിലേക്കു നീങ്ങുന്നു. നമുക്കു അംഗീകാരം ലഭിക്കുന്ന Safe Zone-കളിൽ മാത്രം സാക്ഷ്യം വഹിക്കാനാണോ ഈശോ ഇന്നു കൊയ്ത്തുകാരെ അന്വേഷിക്കുന്നത്?
അഗതികളുടെ സഹോദരികളുടെ (Sisters of Destitute) സഭ ചുണങ്ങൻവേലിയിലാണ് തുടങ്ങിയത്. അവരുടെ സന്യാസിനികൾ മഡഗാസ്ക്കറിൽ 1993 മുതൽ സേവനം ചെയ്തു വരുന്നു. ഈ വർഷം അവരൊരു പദ്ധതിയുണ്ടാക്കി. അങ്ങനെ 20 പേരുടെ ഒരു ഗ്രൂപ്പ് ഇവിടെ വന്നു പ്രേഷിത പ്രവൃത്തിയും സുവിശേഷ പ്രഘോഷണവും നടത്തി. അതിൽ കേരളത്തിൽ നിന്നുള്ള സിസ്റ്റേഴ്സും, ജീസസ് യൂത്തുകാരും രണ്ടച്ചന്മാരും ഉണ്ടായിരുന്നു. മനസ്സു വച്ചാൽ അസാധ്യക്കാര്യങ്ങളും യഥാർത്ഥമാകാൻ ദൈവം സഹായിക്കും. നാം മനസ്സു വച്ചാൽ ഈശോക്കു വേണ്ടി നല്ല ഫലങ്ങൾ കൊയ്തെടുക്കുവാൻ ഈശോ തന്നെ ഇടവരുത്തും.
ഏതാനും വർഷങ്ങൾക്കു മുമ്പു് യാത്രക്കാരുടെ മനസ്സിൽ ഭീതിയുടെ തീ കോരിയിട്ടിരുന്ന സ്ഥലമായിരുന്നു Ankilidamosina ഗ്രാമം. അധികം ജനവാസം ഇല്ലാതെ ശുഷ്ക്കിച്ചു മുടിഞ്ഞ ഒരു കൊച്ചുഗ്രാമം. കൊള്ളക്കാരുടെ സാന്നിധ്യമായിരുന്നു ഈ ഗ്രാമത്തിൻ്റെ ദയനീയ സ്ഥിതിക്കു കാരണം. ഇന്ന് അതൊരു വ്യത്യസ്ഥ ഗ്രാമമാണ്. ഇതു പോലെ മാറ്റം കാത്തിരിക്കുന്ന ഒത്തിരി ഗ്രാമങ്ങൾ മഡഗാസ്ക്കറിലുണ്ടു്. 2024 മുതലാണ് ഞങ്ങൾ ഈ ഗ്രാമം സന്ദർശിച്ചു തുടങ്ങിയത്. Antsikida പള്ളിക്കാരുടെ നേതൃത്വത്തിൽ ചെറിയൊരു പ്രാർത്ഥനാ സമൂഹം അവിടെ രൂപീകരിക്കപ്പെട്ടു. ഞായറാഴ്ചകളിൽ പുളിമരത്തിനു കീഴിൽ അവർ ഒരുമിച്ചു കൂടി.
പ്രാർത്ഥിക്കുന്നവരുടെ എണ്ണം അധികം ആയിട്ടില്ലെങ്കിലും അവിടെ ഒരു പള്ളിയും സ്കൂളും തുടങ്ങുന്നതു നല്ലതാണെന്നു ഞങ്ങൾ ഉറപ്പിച്ചു. കേരളത്തിൽ നിന്നും ഒരു സഹായഹസ്തം നീണ്ടു വന്നപ്പോൾ ഞങ്ങൾ ചെറിയൊരു പള്ളിക്കു തറക്കല്ലിട്ടു. ഒരു ക്രൈസ്തവ പശ്ചാത്തലം ഇല്ലാതിരുന്ന ഗ്രാമമായതുകൊണ്ടു് എനിക്കല്പം ആശങ്കയുണ്ടായിരുന്നു. എന്നാൽ നല്ലവരായ ഗ്രാമീണർ സഹകരിച്ചു. പണി പുരോഗമിക്കുന്നതിനിടയിൽ ഗ്രാമ പ്രസിഡണ്ട് ഞങ്ങളോടു ഒരപേക്ഷ വച്ചു, പള്ളിയുടെ പണി തീരാൻ കാത്തിരിക്കാതെ, ഈ അധ്യായന വർഷത്തിൽ തന്നെ ഞങ്ങളുടെ കൊച്ചു മക്കൾക്കായി ഒരു വിദ്യാലയം തുടങ്ങണം. പല പ്രാവശ്യത്തെ കൂടിചേരലുകൾക്കു ശേഷം അവർ തന്നെ ഒരു താത്ക്കാലിക ക്ലാസ് റൂം ശരിയാക്കാമെന്നു വാഗ്ദാനം ചെയ്തു. ചെറിയൊരു കുടിലും ഒരുക്കി തന്നു. അങ്ങനെ ഒക്ടോബർ ആറാം തിയതി വി. കുർബ്ബാനയോടു കൂടി പുതിയൊരു കാർമ്മൽ സ്കൂൾ ഈ കൊച്ചു ഗ്രാമത്തിൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി.
ഏതാനും വർഷങ്ങൾക്കു മുമ്പു് കൊള്ളക്കു കൂട്ടുനിന്നവർ അല്ലെങ്കിൽ യഥാർത്ഥ കൊള്ളക്കാർ ആയിരുന്നവർ തന്നെ അവിടത്തെ പള്ളിക്കു വേണ്ടി കല്ലുകൾ ചുമന്നു വന്നു. ഭീകരന്മാർ ആയതു കൊണ്ടല്ല ഇവർ കൊള്ളക്കാരായത്.. സാഹചര്യങ്ങൾ അവരെ അങ്ങനെയാക്കിയതാകാം. ആദ്ധ്യാത്മികവും മാനസികവുമായ പ്രകാശത്തിൻ്റെ അഭാവം നന്മകളെ കുറിച്ച് സ്വപ്നം കാണാൻ അവരെ തടസ്സപ്പെടുത്തിയിരിക്കാം.
ഇന്നവർ പള്ളിയും പള്ളിക്കൂടവും ആഗ്രഹിക്കുന്നുണ്ട്. മുൻപ് ഹൈവേയിൽ കൂടി പോകുമ്പോൾ നിർവികാരത്തോടെ നോക്കി നിന്നിരുന്ന കുഞ്ഞുങ്ങൾ ഇന്നു ഏതു വണ്ടിയുടെ സ്വരം കേൾക്കുമ്പോളും “മോപ്പേര” (അച്ചാ) എന്നു വിളിച്ചു ഓടുന്നുണ്ടെന്നു അവിടത്തെ ഒരു കാരണവർ പറഞ്ഞു കേട്ടു. ഈ കുഞ്ഞുങ്ങൾ വെളിച്ചവും വിദ്യയും ലഭിച്ചാൽ ഇനിയവിടെ ഒരു കൊള്ളക്കാരൻ വഴിയാത്രക്കാരെ കഷ്ടപ്പെടുത്തുവാൻ ഉണ്ടാകില്ല.
“നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല.
(മത്തായി 5 : 14) എന്നു പറഞ്ഞ ഈശോ ഒന്നുകൂടി കൂട്ടി ചേർത്തു, “അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.” (മത്തായി 5 : 16).




