April 10, 2026
to print

അൻഡ്രാനുക്കറാത്തു ഗ്രാമത്തിലെ നവരത്നങ്ങൾ ജലത്താലും ആത്‌മാവിനാലും ജനിക്കുന്നു

മഡഗാസ്ക്കറിൽ നിന്നും Fr Johnson Thaliyath CMI.

 

യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.

ജലത്താലും ആത്‌മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശി ക്കുക സാധ്യമല്ല. (Jn 3 : 4-5)

ഈശോ തൻ്റെ ദൗത്യം തുടങ്ങുന്നതു തന്നെ മാമോദീസയിലൂടെയാണ്. ഈ തിരുവചനം സുവറാനു ഗ്രാമത്തിൽ പ്രഘോഷിക്കാൻ പോയ ഞങ്ങൾക്കും പലവട്ടം വെള്ളത്തിലിറങ്ങി നനഞ്ഞു കയറേണ്ടി വന്നു.

അൻഡ്രാനുക്കറാത്തു ഗ്രാമത്തിലെ  മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ മാമോദീസ ആവശ്യപ്പെട്ടിട്ടു കുറച്ചു നാളുകളായി. നിരാശപ്പെടുത്താതെ അവരെ പ്രോത്സാഹിപ്പിക്കാനായി ഈ മഴക്കാലത്തും അവിടെയും  ചെല്ലാമെന്നേറ്റിരുന്നു. അവിടെ നവരത്നങ്ങൾ പോലെ ഒമ്പതു കുഞ്ഞുങ്ങളാണ് ഈശോയുടെ കുടുംബത്തിൽ ചേരുവാൻ ഒരുങ്ങി നിന്നത്.

സാധാരണ  പോകുന്ന വഴിയിൽ വെള്ളം കൂടുതലായതുകൊണ്ട് പുതിയ വഴിക്കു വളഞ്ഞു തിരിഞ്ഞാണ് രണ്ടു സ്ഥലത്തും എത്താൻ പറ്റിയത്.. ജീവിതത്തിൽ  ഒത്തിരി വീണല്ലെ നാം യാത്ര പൂർത്തിയാക്കുന്നത്. അതുപോലെ വഴുക്കലുള്ള വഴിയായതു കൊണ്ട് പല പ്രാവശ്യം വീണാണ്  അവിടേക്കുള്ള  യാത്ര മുഴുവനാക്കിയത്. ഞങ്ങളെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നവരെ ജനങ്ങളെപ്പറ്റി  ഓർത്തപ്പോൾ യാത്രയുടെ ബുദ്ധിമുട്ടും ക്ഷീണവും ഓർത്തതേയില്ല.

ഗ്രാമത്തിലേക്ക് എത്താൻ വൈകിയപ്പോൾ പാടത്തു നടുക്കുവെച്ച് ഇടക്കു ഒരു സ്വരം ! അച്ചനു കാപ്പി കുടിക്കാൻ നേരമായോ? ഞാൻ പറഞ്ഞു, ഗ്രാമത്തിലെത്തുമ്പോൾ കിട്ടുമല്ലൊ!

അല്ലച്ചാ ഈ പാടത്തും  കിട്ടും. ഞങ്ങൾ അച്ചനായി കൊണ്ടു വന്നിട്ടുണ്ട്. അത് അമ്മമാരുടെ സ്നേഹം! ഇത്തരത്തിൽ മിഷൻ യാത്രയിൽ നമ്മെ സ്പർശിക്കുന്ന ചില ഹൃദയങ്ങളുണ്ട്. ഒരോ ഗ്രാമത്തിൽ എത്തുമ്പോളും

കാപ്പിയുണ്ടാക്കി കാത്തിരിക്കുന്ന ചിലർ.  അൻഡ്രാനുക്കറാത്തു ഗ്രാമത്തിലെത്തുമ്പോൾ ഞങ്ങൾക്കിരിക്കാനായി കസേര കൊണ്ടുവരുന്ന ഒരാളുണ്ട്.

96 വയസ്സായ കാരണവർ… നിറചിരിയുമായി ഇറങ്ങി വരുന്ന,  96 വയസ്സിലും സുഖമായി നടന്നുകൊണ്ടിരിക്കുന്ന അദ്ദേഹത്തിനു വലിയ സന്തോഷമാണ് അവരുടെ ഗ്രാമത്തിൽ പള്ളി ആരംഭിച്ചതിൽ.

ഈ ഗ്രാമങ്ങളിലെ സാധാരണക്കാരിൽ പലരും വിവാഹം ഔദ്യോഗികമായി നടത്താൻ മടിയുള്ളവരാണ്. പള്ളിയിലായാലും ഈ അവസ്ഥയാണ്.  മക്കളും പേരമക്കളും ഉണ്ടെങ്കിലും പലരും സംശയിച്ചു നില്ക്കുന്നു. ഇവർക്കിടയിൽ വിവാഹ കൂദാശക്കു സാക്ഷ്യം പറഞ്ഞു ഒരു സ്ത്രീ രത്നം പലരെയും ഒന്നിളക്കി.  രണ്ടു വർഷം മുമ്പു് തോമാശ്ലീഹയുടെ നാമത്തിൽ നാം തുടക്കം കുറിച്ച മഹസുവ ഗ്രാമപള്ളിയിലെ കാറ്റക്കിസ്റ്റ്.

അവർ പറഞ്ഞത്  അവർ കൂദാശ സ്വീകരിച്ചതിനു ശേഷം, വിവാഹത്തിനു മുമ്പു് പ്രാർത്ഥിക്കാൻ മടിച്ചിരുന്ന അവരുടെ ഭർത്താവു് ഇപ്പോൾ പ്രാർത്ഥിച്ചു തുടങ്ങിയെന്നാണ്. , പ്രശ്നങ്ങൾ പഴയതു പോലെ ഉണ്ടാകുന്നുണ്ടെങ്കിലും വേഗത്തിൽ തന്നെ രമ്യതയിലാകുന്നു. ഇതിനു ഞാനും സാക്ഷിയാണ്. അവരിപ്പോൾ ഒരുമിച്ചാണ് പ്രാർത്ഥിക്കുവാൻ വരുന്നതു്.

ഇവരുടെയൊക്കെ തീക്ഷ്ണത കാണുമ്പോൾ നമുക്കു ആശ്ചര്യമാണ്. തമ്പുരാൻ തനിക്കായി അയക്കപ്പെടുന്നവരെ തിരഞ്ഞെടുക്കുന്നത് അധികാരമോ സൗന്ദര്യമോ ആരോഗ്യമോ അറിവോ നോക്കിയല്ലെന്നു സുവിശേഷം വിളിച്ചു പറയുന്നു.  എന്തു കൊണ്ടായിരിക്കാം ഈശോ വലിയൊരു ദൗത്യം നിറവേറ്റാൻ  പാവപ്പെട്ടവരെ വിളിച്ചത്?

കാരണം അവരുടെ ആശ്രയം തൻ്റെ കഴിവിലോ, അറിവിലോ ആരോഗ്യത്തിലോ അധികാരത്തിലോ അല്ല, മറിച്ച്  തമ്പുരാനിലാണ്. അവിടെ വ്യവസ്ഥകളില്ല വിലപേശുകളില്ല. പരാതികളില്ല, അവകാശങ്ങളില്ല. കുഞ്ഞാടിനേപ്പോലെ വന്നു ഇരുത്തം ഉറക്കുമ്പോൾ അവർ ചെന്നായെപ്പോലെ സ്വാർത്ഥരാകില്ല എന്നു തമ്പുരാന് നന്നായറിയാം.

നാം സുവിശേഷം പറഞ്ഞില്ലെങ്കിലും അതു പറയാൻ തയ്യാറായി വരുന്ന അത്മായരുടെ എണ്ണം ഒത്തിരി കൂടുന്നു. നേരായ സുവിശേഷവത്ക്കരണത്തിനു മാർഗ്ഗങ്ങളുള്ളപ്പോൾ എന്തിനു പരോക്ഷമായ പ്രഘോഷണത്തിനു പോയി അലസരാകണം.?

പിന്നിലെ നഷ്ടങ്ങളുടേയും മുന്നിലെ സുരക്ഷിതത്വത്തിൻ്റെയും കണക്കെടുത്തു ജീവിതം പാഴിലാക്കുന്നവരാണ്  വിളി ലഭിച്ചു എന്നു പറയുന്ന പലരും.  അവരോടായി ഈശോ പറയുന്നു,: “കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല”. (ലൂക്കാ 9 : 62).

നമ്മളിൽ വലിയ വിശ്വാസമുള്ളവരായി കരുതപ്പെടുന്ന പലർക്കും ഒരു നായയുടെ വിശ്വസ്ഥത പോലും അവകാശപ്പെടാൻ കഴിയില്ല. ലക്ഷ്യത്തെക്കുറിച്ചറിയാമെങ്കിലും വഴിയിൽ തർക്കിച്ചു നില്ക്കുന്നവരാണ് നാം.  ഇവിടെ  നമ്മെ ക്ഷണിച്ചു കാത്തിരിക്കുന്ന തമ്പുരാനുണ്ടു്.

പക്ഷെ ചിലർ അകത്തു കയറുന്നില്ല, കുടുംബനാഥനെ കാണുന്നില്ല, ഭക്ഷണത്തിനിരിക്കുന്നില്ല, അവർക്കു തമ്പുരാനെക്കാൾ വലുത് സാബത്താണ്. അവർക്കു വിഷയം വഴിയിൽ കാണുന്നതാണ്; ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്.

അവർ വഴിയിലെ കാഴ്ചകൾ കണ്ടു നില്ക്കുന്നു, വഴിയരികിലെ അലങ്കാരങ്ങളെക്കുറിച്ചു തർക്കിക്കുന്നു,   വീട്ടിൽ കയറാൻ വരുന്നവരെ വട്ടം ചുറ്റിക്കുകയും, വൈകിപ്പിക്കുകയും സ്വയം കയറാതെ ജിവിതം പാഴിലാക്കുകയും ചെയ്യുന്നു. പുൽക്കൂട്ടിലെ പട്ടിയെ പോലെ പുല്ലു തിന്നുകയുമില്ല തിന്നുന്നവരെ തീറ്റിക്കുകയുമില്ല…

ഇവർ തീർച്ചയായും ഈശോ പറഞ്ഞ “മാമോദീസ’’ മുങ്ങേണ്ടിയിരിക്കുന്നു. അവർ മാത്രമല്ല നമ്മളും.