മിഷനറിക്ക് ഭാഷ, ഭക്ഷണം, വഴികൾ, വീഴ്ചകൾ പ്രശനമല്ല
മഡഗാസ്ക്കറിൽ നിന്നും Fr Johnson Thaliyath CMI.
“ഈശോ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും…” (മര്‍ക്കോസ് 3 : 13 -14)
“അവന് അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.” (മര്‍ക്കോസ് 16 : 15)
ഇന്നും തനിക്കിഷ്ടമുള്ളവരെ അവൻ വിളിച്ചു കൊണ്ടേയിരിക്കുന്നു, തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുന്നതിനും.
മഡഗാസ്ക്കറിൽ ഞങ്ങൾ പതിനാലു സി.എം.ഐ മിഷണറിമാർ വന്നു ചേർന്നത് ഈശോയുടെ സ്നേഹത്തിനു ജീവിതത്തിലൂടെ നന്ദി പറയാനാണ്. മഡഗാസ്ക്കർ ദ്വീപ് സുവിശേഷ പ്രഘോഷണത്തിനും സുവിശേഷവത്ക്കരണത്തിനും തികച്ചും ഫലഫൂയിഷ്ഠമായ മണ്ണാണ്. ശക്തമായ സുവിശേഷ സാന്നിധ്യത്തിനു 200 വർഷത്തെ പാരമ്പര്യമെ ഈ ദ്വീപിനുള്ളുവെങ്കിലും ഇതൊരു ക്രിസ്ത്യൻ രാജ്യമായി അറിയപ്പെടുന്നു. എന്നിരുന്നാലും ഈശോയെ അറിയാത്ത അനവധി ആത്മാക്കൾ നിറഞ്ഞതാണ് ഇവിടത്തെ ഉൾനാടൻ’ ഗ്രാമങ്ങൾ.
സാഹചര്യങ്ങൾക്കനുസരിച്ച് നേരിട്ടുള്ള സുവിശേഷവത്ക്കരണത്തിനു തികച്ചും അനുയോജ്യമായ സാഹചര്യങ്ങളാണ് ദൈവാനുഗ്രഹത്താൽ ഇന്ന് മഡഗാസ്കറിലുള്ളതു്. ഗവൺമെൻ്റ് നയങ്ങളും പ്രദേശിക ജനതയുടെ പ്രതികരണങ്ങളും ഒരു സവിശേഷ പ്രചാരകന് സന്തോഷവും സംതൃപ്തിയും നൽകുന്നതാണ്.
ഇവിടത്തെ ക്രൈസ്തവരും ഇക്കാര്യത്തിൽ നമുക്കൊരു താങ്ങും തണലുമാണ്. നാം സേവനം ചെയ്യുന്ന രൂപതകളിലെ പല ഗ്രാമങ്ങളും മലയാളി മിഷണറിമാരുടെ തീഷ്ണതയക്കും ത്യാഗ മനോഭാവത്തിനും സാക്ഷ്യം വഹിച്ച് വിശ്വാസത്തിലേക്കു കടന്നു വന്നിട്ടുണ്ട്. വിളവധികം വേലക്കാർ ചുരുക്കം എന്ന ദൈവവചനം ഇവിടെ അന്വർത്ഥമാണ്.

വിദേശികളായ നമ്മളെ സംബന്ധിച്ചിടത്തോളംഇവിടെ നേരിട്ടുള്ള സുവിശേവത്ക്കരണത്തിനു വെല്ലുവിളികളായി നില്‍ക്കുന്നത് പ്രധാനമായും ഭാഷയും പിന്നെ യാത്രാ മാധ്യമങ്ങളുടേയും വാർത്താവിനിമയ സാധ്യതകളുടെയും ദൗർലഭ്യതയുമാണ്. അയക്കപ്പെടുന്നവർ ചുരുക്കമായതുകൊണ്ട് ഗ്രാമങ്ങളിലെ സന്ദർശനങ്ങളുടെ കാലയാളവും നീണ്ടു പോകുന്നു. ഇക്കാര്യങ്ങളിൽ നമുക്കു വളരാൻ സാധിച്ചാൽ വളരെയധികം വിളവുകൾ ഈശോക്കു വേണ്ടി ശേഖരിക്കുവാൻ നമ്മുടെ സഭക്കു കഴിയും.
ഒരിക്കൽ പോളിയോ ബാധിച്ചു ഒരു കാൽ നഷ്ടപ്പെട്ട ഒരു സ്ത്രീരത്നം തീക്ഷ്ണതയിൽ എരിഞ്ഞു ആഫ്രിക്കയിൽ മിഷൻ പ്രവർത്തനത്തിനു പോകാൻ വിസ ലഭിക്കാനായി ഇൻ്റർവ്യുനെത്തി. വിസ ഓഫിസർ മതിയായ ഒരു കാരണം തിരക്കി ചോദിച്ചു, “എന്തു കൊണ്ടാണ് വികലാംഗയായിട്ടും കഷ്ടപ്പെട്ട് മിഷനിൽ പോകുന്നത്? വികലാംഗയായ മിഷണറി തീഷ്ണതയോടെ മറുപടിപറഞ്ഞു, “രണ്ടു കാലുള്ളവർ ആരും ഈശോക്കു വേണ്ടി പോകുന്നില്ല”. ഉടനെത്തന്നെ അവർക്കു വിസ നൽകപ്പെട്ടു.
സമരിയക്കാരി സ്ത്രീക്കു ഒരനുഭവം ലഭിച്ചപ്പോൾ അവളും തൻ്റെ “കുടം” ഉപേക്ഷിച്ചോടി മറ്റുള്ളവരുമായി അതു പങ്കു വയ്ക്കുവാനും അവരെ ഈശോയുടെ പക്കലേക്കു കൊണ്ടുവരാനും. (യോഹ. 4)
നമ്മളിൽ പലരും അംഗവൈകല്യം ഇല്ലാത്തതുകൊണ്ടാണ് ഈശ്വരനായി അയക്കപ്പെടാൻ മടി കാണിക്കുന്നത്. നല്ല ആരോഗ്യമുണ്ടെങ്കിൽ, നല്ല കഴിവുകളുണ്ടെങ്കിൽ നല്ല ബുദ്ധിയുണ്ടെങ്കിൽ അതു തനിക്കിഷ്ടമുള്ളിടത്ത്, സൗകര്യങ്ങളുള്ളിടത്ത്, അംഗികാരവും ആദരവും ലഭിക്കുന്നിടത്ത് ജീവിച്ചു മണ്ണടിയണം എന്നാണ് വിളി ലഭിച്ചു എന്നു പറയുന്നവർ പോലും തമ്പുരാനോടു വ്യവസ്ഥകൾ വച്ചു പറയുന്നതു്. നാം എപ്പോൾ വേണമെങ്കിലും വികലാംഗരാകാം. ആത്മീയമായോ ശാരിരികമായോ. അതൊരു നന്മ ചെയ്തിട്ടാണെങ്കിൽ നമ്മെ പ്രതി അഭിമാനിക്കാൻ നാം ഉപേക്ഷിച്ചു പോന്നവർക്കു പോലും സാധിക്കും. മറിച്ചാണെങ്കിൽ തമ്പുരാനു പോലും നമ്മെ സുഖപ്പെടുത്താനോ രക്ഷിക്കാനോ ആകില്ല.
അർപ്പിക്കപ്പെട്ടവർ പോലും ഈശോയാണ് നമ്മുടെ സമ്പത്ത് എന്നു പറയുമ്പോളും സാമ്പത്തിക സുരക്ഷിതത്വവും സ്റ്റാറ്റസ് സുരക്ഷിതത്വവും ആണ് പലരുടേയും മുൻഗണനകൾ. നാം സുവിശേഷം പറഞ്ഞില്ലെങ്കിലും അതു പറയാൻ തയ്യാറായി വരുന്ന അത്മായരുടെ എണ്ണം ഒത്തിരി കൂടുന്നു.
നേരായ സുവിശേഷവത്ക്കരണത്തിനു മാർഗ്ഗങ്ങളുള്ളപ്പോൾ എന്തിനു പരോക്ഷമായ പ്രഘോഷണത്തിനു പോയി അലസരാകണം?
സമരിയക്കാരിയേപ്പോലെ ഒരനുഭവം പങ്കു വയ്ക്കുവാൻ പറ്റാത്ത വിധം ശൂന്യരാണോ നാം? അതിനായി അല്പസമയം ഭാഷ പഠിക്കുവാനും ഗ്രാമങ്ങളിലേക്കിറങ്ങി ചെല്ലാനും സാധിക്കുന്നില്ലെങ്കിൽ എങ്ങിനെ നാം ഈശോയുടെ അപ്പസ്തോലരാകും?
“പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.” (ലൂക്കാ 24 : 47)
പുതിയ ഗ്രാമങ്ങളിൽ സുവിശേഷം പ്രഘോഷിക്കാൻ ഉത്തമ മാർഗ്ഗം ശ്ലീഹന്മാർ ചെയ്തതു തന്നെയാണ്. പോയി അവരോടൊപ്പം താമസിക്കുക, സായാഹ്ന സംഭാഷണങ്ങളിൽ വ്യാപരിക്കുക. അവർക്കു നാം അന്യരല്ല മറിച്ച് സ്വന്തമാണെന്നു തോന്നിത്തുടങ്ങിയാൽ പിന്നെ നാം പറയുന്നതു കേൾക്കാൻ അവർ ഉത്സുകരായിരിക്കും. മഡഗാസ്ക്കറിലെ ജനജീവിതം പലവിധ ആചാരനുഷ്ഠാനങ്ങൾക്കും വിലക്കുകൾക്കും വിധേയമാണ്. മുതിർന്നവർ അതൊക്കെ ഉപേക്ഷിച്ച് പെട്ടെന്നു പുതിയൊരു മാർഗ്ഗത്തിലേക്കു തിരിക്കുവാൻ വൈമനസ്യമുള്ളവരുമാണ്. അതുകൊണ്ടു് ഇവിടെ അപരിചിത ഗ്രാമങ്ങളിൽ സന്ദർശനത്തിനു പോകുമ്പോൾ കുട്ടികളോടാണ് നാം ആദ്യം അടുക്കുന്നത്. അങ്കലിസാത്തുവിനു ചുറ്റുമുള്ള ഗ്രാമങ്ങളെല്ലാം തന്നെ നമ്മെ അറിയാത്തവരായിരുന്നു.
അങ്കിലിസാത്തുവിലെ സ്നേഹിതരെ കൂട്ടി ആദ്യം Filanjara – യിലും പിന്നെ Mavogisa, Malaikirafy, Ampandrabe, Migodo, Andranotafika തുടങ്ങി ഒത്തിരി ഗ്രാമങ്ങൾ നാം സന്ദർശിച്ചു തുടങ്ങി. കുട്ടികൾക്കു ഇടക്കു മിഠായി കൊടുത്തും പാട്ടുകൾ പാടിയും പാടിപ്പിച്ചും അവരുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി. അതു കണ്ട് മാതാപിതാക്കൾ താനെ നമ്മിലേക്കടുത്തു. പിന്നെ പള്ളി, ചെറിയ ചെറിയ സ്കൂളുകൾ തുടങ്ങാൻ കാരണവന്മാർ തന്നെ നമ്മോടാവശ്യപ്പെട്ടു വരുവാൻ ദൈവം അനുഗ്രഹിച്ചു. അന്ന് ഭാഷ നന്നായി അറിഞ്ഞില്ലെങ്കിലും അങ്കിലിസാത്തുവിലെ താത്പര്യമുള്ള വിശ്വാസികളെ കൂട്ടി “അപ്പസ്തോലന്മാരുടെ ഒരു കൂട്ടായ്മ” ഉണ്ടാക്കി.
അതിൽ പാവങ്ങളും വികലാംഗരും ഉണ്ടായിരുന്നു. അവരുമായാണ് ഞങ്ങൾ ഗ്രാമങ്ങൾ സന്ദർശിച്ചിരുന്നത്. അന്നത്തെ അവിഭജിത അങ്കിലിസാത്തു പഞ്ചായത്തിലെ 70 ഗ്രാമങ്ങളിലും പോകണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലും ദുർഘടമായ ദൂരത്താലും വഴികളാലും ഇതു മുഴുവനാക്കാൻ സാധിച്ചില്ല. എങ്കിലും ഇരുപതോളം ഗ്രാമങ്ങളിൽ പ്രാർത്ഥനാ കൂട്ടായ്മകൾ ഉണ്ടാക്കി. ചിലയിടത്തു പള്ളികളും ഉണ്ടാക്കി. നമ്മുടെ വ്യക്തിപരമായ ആഗ്രഹ സഫലീകരണത്തിനായി നാം മുഴുകുമ്പോൾ ഈശോയുടെ ആഗ്രഹങ്ങൾ നമ്മിൽ നടക്കാതെ പോകുന്നുണ്ടു്.
ബെത്താലത്താലയിലും ഈ പഴയ കുറുക്കുവഴികൾ തന്നെയാണ് പുതിയൊരു ഗ്രാമത്തിൽ കടന്നു ചെല്ലുമ്പോൾ ആദ്യം ഞങ്ങൾ ചെയ്യുന്നത്. അപരിചതത്തിൻ്റെ മതിലുകൾ പെട്ടെന്നു പൊളിച്ചെറിയുവാൻ കുഞ്ഞുങ്ങളുടെ ചങ്ങാത്തം നമുക്കു വലിയൊരു ആയുധമാണ്. ഇതിനായി നാം ഇറങ്ങി ത്തിരിക്കണം, നമ്മെ വിട്ടുകൊടുക്കണം.
ബെത്താലത്താല പള്ളിയിൽ ആദ്യം നമുക്കു ലഭിച്ചത് 14 വിശ്വാസ സമൂഹങ്ങളാണ്. ഓരോ ഗ്രാമ പള്ളിക്കാരോടും ഞങ്ങളാവശ്യപ്പെട്ടത് പുതിയൊരു ഗ്രാമപള്ളിക്കു ജന്മം നൽകാനാണ്. ഒരു ദത്തെടുക്കൽ. അതിനു ഫലം കണ്ടു. മൂന്നു വർഷത്തിനുള്ളിൽ പുതിയ എട്ടു ഗ്രാമങ്ങളിൽ ഞങ്ങൾക്കു വിശ്വാസ സമൂഹത്തെ ഈശോക്കായി സമർപ്പിക്കാൻ അനുഗ്രഹം ലഭിച്ചു. ഇന്ന് പല അത്മായരും നമ്മളെക്കാൾ വലിയ വിളി ലഭിച്ചവരാണ്.
ഇതിനിടയിൽ ഇഛാഭംഗങ്ങളും വിഷമങ്ങളുമൊക്കെ കുരിശിൻ്റെ വഴിയിലെ വീഴ്ചകളിയാ നാം കണ്ടാൽ മതി. ഈശോക്കായി ജീവിതം ഉഴിഞ്ഞുവക്കുവാൻ നാം തയ്യാറാണെങ്കിൽ ഒരിടയനുവേണ്ട അത്യാവശം കഴിവുകൾ സ്വന്തമാക്കുവാൻ നാം പരിശ്രമിക്കണം. എന്നെക്കൊണ്ടു് ഇതൊന്നും പറ്റില്ല എന്നു പറഞ്ഞു മറ്റു കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുമ്പോൾ നമ്മെ വിളിച്ച ഈശോയെ നാം ഇളിഭ്യനാക്കുന്നു. മനസ്സുണ്ടെങ്കിൽ ഭാഷ, ഭക്ഷണം, വഴികൾ, വീഴ്ചകൾ, ഒന്നും നമുക്കു തടസ്സമാകില്ല. മഡഗാസ്ക്കറിലെ സാഹചര്യത്തിൽ ഈശോയുടെ പുറകെ പോകാൻ തയ്യാറാണോ? എങ്കിൽ വല നിറയെ ഫലങ്ങളുമായി തിരിച്ചു വരാം.
“ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.” (മത്തായി 28 : 19)